‘ദൈവത്തിനു മനസാക്ഷിയുണ്ട്, അപ്പാ തിരികെ വരും’; വിതുമ്പലോടെ എസ് പി ചരൺ
Mail This Article
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മകൻ എസ് പി ചരൺ. അദ്ദേഹം ഉടൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് താനും കുടുംബാംഗങ്ങളുമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഹ്രസ്വ വിഡിയോയിൽ ചരൺ പറഞ്ഞു. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ രോഗമുക്തിക്കു വേണ്ടി തമിഴ് സിനിമാ ലോകം ഇന്നലെ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചിരുന്നു. അച്ഛനു വേണ്ടിയുള്ള പ്രാർഥനകൾ പാഴാകില്ലെന്നും അത് തനിക്കും കുടുംബത്തിനും ആശ്വാസവും ധൈര്യവും പകരുന്നുവെന്നും ചരൺ പറഞ്ഞു.
‘അച്ഛന്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടായിട്ടില്ല. എങ്കിലും ഇപ്പോഴും ഞങ്ങൾ പ്രതീക്ഷയും വിശ്വാസവും നിലനിർത്തുകയാണ്. അച്ഛനും ഞങ്ങൾക്കും വേണ്ടിയുള്ള പ്രാർഥനകൾ പാഴാകില്ല എന്നെനിക്കുറപ്പുണ്ട്. അച്ഛന്‍ വേഗം സുഖം പ്രാപിക്കും. അദ്ദേഹത്തിന്റെ രോഗമുക്തിക്കു വേണ്ടി ലോകത്തിന്റെ വിവിധയിടങ്ങളിലിരുന്ന് പ്രാർഥനയിൽ പങ്കു ചേർന്നവർക്ക് ഹൃദ്യമായ നന്ദി അറിയിക്കുകയാണ്. ഈ സ്നേഹത്തിനും കരുതലിനും ഞാനും എന്റെ കുടുംബവും എന്നും നന്ദിയുള്ളവരായിരിക്കും.
യഥാർഥത്തിൽ നിങ്ങളുടെ സ്നേഹത്തിനു നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. ഈ പ്രാർഥനകൾ പാഴാകില്ല. ദൈവം കരുണയുള്ളവനാണ്. ദൈവത്തിനു മനസാക്ഷിയുണ്ട്. അവിടുന്ന് അച്ഛനെ തിരികെ തരും. അച്ഛനു വേണ്ടി പ്രാർഥിച്ച നിങ്ങൾക്കെല്ലാവർക്കും മുന്നിൽ നന്ദിയോടെ കുമ്പിടുകയാണ്. നിങ്ങളുടെ പ്രാർഥന ഞങ്ങൾക്ക് ഏറെ ആശ്വാസവും ധൈര്യവും നൽകുന്നു’.– ചരൺ പറഞ്ഞു.
ഇന്നലെ വൈകുന്നേരം ആറുമണിക്കായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിനു വേണ്ടിയുള്ള പ്രത്യേക പ്രാർഥന. ലോകമെമ്പാടുമുള്ള സ്നേഹിതരെ ക്ഷണിച്ച് സംവിധായകൻ ഭാരതിരാജ സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തിൽ ഇളയരാജ, രജനികാന്ത്, കമൽ ഹാസൻ, എ.ആർ.റഹ്മാൻ, വൈരമുത്തു തുടങ്ങി തമിഴ് സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. സംഗീതജ്ഞർ, അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ, തിയറ്റർ ഉടമകൾ, വിതരണക്കാർ തുടങ്ങി നിരവധി പേർ വിവിധയിടങ്ങളിൽ നിന്നും പ്രാർഥനയുടെ ഭാഗമായി.
ഈ മാസം അഞ്ചിനാണ് എസ് പി ബാലസുബ്രഹമണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചെറിയ തോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് പതിമൂന്നോടെ ഗായകന്റെ നില വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു.
English Summary: S P Balasubrahmanyam's son S P Charan says thanks to fans and well wishers for the prayers