ADVERTISEMENT

ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ചു മനസു തുറന്ന് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളിയും അഭിനേതാവുമായ ഒർലാൻഡോ ബ്ലൂമുമായുള്ള ബന്ധത്തിലുണ്ടായ വിള്ളൽ കരിയറിനെയും വ്യക്തി ജീവിതത്തെയും വളരെ മോശമായി ബാധിച്ചുവെന്ന് ഗായിക വെളിപ്പെടുത്തി. 2017–ലാണ് ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർച്ചയുടെ വക്കിലെത്തിയത്. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും മോശം കാലഘട്ടമായിരുന്നു അതെന്ന് കാറ്റി പെറി പറഞ്ഞു.

 

ഗായിക 2017–ൽ പുറത്തിറക്കിയ ‘വിറ്റ്നെസ്’ എന്ന ആൽബം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതോടെ മാനസികമായി തകർന്ന അവർ വിഷാദ രോഗത്തിന് അടിമയായി. ആ കാലത്തു തന്നെയാണ് ഒർലാൻണ്ടോ ബ്ലൂമുമായുള്ള ബന്ധം വഷളായത്. ഇതോടെ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു എന്ന് കാറ്റി പെറി പറയുന്നു. 

 

‘2017 ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു. എന്റെ കരിയറിലുണ്ടായ പരാജയങ്ങൾ പുറമേ നിന്നുള്ളവരുടെ കാഴ്ചപ്പാടിൽ ഗുരുതരമായി തോന്നണമെന്നില്ല. എന്നാൽ എന്നെ സംബന്ധിച്ച് അത് വളരെ വലിയ ആഘാതമായിരുന്നു. കരിയറിലുണ്ടായ പരാജയത്തിനു പുറമേ കാമുകനുമായുള്ള ബന്ധം വഷളായി. എല്ലാത്തരത്തിലും ഞാൻ അന്ന് തകർന്നു. എന്നാൽ ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. കാരണം ബുദ്ധിമുട്ടേറിയ കാലഘട്ടം ഞാൻ പിന്നിട്ടിരിക്കുന്നു.

 

ജീവിതത്തിൽ തകർച്ചയും പരീക്ഷണങ്ങളും ഉണ്ടായത് ഗുണകരമായി ഭവിച്ചു എന്ന് എനിക്കു തോന്നുന്നു. കാരണം, ആ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ് ജീവിതത്തെക്കുറിച്ച് ഗൗരവമായി ഞാൻ ചിന്തിച്ചു തുടങ്ങിയത്. അത്തരത്തിലൊരു അനുഭവം ഇല്ലായിരുന്നെങ്കിൽ ആത്മദാഹം അടങ്ങാത്ത ഒരു പോപ് താരമായി ഞാൻ ജീവിക്കേണ്ടി വരുമായിരുന്നു’.– കാറ്റി പെറി പറഞ്ഞു.

 

ഒർലാണ്ടോ ബ്ലൂമുമായി 2017–ല്‍ വേർപിരിഞ്ഞുവെങ്കിലും 2019–ൽ ഇരുവരും വീണ്ടും ഒരുമിച്ചു. ഇരുവരും ഇപ്പോൾ ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്. ഈ അടുത്ത കാലത്താണ് കാറ്റി അമ്മയാകാൻ തയ്യാറെടുക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ഗർഭം ധരിച്ചതിനെതധരിച്ചതിനെത്തുടര്‍ന്ന് ‘നെവർ വോൺ വൈറ്റ്’ എന്ന സംഗീത ആൽബം ഗായിക ഉപേക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com