ADVERTISEMENT

പുതിയ തലമുറയുടെ ഓണപ്പാട്ടായ തിരുവാവണി രാവിന്റെ ഗായകൻ ഉണ്ണിമേനോൻ ഓണക്കാലമായി തിരക്കിലാണ്.  കർണ്ണൻ നെപ്പോളിയൻ ഭഗത് സിങ് എന്ന പാട്ട് ഇന്നലെ റിലീസ് ചെയ്തതെ ഉള്ളൂ, അത് ഒരു ബിഗ് ഹിറ്റ് ആയിരിക്കും എന്നുള്ള ന്യൂസുകൾ കേൾക്കുന്നതിന്റെ സന്തോഷത്തിൽ ഉണ്ണിമേനോൻ മനോരമ ഓൺലൈൻ വായനക്കാർക്ക് ഓണാശംസകൾ നേരുന്നു.

‘കോവിഡിന്റെ ഭീതിയിൽ ഈ വർഷത്തെ ഓണം എല്ലാ കൊല്ലത്തെയും പോലെ ഗംഭീരമായി ആഘോഷിക്കാൻ കഴിയില്ല.  ഞാനും വൈഫും രണ്ടു ആണ്മക്കളും ഒരു മകന്റെ ഭാര്യയുമുണ്ട് വീട്ടിൽ,   എന്റെ 'അമ്മ ചെന്നൈയിൽ തന്നെ ഉണ്ട്, അതുകൊണ്ടു അമ്മയോടൊപ്പം ഒത്തുചേരാം എന്ന് കരുതുന്നു.’  

‘ചെന്നൈയിൽ കുറച്ചു ഫാമിലി മെംബേർസ് ഉണ്ട് എല്ലാവരും കൂടി അമ്മയുടെ അടുത്ത് ഒത്തു ചേരും.  ഞാൻ T-നഗറിലാണ്. മിക്കവാറും ഓണനാളിൽ ഗൾഫ് പ്രോഗ്രാമിലോക്കെ ആയിരിക്കും, പക്ഷേ കോവിഡ് കാരണം ഇത്തവണ വീട്ടിൽ തന്നെ ഉണ്ട്, അതുപോലെ തന്നെ ബന്ധുക്കളും, അത്കൊണ്ട് എല്ലാവരും കൂടി അമ്മയുടെ അടുത്തു ഒത്തുചേരാം എന്നാണു കരുതുന്നത്.    ഇവിടെ എല്ലാ ഹോസ്പിറ്റലും കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞു എന്നാണു കേൾക്കുന്നത്.  പക്ഷേ കോവിഡ്  വ്യാപിച്ചു തുടങ്ങിയപ്പോൾ ഉള്ള ഒരവസ്ഥ അല്ല ഇപ്പോൾ, എല്ലാവരും പുറത്തിറങ്ങി നടക്കുന്നുണ്ട്.’   

‘ഞാനും കുറച്ചു ദിവസമായി റെക്കോർഡിങിന്റെ തിരക്കിലായിരുന്നു.  പത്തിരുപതു പാട്ടുകൾ പെന്റിങ് ആയിരുന്നു അതൊക്കെ പാടി തീർക്കുന്ന തിരക്കിലായിരുന്നു.  ഇന്നലെ 'കർണ്ണൻ നെപ്പോളിയൻ ഭഗത് സിങ് എന്ന പാട്ട്'  റിലീസ് ചെയ്തു. അത് എല്ലാവരും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.  ഞാൻ തന്നെ കമ്പോസ് ചെയ്ത ഒരു ഗാനം ഇന്ന് വൈകിട്ട് എന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും.  അങ്ങനെ പോകുന്നു ഓണവിശേഷങ്ങൾ.  ഓണത്തിന്റെ ശരിയായ മൂഡ് കിട്ടണമെങ്കിൽ കേരളത്തിൽ വരണം.  കേരളത്തിലെ ഓണം ശരിക്കും മിസ് ചെയുന്നുണ്ട്.  എന്റെ തറവാട് ഗുരുവായൂരിലാണ്.  ചെറുപ്പകാലത്തെ ഓണമൊക്കെ ഗംഭീരമായിരുന്നു.  ശരിക്കും ഗൃഹാതുരത്വം തോന്നുന്നു.  തറവാട്ടിൽ ഒരു 75 ഓളം ആൾക്കാർ ഉണ്ടാകുമായിരുന്നു.’  

‘എന്റെ ഒരു അങ്കിൾ ഉണ്ടായിരുന്നു, ദേവസ്വം അഡ്വക്കേറ്റ് ആയിരുന്ന ദാമോദരമേനോൻ, ഞങ്ങളുടെയൊക്കെ ഐഡൽ ആയിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ഓണം ആഘോഷിച്ചിരുന്നത്.  എല്ലാവരും കൂടി പൂ പറിക്കാൻ പോകലും, പത്തായപ്പുരയിൽ നിന്നും നേന്ത്രക്കായ വറുത്തതും ഉപ്പേരിയുമൊക്കെ മോഷ്ടിച്ചു കഴിക്കൽ, അതൊക്കെ ഓർക്കുമ്പോൾ ശരിക്കും നഷ്ടബോധമാണ്.  ഇപ്പോൾ ഓണം ഒക്കെ ചാനലിലും സോഷ്യൽ മീഡിയയിലും അല്ലെ’.  

‘ഓണം തന്നെ ഒന്നാവണം എന്ന സന്ദേശം പകരുന്ന ഉത്സവമാണ്.  അപ്പോൾ കഴിയുന്നവരൊക്കെ ഒന്നിച്ചു ചേർന്ന് ആഘോഷിക്കുക.  കുടുംബത്തോടൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കുക, സ്നേഹം പങ്കുവയ്ക്കുക, ഇതൊക്കെയേ ഇന്നത്തെ കാലത്ത് ചെയ്യാൻ കഴിയൂ .  എല്ലാവരും കരുതലോടെയും സുരക്ഷിതമായും ഓണം ആഘോഷിക്കുക.  എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും എന്റെ ഓണാശംസകൾ.’–ഉണ്ണി മേനോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com