ADVERTISEMENT

സംഗീതം എന്ന മൂന്നക്ഷരത്തിന്റെ മാന്ത്രികത അനുഭവിക്കാത്ത മനുഷ്യരില്ല. ജീവലോകവുമായി അത്രത്തോളം ഇഴചേര്‍ന്നു കിടക്കുന്നതാണ് അത്. ഭൂമിയുടെ ഓരോ ചലനത്തിലും താളമുണ്ട്. സംഗീതമുണ്ട്. നമ്മുടെ ജീവനും ജീവിതവുമായി അത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്ന സംഗീതത്തിനായി മാറ്റി വച്ചിരിക്കുന്ന ദിവസമാണ് ജൂണ്‍ 21. ഈ ദിവസത്തില്‍ ആര്‍ക്കും എവിടെയും ആടിപ്പാടാം. സങ്കോചങ്ങളില്ലാതെ മനസു തുറന്നു പാടാന്‍ ഒരു ദിവസം. ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വീടുകളില്‍ അടച്ചിരുന്നപ്പോള്‍ പലര്‍ക്കും കൂട്ടായത് സംഗീതമായിരുന്നു. അകലങ്ങളിലിരുന്ന് പാട്ടു പാടി കോവിഡ് ഭീതിയെ അതിജീവിക്കാന്‍ ലോകജനത നടത്തിയ ശ്രമങ്ങള്‍ക്ക് കാലം സാക്ഷി. അതിനാല്‍, ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷത്തെ സംഗീതദിനം കടന്നു പോകുന്നത്. 

 

ഒരല്‍പം ചരിത്രം

 

1976ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കൊഹന്‍ മുന്നോട്ടു വച്ച ആശയമായിരുന്നു ഇത്. എന്നാല്‍, ഈ ആശയം നടപ്പായത് ഫ്രാന്‍സിലാണ്. അതും ആറു വര്‍ഷങ്ങള്‍ക്കു ശേഷം. ഫ്രഞ്ചു റേഡിയോ സ്റ്റേഷനിലായിരുന്നു ജോയല്‍ കൊഹന്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്നത്തെ ഫ്രഞ്ച് സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്, ജോയല്‍ കൊഹന്റെ ആശയത്തിന് രാജ്യത്ത് വലിയ പ്രചാരം നല്‍കി. 1982 മുതല്‍ ഫെതെ ദ ല മ്യൂസിക് എന്ന പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഒരു പരിപാടിയായി അതു മാറുകയായിരുന്നു. ഇന്ന് ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ വിവിധ രൂപത്തിലും ഭാവത്തിലും ഈ ദിനം ആചരിക്കുന്നു. 

 

സംഗീതസാന്ദ്രമായ ലോക്ഡൗണ്‍ ദിനങ്ങള്‍

 

കൂടിച്ചേരലുകളും ചേര്‍ത്തുപിടിക്കലുകളും കോവിഡ് പ്രോട്ടോകോളിനു വഴി മാറിയ കാലത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഈ ദിവസങ്ങളില്‍ ജാതിമതഭേദമന്യേ, വര്‍ണഭാഷാ വ്യത്യാസമില്ലാതെ ലോകം ഒപ്പം കൂട്ടിയത് സംഗീതത്തെയായിരുന്നു. ഒരു ഫോണും ഇന്റര്‍‍നെറ്റ് കണക്ഷനും ഉള്ളവര്‍ അറിയാവുന്ന പാട്ടുകള്‍ അറിയാവുന്ന രീതിയില്‍ പാടി പങ്കുവച്ചപ്പോള്‍ അതു കണ്ടും കേട്ടും ചുറ്റുമുള്ളവര്‍ ആശ്വസിച്ചു. ഈ കാലവും കടന്നു പോകുമെന്ന പ്രതീക്ഷയില്‍ അവര്‍ പങ്കുവച്ച സംഗീതമെല്ലാം അതിജീവനത്തിന് കരുത്തായി. ഏകാന്തതയില്‍ പ്രതീക്ഷയായി. മറ്റൊരു തരത്തില്‍, കോവിഡ് ഈ ലോകത്തെ തന്നെ സംഗീതസാന്ദ്രമാക്കുകയായിരുന്നു. 

 

സംഗീതം ജീവിതമായവരുടെ ലോക്ഡൗണ്‍

 

മഹാമാരി കൊണ്ടുവന്ന ഉത്കണ്ഠകള്‍‍ ഒഴിവാക്കാന്‍ ലോകം സംഗീതത്തെ ആശ്രയിച്ചപ്പോള്‍ അതു തന്നെ ഉപജീവനമാര്‍ഗം ആക്കിയവര്‍ക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്. അവര്‍ക്ക്  ഈ ലോക്ഡൗണ്‍ കാലം അത്രയും ലളിതമായിരുന്നില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സംഗീതപരിപാടികള്‍ നിരവധി സംഭവിച്ചെങ്കിലും അതിലൂടെ പലര്‍ക്കും കാര്യമായ വരുമാനം ലഭിച്ചില്ല. സഹൃദയരുടെ സമയോചിതമായ ഇടപെടലിലൂടെ ജീവിതം പിടിച്ചു നിറുത്തിയവര്‍ നിരവധി പേരുണ്ട്. സാമൂഹിക അകലവും മറ്റു നിയന്ത്രണങ്ങളും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മാറ്റങ്ങളുടെ ഈ കാലം കലാകാരന്മാര്‍ക്ക് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളികളാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക സംഗീത ദിനം കടന്നു വരുന്നത്. ഒന്നുറപ്പാണ്... ലോകമെത്ര മാറിയാലും സംഗീതമില്ലാത്തൊരു കാലം ഒരിക്കലും ഉണ്ടാകില്ല. ആ ഉറപ്പിലാണ് ഓരോ കലാകാരന്റെയും പ്രതീക്ഷ കൊരുത്തിരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com