റഫി വഴക്കിട്ടത് ലതാ മങ്കേഷ്ക്കറിനോടു മാത്രം; ആറു വർഷം നീണ്ട പിണക്കത്തിനു പിന്നിൽ
Mail This Article
1960ലെ ഒരു പ്രഭാതം. മുംബൈ ബാന്ദ്രയിലെ റഫിയുടെ വസതിക്കു മുന്നിൽ പശ്‌ചാത്താപ വിവശനായി ഒരു നിർമാതാവ് നിൽക്കുന്നു. കയ്യിൽ ഒരുപിടി പൂക്കളും ഒരു വലിയ സമ്മാനപ്പൊതിയും. വാതിൽത്തുറന്നു പതിവു പുഞ്ചിരിയോടെ റഫി വന്നു. ‘അങ്ങയുടെ പാട്ടാണ് എന്റെ പടം രക്ഷിച്ചത്. അല്ലെങ്കിൽ അതു പൊളിഞ്ഞുപാളീസായേനേ. ആ ഗാനം ചിത്രത്തിൽ ചേർക്കേണ്ടെന്ന് ആദ്യം പറഞ്ഞതിനു ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു. എന്റെ അവിവേകം പൊറുക്കുകകയും സന്തോഷത്തിനു വേണ്ടി ഈ സമ്മാനം സ്വീകരിക്കുകയും ചെയ്യണം’. പൂക്കൾ മാത്രം സ്വീകരിച്ചുകൊണ്ടു റഫി പറഞ്ഞു.‘എനിക്ക് ഈ പൂക്കൾ മാത്രം മതി. ആ പാട്ട് ഹൃദയത്തിൽ ഏറ്റുവാങ്ങിയതിലൂടെ ജനങ്ങൾ എനിക്കു സമ്മാനം തന്നുകഴിഞ്ഞു. താങ്കൾ സന്തോഷമായി ആ സമ്മാനവുമായി മടങ്ങിപ്പോവുക.’
സൂപ്പർ ഹിറ്റായ ‘കോഹിനൂർ’ എന്ന സിനിമയുടെ നിർമാതാവാണ് ഗേറ്റ് കടന്നു സന്തോഷത്തോടെ മടങ്ങിപ്പോയത്. റഫിയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ ‘മധുബൻ മേ രാധിക...’ എന്ന ഗാനത്തെപ്പറ്റിയാണ് ആ നിർമാതാവ് പറഞ്ഞത്. ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടെന്നായിരുന്നു നിർമാതാക്കളായ റിപ്പബ്ലിക് ഫിലിംസ് കോർപറേഷന്റെ നിലപാട്. ‘ക്ലാസിക്കൽ ടച്ച്’ കൂടിപ്പോയെന്നായിരുന്നു നിർമാതാക്കളുടെ കണ്ടെത്തൽ. പക്ഷേ, പടം ഇറങ്ങും മുമ്പേ കോഹിനൂറിന്റെ റെക്കോർഡുകൾ ഇറങ്ങുകയും ‘മധുബൻ മേ രാധിക...’ സൂപ്പർ ഹിറ്റാവുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ നിർമാതാക്കൾക്കു മനസ്സ് മാറ്റേണ്ടിവന്നു. പടം പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഈ ഗാനരംഗം കാണാൻവേണ്ടി മാത്രം ജനം ആവർത്തിച്ചു തിയറ്ററിൽ കയറി. ഈ ഗാനരംഗം കഴിയുമ്പോൾ ആളുകൾ ഇറങ്ങിപ്പോവുന്ന സ്‌ഥിതി വരെ ഉണ്ടായി. ചുരുക്കത്തിൽ ചിത്രത്തിന്റെ ഗംഭീര വിജയത്തിനു റഫിയുടെ ഈ ഗാനം കാരണമായി.
അപമാന തുല്യമായ രീതിയിൽ തന്നോടു പെരുമാറിയ ഒരു നിർമാതാവിനോടുള്ള റഫിയുടെ സൗമ്യമായ പ്രതികരണം ശ്രദ്ധിച്ചില്ലേ... അതേ, അത്ര പുഷ്പ തുല്യമായ മനസ്സായിരുന്നു റഫിയുടേത്. ഇന്ത്യൻ സിനിമാ ഗാനരംഗത്തെ ചക്രവർത്തിയായിരുന്ന കാലത്തും അദ്ദേഹം ലാളിത്യവും വിനയവും സഹജീവികളോടുള്ള കരുണയും സൂക്ഷിച്ചു. മരിക്കുന്നതിനു തൊട്ടുമുമ്പു പോലും 88,000 രൂപ പാവങ്ങൾക്കു നൽകിയിട്ടാണ് അദ്ദേഹം കടന്നുപോയത്.
അടുത്ത വീട്ടിലെ ഒരു ദരിദ്ര വിധവയ്ക്ക് റഫി എല്ലാ മാസവും മണി ഓർഡർ അയയ്ക്കുമായിരുന്നു. ആരാണു പണം അയയ്ക്കുന്നതെന്ന് ആ സ്ത്രീക്ക് അറിയില്ലായിരുന്നു. റഫിയുടെ മരണത്തോടെ ഈ പണം വരവ് നിലച്ചപ്പോൾ ഈ സ്ത്രീ പോസ്റ്റ് ഓഫിസിലെത്തി അന്വേഷിച്ചു. അപ്പോഴാണ് റഫിയാണ് ഇക്കാലമത്രയും പണം അയച്ചിരുന്നത് എന്നകാര്യം അറിയുന്നത്. റഫിയുടെ പാട്ടിനോട് ഇഷ്‌ടമുള്ളവരും ഇല്ലാത്തവരും ബോളിവുഡിൽ ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്വഭാവ നൈർമല്യത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു.
ചിരിക്കാത്ത മുഖം വേണം
റഫിയുടെ ദുഃഖ ഗാനങ്ങളെല്ലാം ചേർത്ത് ഒരു ആൽബം ഇറക്കാൻ എച്ച് എം വി തീരുമാനിക്കുന്നു. ഗാനങ്ങളെല്ലാം ശേഖരിച്ച് ആൽബം തയാറാക്കി. ഇനി ആൽബത്തിനു പുറത്ത് റഫിയുടെ ഒരു ചിത്രം ചേർക്കണം. ദു:ഖ ഗാനങ്ങൾ ആയതുകൊണ്ട് റഫിയുടെ വിഷാദം സ്‌ഫുരിക്കുന്ന ഒരു ചിത്രത്തിനായി എച്ച് എം വി അന്വേഷണം തുടങ്ങി. ഗായകന്റെ ആയിരക്കണക്കിനു ഫോട്ടോകളുടെ ശേഖരമുള്ള എച്ച് എം വിയുടെ ലൈബ്രറിയിൽനിന്ന് അനുയോജ്യമായ ഒരു ചിത്രവും ലഭിച്ചില്ല. ചിരിക്കുന്നതല്ലാത്ത ഒരു ചിത്രവും റഫിയുടേതായി അവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ചിരിക്കുന്ന ചിത്രം വച്ചുതന്നെയാണ് ആ ആൽബം പുറത്തുവന്നത്. റഫിക്കു ദുഃഖങ്ങൾ ഇല്ലാതിരുന്നിട്ടല്ല; അതാർക്കും അദ്ദേഹം പകർന്നുകൊടുത്തില്ല. എന്നും എല്ലാവർക്കും പുഞ്ചിരി മാത്രം നൽകി.
ഒരേയൊരു പിണക്കം
എല്ലാവരോടും സ്‌നേഹത്തോടെ മാത്രം പെരുമാറിയ റഫി ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടോ? ഉണ്ട്, ഒരിക്കൽ മാത്രം. അതു ലതാ മങ്കേഷ്‌കറോട് ആയിരുന്നു. എത്രയോ ഹിറ്റ് യുഗ്മഗാനങ്ങൾ സമ്മാനിച്ച ആ ജോഡി പിരിഞ്ഞതു പാട്ടിന്റെ റോയൽറ്റിയെ ചൊല്ലിയായിരുന്നു. റോയൽറ്റി തർക്കത്തിൽ രണ്ടു പേരും രണ്ടു പക്ഷത്തായി. പാട്ടിന്റെ റോയൽറ്റി പാട്ടുകാർക്കും കിട്ടണമെന്നു ലത വാദിച്ചു. പക്ഷേ, ഒരിക്കൽ പ്രതിഫലം വാങ്ങിയാൽ പിന്നീടു പണം ചോദിക്കുന്നതു ശരിയല്ലെന്നായിരുന്നു റഫിയുടെ മതം. പിണക്കം ആറു വർഷം നീണ്ടുനിന്നു. അക്കാലം ഒരു പാട്ടുപോലും അവർ ഒന്നിച്ചു പാടിയില്ല. ഹിന്ദി സിനിമയുടെ ദരിദ്ര കാലഘട്ടം. പിന്നീടു മുംബൈയിൽ നടന്ന ഒരു എസ്‌ഡി ബർമൻ മ്യൂസിക്കൽ നൈറ്റിൽ സംഘാടകരുടെ നിർബന്ധം മൂലം ഒരു യുഗ്മഗാനം പാടിയാണ് ആ പിണക്കം അവസാനിച്ചത്. പിന്നീട് ഒട്ടേറെ ഹിറ്റുകൾ ഇരുവരും ചേർന്നു സൃഷ്‌ടിച്ചു.
റഫിയുടെ പാട്ടിനോട് ഇഷ്‌ടമുള്ളവരും ഇല്ലാത്തവരും ബോളിവുഡിൽ ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സ്വഭാവ നൈർമല്യത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്‌ക്കളങ്കതയായിരുന്നു ആ പുഞ്ചിരിക്ക്. അതുകൊണ്ടാണ് റഫി മരിച്ചപ്പോൾ ലതാ മങ്കേഷ്‌കർ ഇങ്ങനെ പറഞ്ഞത്. ‘നമുക്കു ചുറ്റും ഇരുട്ട് പടർന്നിരിക്കുന്നു, പൂർണചന്ദ്രനാണ് അസ്‌തമിച്ചത്.
English Summary: musical life of legend Mohammed Rafi