'എടാ എനിക്ക് ആ മുഖത്തിടുന്ന തുണി നാലു കളറിൽ വേണം'; അമ്മയുടെ രസികൻ ആഗ്രഹം പങ്കുവച്ച് ജി വേണുഗോപാൽ
Mail This Article
കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി ജി.വേണുഗോപാൽ. അച്ഛനും അമ്മയ്ക്കും സഹോദരി രാധികയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് ഗായകൻ പോസ്റ്റു ചെയ്തത്. വേണുഗോപാലിന്റെ അമ്മയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അതിനോടനുബന്ധിച്ചാണ് ഗായകൻ കുടുംബ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സ്നേഹാർദ്രവും രസകരവുമായ അടിക്കുറിപ്പോടെയാണ് വേണുഗോപാലിന്റെ സമൂഹമാധ്യമ പോസ്റ്റ്.
‘കസേരയിൽ ഇരിക്കുന്ന സുന്ദരൻ ഇക്കഴിഞ്ഞ ജൂണിൽ 94 പിന്നിട്ടു. (ലോക്ഡൗൺ സമയത്ത് ബാർബർ പണിയേറ്റെടുത്ത അനിയത്തിയുടെ കൈപ്പിഴയിൽ ഉണ്ടായ മുടി നഷ്ടം മാത്രം) കസേരയിലെ സുന്ദരി 88ലേക്ക് കടന്നു. ഒരൽപ്പം ഓർമ്മപ്പിശകുണ്ട്. കേൾവി ശക്തിക്കും കാൽമുട്ടുകൾക്കും തേയ്മാനം. ഇപ്പോഴും പാടും. ഇന്നെന്നോട് വീണ്ടുമോർമ്മിപ്പിച്ചു... "എടാ എനിക്ക് ആ മുഖത്തിടുന്ന തുണി ഒരു 4 കളറിൽ വേണം." (മാസ്ക്) വലിയ പൊട്ടും നിറമുള്ള വസ്ത്രങ്ങളും എന്നും പ്രിയങ്കരം’.– കുടുംബ ചിത്രത്തിനൊപ്പം വേണുഗോപാൽ കുറിച്ചു.
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വേണുഗോപാലിന്റെ അമ്മയ്ക്ക് നിരവധി പേർ ജന്മദിനാശംസകൾ നേർന്നു. അനിയത്തി അച്ഛന്റെ മുടി വെട്ടി എന്നുള്ള വേണുഗോപാലിന്റെ സരസമായ പരാമർശം മുൻനിർത്തി രസകരമായ കമന്റുകളും ചിത്രത്തിനു ലഭിക്കുന്നുണ്ട്.
English Summary: G Venugopal shares family photo