ADVERTISEMENT

മലയാളത്തിന്റെ പ്രിയകലാകാരന്മാരാണ് ജോൺസൺ മാഷും ഔസേപ്പച്ചനും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവച്ചിരുന്ന കൂട്ടുകാർ. ഇപ്പോൾ ജോൺസൺ മാഷിന്റെ ഓർമദിനത്തിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഔസേപ്പച്ചൻ. റെക്കോർഡിങ് ടെക്നോളജികൾ‌ മാറി വന്ന കാലത്തും സ്വന്തം സംഗീതശൈലിയിൽ തന്നെ ഉറച്ചു നിന്ന് പാട്ടുകളൊരുക്കിയ വിനീതനായ കലാകാരനായിരുന്നു ജോൺസൺ എന്ന് ഔസേപ്പച്ചൻ ഓർത്തെടുക്കുന്നു. 

 

‘എന്റെ പ്രിയ സുഹൃത്തായിരുന്നു ജോൺസൺ. എത്ര വർഷം പിന്നിട്ടാലും ജോൺസന്റെ പാട്ടുകൾക്കു മരണമില്ല. എന്നു മാത്രമല്ല, അത് കേൾക്കുന്തോറും കൂടുതൽ സുഖാനുഭൂതി പകരുകയും ചെയ്യും. അത്രയ്ക്കും മനോഹരങ്ങളും അതുല്യങ്ങളുമായ പാട്ടുകളാണ് ജോണ്‍സൺ സമുക്ക് സമ്മാനിച്ചത്. 

 

ഞങ്ങൾ തമ്മിൽ അടുത്ത ബന്ധമായിരുന്നു. ചെന്നൈയിലായിരുന്നപ്പോൾ റെക്കോർഡിങ് ഇല്ലാത്ത ദിവസങ്ങളിൽ തമ്മിൽ കാണുക ‍പതിവായിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങൾ തമ്മിൽ പങ്കുവയ്ക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ ജോൺസനോടു ചോദിച്ചു. ഇപ്പോൾ റെക്കോർഡിങ് ടെക്നോളജിയും ശൈലികളുമൊക്കെ മാറിയല്ലോ. എന്തുകൊണ്ടാണ് അത്തരമൊരു ശൈലി ശ്രമിച്ചു നോക്കാത്തതെന്ന്. അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞു. എനിക്ക് മനസ്സിന്റെ ഉള്ളിൽ ഒരു സംഗീതമുണ്ട്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു സംഗീതം. അതുവച്ച് ചെയ്യാൻ പറ്റുന്ന പാട്ടുകളൊരുക്കിയാൽ മതി. അല്ലാതെ മറ്റൊരു ശൈലി കടമെടുത്ത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എനിക്കത് ശരിയാകില്ല ഔസേപ്പച്ചാ എന്ന് വളരെ ആത്മാർഥമായി എന്നോടു പറഞ്ഞു. 

 

ജോൺസൺ വേണം എന്നു വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കാരണം അത്രയധികം കഴിവുള്ളയാളായിരുന്ന അദ്ദേഹം. അത് കണ്ട് ദേവരാജൻ മാസ്റ്റർ പോലും‌ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ഗാനമേളയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. അന്നു പക്ഷേ ഫ്ലൂട്ടിസ്റ്റ് വന്നില്ല. അപ്പോൾ ദേവരാജൻ മാഷ് ടെൻഷനിലായി. എന്നാല്‍ മാഷിനെയുൾപ്പെടെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ജോൺസൺ ഒരു ഫ്ലൂട്ട് എടുത്ത് വായിക്കാൻ തുടങ്ങി. എല്ലാ സംഗീതോപകരണങ്ങളും അദ്ദേഹത്തിനു വഴങ്ങുമായിരുന്നു. പുതിയ ടെക്നോളജികൾ കൈക്കുള്ളിലൊതുക്കാൻ യാതൊരു പ്രയാസവും ഇല്ലായിരുന്നു അദ്ദേഹത്തിന്. പക്ഷേ എന്നിട്ടും ആ പഴയ ശൈലിയിൽ തന്നെ ജോൺസൺ പാട്ടുകളൊരുക്കി.  

 

കാലം ഒരുപാട് കഴിഞ്ഞപ്പോഴും ജോൺസന്റെ പാട്ടുകൾ അങ്ങനെ തന്നെ നിലനിൽക്കുകയാണ്. പാട്ടുകൾ മാത്രമല്ല. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും അങ്ങനെ തന്നെയാണ്. ജോൺസന്റെ പശ്ചാത്തല സംഗീതം എപ്പോഴും സിനിമയുടെ ആത്മാവിനുള്ളിലേയ്ക്കു കയറിച്ചെല്ലുകയാണ്. ആ സംഗീതം കേൾക്കാൻ വേണ്ടി പലപ്പോഴും ഞാൻ സിനിമകൾ ആവർത്തിച്ചു കണ്ടിട്ടുണ്ട്. ഞാൻ ഈ ലോകം അവസാനിക്കുന്നിടത്തോളം ഉണ്ടെങ്കിൽ അത്രയും കാലം എന്റെ ജോൺസനോടുള്ള സ്നേഹം എനിക്കുണ്ടാകും. ആ മതിപ്പ് എന്നും ഉണ്ടാകും’.– ഔസേപ്പച്ചൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com