കേൾക്കാനും ചിന്തിക്കാനുമുള്ള പാട്ട്; കരുത്തുള്ള പാട്ടുമായി ഗായിക പുഷ്പാവതി
Mail This Article
നവോത്ഥാന നായകനായിരുന്ന പൊയ്കയിൽ അപ്പച്ചന്റെ വരികൾ ഈണമിട്ടുപാടി ഗായിക പുഷ്പാവതി പൊയ്പ്പാടത്ത്. ജാതിവ്യവസ്ഥയെ വിമർശിച്ചുകൊണ്ട് പൊയ്കയിൽ അപ്പച്ചൻ എഴുതിയ വരികൾക്ക് കാലത്തിനനുസരിച്ചുള്ള സംഗീതം നൽകി പുഷ്പാവതി പാടിയപ്പോൾ പാട്ടും വരികളും സമൂഹമാധ്യമത്തിൽ ചർച്ചയായി.
പൊയ്കയിൽ അപ്പച്ചനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചെറുകുറിപ്പോടെയാണ് ഗായിക വിഡിയോ പങ്കുവച്ചത്. "പൊയ്കയിൽ അപ്പച്ചൻ എന്ന കേരള നവോഥാന നായകന്റെ തീക്ഷ്ണമായ സമരങ്ങളും കലാപങ്ങളും തിരസ്കാരങ്ങളും നിറഞ്ഞ ജീവിതത്തിൽ അദ്ദേഹം കുറിച്ചിട്ട വരികൾ ജാതി വ്യവസ്ഥകൊണ്ട് സങ്കീർണ്ണമായ സാമൂഹിക ഘടനക്കു നേരെ നിരന്തരം വെല്ലുവിളി ഉയർത്തിയ അദ്ദേഹം ചരിത്രത്തിലേക്ക് നടന്നു കയറി.. അദ്ദേഹത്തിനായി ഒരു ദിനം നമ്മുടെയൊക്കെ കലണ്ടറിൽ എന്നാണ് അടയാളപ്പെടുത്തുക?" പുഷ്പാവതി കുറിച്ചു.
"പുലയനൊരു പള്ളി
പറയനൊരു പള്ളി
മീൻപിടുത്തക്കാരൻ മരയ്ക്കാനൊരു പള്ളി
പള്ളിയോടു പള്ളി നിരന്നിങ്ങു വന്നിട്ടും
വ്യത്യാസം മാറി ഞാൻ കാണുന്നില്ല"
കേരളം ആഘോഷിക്കാതെ പോയ പൊയ്കയിൽ അപ്പച്ചന്റെ വരികൾ പുഷ്പാവതിയുടെ സംഗീതത്തിൽ ആസ്വാദകഹൃദയങ്ങളിലേക്ക് ശക്തമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. 'നെഞ്ചിലേയ്ക്ക്... ആഴത്തിൽ പതിയുന്ന ആലാപനശൈലി' എന്നാണ് പുഷ്പാവതിയുടെ ഗാനത്തിന് ആരാധകന്റെ കമന്റ്. സമൂഹമാധ്യമത്തിൽ നിരവധി പേർ പുഷ്പാവതിയുടെ പാട്ട് പങ്കുവച്ചു.