‘ജാനകിയമ്മ മരിച്ചിട്ടില്ല, ഇത് എന്ത് അസംബന്ധം’?; രോഷത്തോടെ എസ്പിബി
Mail This Article
തെന്നിന്ത്യൻ പൂങ്കുയിൽ എസ്.ജാനകി മരിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളും ചർച്ചകളുമായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പലരും ഗായികയ്ക്കു പ്രണാമം അർപ്പിച്ചു ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുകപോലും ചെയ്തു. ഇപ്പോഴിതാ വ്യാജ പ്രചാരണങ്ങൾക്കെതിരെ രോഷത്തോടെ പ്രതികരിച്ചിരിക്കുകയാണ് ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം.
എസ്.ജാനകിയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ച് ഇരുപതിലേറെ ഫോൺ കോളുകളാണു തനിക്കു ലഭിച്ചതെന്നും ഇത് എന്ത് അസംബന്ധമാണെന്നും ഗായകൻ രോഷത്തോടെ ചോദിച്ചു. സമൂഹമാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു. രോഷത്തോടെയും സങ്കടത്തോടെയുമാണ് എസ്.പി.ബാലസുബ്രഹ്മണ്യം സംസാരിച്ചത്.
എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വാക്കുകൾ:
‘ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്നു ചോദിച്ചുകൊണ്ട് ഇന്നു രാവിലെ മുതൽ ഇരുപതിലേറെ ഫോൺ കോളുകളാണ് എനിക്കു ലഭിച്ചത്. ജാനകിയമ്മ മരിച്ചു എന്ന രീതിയിൽ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാൻ അമ്മയെ വിളിച്ചു സംസാരിച്ചു. അവർ ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയുമിരിക്കുന്നു. എന്തുകൊണ്ടാണ് ചില ആളുകൾ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത്? ദയവായി സമൂഹമാധ്യമങ്ങൾ നല്ല കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കൂ. ഇത്തരം വ്യാജവാർത്തകൾ അവരെ സ്നേഹിക്കുന്നവർക്കും ബഹുമാനിക്കുന്നവർക്കും സഹിക്കാനാവില്ല. ഇതു പ്രചരിപ്പിച്ചവരോട് ഇത്തരം പ്രവണതകൾ ഒഴിവാക്കൂ എന്നു ഞാൻ അഭ്യർഥിക്കുകയാണ്’.
എസ്.ജാനകി മരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് അതിവേഗമാണ് രാജ്യമെങ്ങും പ്രചരിച്ചത്. അതു സത്യമാണെന്നു വിശ്വസിച്ച് നിരവധി പേർ സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കി എസ്പിബി ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചത്. കെ.എസ്. ചിത്രയും അദ്ദേഹത്തിന്റെ വിഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്.