‘അടുത്ത തവണ ആരും അറിയാത്ത ഗായികയുടെ ശബ്ദം എടുക്കുന്നതാ നല്ലത്’; കോപ്പിയടി കയ്യോടെ പിടികൂടി കൈലാസ് മേനോൻ
Mail This Article
പാട്ടിന്റെ കോപ്പിയടി ആരോപണവുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. പിന്നണി ഗായികയായ ആവണി മല്‍ഹാറിന്റെ ശബ്ദം ഒരു യുവതി കോപ്പിയടിച്ചുവെന്നാണ് കൈലാസ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. സഹോദരി പാടിയ പാട്ടാണ് എന്ന പേരിൽ ഒരാൾ കൈലാസിന് അയച്ചു കൊടുത്തത് ആവണിയുടെ ശബ്ദം മിക്സ് ചെയ്ത വിഡിയോ ആണ് യഥാർഥ പാട്ടും അയച്ചു കിട്ടിയ പാട്ടും കൈലാസ് മേനോൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിഡിയോ അയച്ച യുവാവും കൈലാസ് മേനോനും തമ്മിലുണ്ടായ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പോസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലെ പാട്ട് ചലഞ്ച് കണ്ട് സഹോദരി വെറുതെ പാടിനോക്കിയതാണെന്നും കൈലാസ് മേനോന്റെ അഭിപ്രായം അറിയാൻ വേണ്ടിയാണ് വിഡിയോ അയച്ചതെന്നും യുവാവ് ചാറ്റിൽ പറയുന്നു. എന്നാൽ അത് പിന്നണി ഗായിക ആവണിയുടെ ശബ്ദമാണെന്ന് കൈലാസ് പറയുമ്പോൾ യുവാവ് അതിനെ നിഷേധിക്കുന്നു.
ആവണി പാടിയ യഥാർഥ പാട്ടിന്റെ വിഡിയോ അദ്ദേഹം യുവാവിന് അയച്ചു കൊടുത്തു. പിന്നീട് ആവണി മൽഹാർ എന്ന ഗായികയെയും അവരുടെ പാട്ടുകളെയും കൈലാസ് മേനോൻ യുവാവിനു പരിചയപ്പെടുത്തിക്കൊടുത്തു. സഹോദരി ഇനിയും ഇത്തരം വിഡിയോകൾ ചെയ്യുന്നുണ്ടെങ്കിൽ ആരും അറിയാത്ത ഗായികയുടെ പാട്ട് തിരഞ്ഞെടുക്കണമെന്നും കൈലാസ് പരോക്ഷമായി വിമർശിച്ചു.
‘ഇതൊരു പുതിയ തരം പ്രതിഭാസമാണ്..ഒരേ ശബ്ദമുള്ള, ഒരേ ഭാവത്തോടു കൂടി, ഒരു വ്യത്യാസവുമില്ലാതെ പാടുന്ന ഈ പ്രക്രിയയെ മെഡിക്കല്‍ സയന്‍സില്‍ ‘വോയിസ് ക്ലോണിംഗ്’ എന്ന് പറയും. ഇത്തരം ശബ്ദമുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചിലപ്പോള്‍ അവരുടേതല്ലാത്ത കാരണത്താല്‍ പൊതുസമൂഹത്തിന് മുമ്പില്‍ അപഹാസ്യരാവാന്‍ സാധ്യതയുള്ളതിനാല്‍, അത്ര അറിയപ്പെടാത്ത പാട്ടുകാരുടെ ശബ്ദമാണ് നിങ്ങള്‍ക്കെങ്കില്‍ മാത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി’– കൈലാസ് മേനോൻ കുറിച്ചു.
കൈലാസിന്റെ പോസ്റ്റ് ഷെയർ ചെയ്ത് ആവണി മൽഹാറും പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ‘അങ്ങനെ എന്റെ പാട്ടും മോഷ്ടിക്കപ്പെട്ടിരിക്കുകയാണ് സൂര്‍ത്തുക്കളെ.. കൈലാസ് മേനോന്‍ ഏട്ടന് അറിയാവുന്നതു കൊണ്ട്..ഇല്ലെങ്കിലോ’ എന്നാണ് ആവണി കുറിച്ചത്. ഇപ്പോൾ കോപ്പിയടി വാദം വലിയ ചർച്ചയായിരിക്കുകയാണ്. ഇത്തരം വിഡിയോ പ്രചാരണങ്ങളിലൂടെ മറ്റുള്ളവരെ കബളിപ്പിക്കുന്ന സമീപനത്തെ നിരവധി പേർ വിമർശിച്ചു. സത്യം വെളിപ്പെടുത്തിയ കൈലാസ് മേനോനെ പലരും പ്രശംസിക്കുകയും ചെയ്തു. മനോരമ ഓൺലൈനിനു വേണ്ടി സോൾ കവർ സീരീസിൽ ആവണി മൽഹാർ പാടിയിട്ടുണ്ട്. ‘രാവിൻ നിലാക്കായൽ’ എന്ന ഗാനമാണ് ആവണി പാടിയത്.