ടിക് ടോക്കിൽ ഹിറ്റാവുന്ന പാട്ടു വേണമെന്ന് ശിവകാർത്തികേയൻ; അത് നിരോധിച്ചെന്ന് അനിരുദ്ധ്; ഒടുവിലുണ്ടായ പാട്ട് ഇങ്ങനെ
Mail This Article
ശിവകാർത്തികേയൻ നായകനായെത്തുന്ന ‘ഡോക്ടർ’ എന്ന ചിത്രത്തിലെ ആദ്യം ഗാനം റിലീസ് ചെയ്തു. ‘ചെല്ലമ്മ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ പാട്ട് ട്രെന്‍ഡിങ്ങിൽ ഇടം നേടി.
ശിവകാർത്തികേയൻ തന്നെയാണ് പാട്ടിനു വരികളൊരുക്കിയത്. അനിരുദ്ധ് രവിചന്ദറും ജോനിതാ ഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചത്. സംഗീതസംവിധാനം നിർവഹിച്ചതും അനിരുദ്ധ് തന്നെ. രാജ്യത്ത് ടിക് ടോക്ക് നിരോധിച്ചതിനെ അടിസ്ഥാനമാക്കിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.
ശിവകാർത്തികേയനും അനിരുദ്ധും ചിത്രത്തിന്റെ സംവിധായകൻ നെൽസന്‍ ദിലീപ്കുമാറും തമ്മിലുള്ള രസകരമായ പാട്ട് ചർച്ചയോടെയാണ് ഗാനം ആരംഭിക്കുന്നത്. ഏതു തരത്തിലുള്ള പാട്ട് വേണമെന്നു ചോദിക്കുന്ന അനിരുദ്ധിനോട് പാട്ട് ഹിറ്റാകണം എന്നു മാത്രമാണ് ശിവകാർത്തികേയൻ പറയുന്നത്. ടിക് ടോക്കിലും ഹിറ്റാകണം എന്നു പറഞ്ഞ താരത്തോട് ടിക് ടോക് നിരോധിച്ച കാര്യം അനിരുദ്ധ് പറയുന്നു. എങ്കിൽ ആ വിഷയത്തെ അടിസ്ഥാനപ്പെടുത്തി പാട്ടൊരുക്കാമെന്ന് ഇരുവരും തീരുമാനിക്കുന്നതോടെയാണ് പാട്ടിന്റെ ആരംഭം.
റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി ആസ്വാദകരെ നേടിയ ഈ ആഘോഷപ്പാട്ടിന് മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആക്‌ഷൻ കോമഡി ചിത്രമായ ഡോക്ടറിന്റെ തിരക്കഥ രചിച്ചതും നെൽസൻ ദിലീപ്കുമാർ ആണ്.
English Summary: Doctor Movie Song Chellamma Lyrical Video