ADVERTISEMENT

പൊന്നോമനയ്ക്ക് പിറന്നാൾ ഉമ്മകൾ നൽകി ഗായിക ജ്യോത്സ്ന. ശിവം എന്നാണ് ഗായികയുടെ മകന്റെ പേര്. അഞ്ചുവർഷം മുൻപ് ആശുപത്രിയിൽ വച്ച് കുഞ്ഞിനെ കൈ നീട്ടി വാങ്ങിയപ്പോൾ മുതലുള്ള ജീവിതയാത്രയെക്കുറിച്ച് വിവരിച്ച് ജ്യോത്സ്ന പങ്കുവച്ച സുന്ദരമായ കുറിപ്പ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കുഞ്ഞിന്റെ കുറുമ്പും കുസൃതിയുമെല്ലാം എണ്ണിപ്പറഞ്ഞ് അമ്മയെന്ന നിലയിൽ താൻ എത്ര സന്തോഷവതിയാണെന്ന് വാക്കുകളിലൂടെ വരച്ചു കാണിക്കുകയാണ് ജ്യോത്സ്ന. 

 

ജ്യോത്സ്നയുടെ സമൂഹമാധ്യമ കുറിപ്പ്:

 

'അഞ്ചു വർഷം മുമ്പ് തൂവാലയിൽ പൊതിഞ്ഞ് ആശുപത്രിയിൽ വച്ച്  ഈ കുരുന്ന് എന്റെ കൈകളിലെത്തിയപ്പോൾ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. വയറു നിറയുമ്പോൾ പല്ലില്ലാത്ത മോണ കാണിച്ച് ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി. അമ്മയ്ക്ക് എന്റെയൊപ്പം സ്കൂളിൽ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുള്ള നോട്ടവും വാത്സല്യപൂർണമായ തലോടലുകളും. എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സിൽ തോന്നിയ പുതിയ സംശയവും ചോദ്യവുമായി അമ്മാ അമ്മാ എന്നു വിളിക്കുന്നത്. അങ്ങനെ തുടരുന്നു അനുഭവങ്ങൾ. 

 

ഒരുപാട് യുഗങ്ങൾ പിന്നിട്ടതു പോലെ തോന്നുന്നു. ഉപാധികളൊന്നുമില്ലാത്ത സ്നേഹം. അങ്ങനെ ഒന്നുണ്ട്. നമ്മുടെ കുഞ്ഞിൽ നിന്നും അതാണു നമുക്ക് ലഭിക്കുന്നത്. ഇക്കാലം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞതാണത്. കൗമാരപ്രായത്തിൽ മകന് അമ്മ പഴഞ്ചനാകും വരെയാണത്. നിന്റെ ജന്മദിനത്തിൽ എനിക്കു നിന്നോടു ഒന്നേ പറയാനുള്ളു. നീ വളരണം. വളർന്ന് സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിയാകണം. അതാണ് ഈ ലോകത്തിനു വേണ്ടത്. അച്ഛനും അമ്മയും നിന്റെ കൂടെത്തന്നെയുണ്ട്...' 

 

ശിവം തൈ നടുന്നതിന്റെയും അതിനെ പരിപാലിക്കുന്നതിന്റെയും ക്യൂട്ട് ചിത്രങ്ങളും ഗായിക പങ്കുവച്ചിട്ടുണ്ട്. അവൻ നട്ട പേരമര തൈയും അവനും ഒരുമിച്ചു വളരട്ടെ എന്നും കുറിച്ച ഗായിക കുറിച്ചു. പിറന്നാളിനു വീട്ടിലുണ്ടാക്കിയ കേക്കിന്റെ ചിത്രവും ജ്യോത്സ്ന പോസ്റ്റു ചെയ്തു. ജ്യോത്സ്നയുടെ പോസ്റ്റിനു പിന്നാലെ നിരവധി പേർ കുഞ്ഞിനു പിറന്നാൾ ആശംസകൾ നേർന്നു. സമൂഹമാധ്യമ കുറിപ്പിലെ ഗായികയുടെ സുന്ദരവും ലളിതവുമായ പദപ്രയോഗങ്ങൾ അമ്മമനം കവരുന്നു എന്നു ആരാധകർ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com