'ആത്മാവിൽ അലിയുന്ന ശബ്ദം'; കാത്തിരിപ്പിന്റെ നോവു പടർത്തി അപർണയുടെ കവർ
Mail This Article
നിത്യ സുന്ദര ഗാനത്തിനു കവർ പതിപ്പൊരുക്കി ഒ.എൻ.വി കുറുപ്പിന്റെ കൊച്ചുമകളും പിന്നണി ഗായികയുമായ അപർണ രാജീവ്. മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ‘കാത്തിരിപ്പൂ കൺമണീ...’ എന്ന ഗാനത്തിനാണ് അപർണയുടെ കവർ.
പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയിരിക്കുകയാണ്. യാഥാർഥ ഗാനത്തിന്റെ തനിമ നിലനിർത്തിയാണ് അപർണയുടെ ആലാപനം. അപർണയുടെ ശബ്ദം ആത്മാവിൽ അലിയുന്നുവെന്നാണ് പ്രേക്ഷകപക്ഷം. പാട്ടിന്റെ ദൃശ്യാവിഷ്കാരവും ഏറെ മികവു പുലർത്തി എന്ന് ആസ്വാദകർ അഭിപ്രായപ്പെട്ടു. അനീഷ് ചന്ദ്രൻ ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. ആൽബി നടരാജ് എഡിറ്റിങ്ങും സിദ്ധാർഥ പ്രദീപ് പ്രോഗ്രാമിങ്ങും നിർവഹിച്ചു.
കമലിന്റെ സംവിധാനത്തിൽ 1997–ൽ പുറത്തിറങ്ങിയ ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന ചിത്രത്തിലെ ഗാനമാണിത്. വിദ്യാസാഗറിന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികൾ. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഈ ഗാനത്തിന് ആസ്വാദകർ ഏറെയാണ്.