കാവാലം ചുണ്ടന് സ്നേഹപൂർവം; പാട്ടൊരുക്കി കുട്ടനാട്ടിലെ ആരാധകർ
Mail This Article
കുട്ടനാട്ടിൽ നിന്നും കാവാലം ചുണ്ടൻ വള്ളത്തെക്കുറിച്ച് പുറത്തിറക്കിയ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. മനോരമ മ്യൂസിക് ആണ് ‘കാവാലം ചുണ്ടൻ’ എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തത്. ജി.ഹരികൃഷ്ണൻ വരികളൊരുക്കിയ പാട്ടിന് ഗംഗൻ കരിവെള്ളൂർ സംഗീതം നൽകി. രവി നാരായണനും ശോഭ പ്രേം മേനോനും ചേർന്നാണ് ഗാനം ആലപിച്ചത്. അയ്മനം സാജൻ സംഗീത വിഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. ആശയവും സാജന്റേതു തന്നെ.
1940-ൽ കാവാലം തൊമ്മച്ചൻ കൊച്ചുപുരയ്ക്കൽ കൈനകരി അറയ്ക്കൽ കുടുംബത്തിൽ നിന്ന് ഏറ്റെടുത്ത കാവാലം ചുണ്ടൻവള്ളം, 1954-ൽ നെഹ്‌റു സമ്മാനിച്ച വെള്ളികപ്പ് ആദ്യമായി നേടി. തുടർന്ന് നാലു വർഷം ആ നേട്ടം ആവർത്തിച്ചു. ഇന്ദിരാഗാന്ധി ട്രോഫി, രാജപ്രമുഖൻ ട്രോഫി, രാജീവ് ഗാന്ധി ട്രോഫി എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയെങ്കിലും കാവാലം ചുണ്ടൻ ഇപ്പോൾ ക്ഷയിച്ച അവസ്ഥയിലാണ്. വീണ്ടും കാവാലം പുത്തൻ ചുണ്ടൻ നെഹ്‌റു ട്രോഫി നേടുക എന്നത് കുട്ടനാട്ടുകാരുടെ മുഴുവൻ സ്വപ്നമാണ്. ഈ ആശയമാണ് ‘കാവാലം ചുണ്ടൻ’ എന്ന ആൽബത്തിലൂടെ അവതരിപ്പിച്ചത്.
കുട്ടനാടൻ സൗന്ദര്യം അടയാളപ്പെടുത്തിയ ‘കാവാലം ചുണ്ടൻ’ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വ്യത്യസ്തമായ അവതരണവും താളം മുറിയാതെയുള്ള ആലാപനവും പാട്ടിനെ ഏറെ മികച്ചതാക്കി എന്നാണ് പ്രേക്ഷകപക്ഷം. കാവാലം ചുണ്ടന്റെ അമരക്കാരനായിരുന്ന കാവാലം പത്രോസ്, നടി സാവന്തിക, സുമേഷ് തച്ചനാടൻ, സുനിൽ കാഞ്ഞിരപ്പള്ളി, രവി നാരായണൻ, റിയ, ജെയിംസ് കിടങ്ങറ, ആത്മിക് ബി.നായർ, ബാലാജി പറവൂർ, പ്രകാശ് ചെങ്ങന്നൂർ, ജയകൃഷ്ണൻ ആറന്മുള തുടങ്ങിയവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സന്ദീപ് മാറാടി, ബിനോജ് മാറാടി എന്നിവർ ചേർന്ന് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.
English Summary: "Kavalam Chundan" music video