‘ഛോട്ടാ റഫി എന്ന പേരു വന്നത് ജോൺസൺ മാഷിലൂടെ’; വൈറൽ ഗായകൻ പറയുന്നു
Mail This Article
‘ഛോട്ടാറഫി’ എന്ന പേര് ഇപ്പോൾ സമൂഹമാധ്യമലോകത്ത് വളരെ സുപരിചിതമാണ്. സ്വതസിദ്ധമായ ആലാപനത്തിലൂടെ മഹീന്ദ്ര ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയെ പോലും ത്രില്ലടിപ്പിച്ച കോഴിക്കോട്ടുകാരനായ സൗരവ് കിഷന്‍ സംഗീതാസ്വാദകർക്കിടയിൽ അറിയപ്പെടുന്നത് ഈ പേരിലാണ്. എന്നാൽ ആ പേര് വന്നത് ജോൺസൺ മാഷിലൂടെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഇപ്പോൾ.
വർഷങ്ങൾക്കു മുൻപ് സൗരവ് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ അവിടെ വിധികർത്താവായി എത്തിയ ജോൺസൺ മാഷ് ആണ് സൗരവിനെ കണ്ട് കൊച്ചു റഫിയെപ്പോലെയുണ്ടെന്നു പറഞ്ഞത്. ആ പേര് പിന്നീട് സൗരവിന്റെ പരിചയക്കാർക്കിടയിൽ അതിവേഗം പ്രചരിച്ചു. ഇപ്പോൾ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കൂടി എത്തിയപ്പോള്‍ പേര് വീണ്ടും പ്രശസ്തമായി.
കഴിഞ്ഞ ദിവസമാണ് സൗരവിനെ പ്രോത്സാഹിപ്പിച്ച് ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. മുഹമ്മദ് റഫിയുടെ പ്രശസ്തമായ പാട്ട് ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം സൗരവ് കിഷനെ സമൂഹമാധ്യമത്തിൽ പരിചയപ്പെടുത്തിയത്. മറ്റൊരു മുഹമ്മദ് റഫിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാറായെന്നാണ് സൗരവിന്‍റെ പാട്ടുകേട്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്. അദ്ദേഹത്തിന്റെ പ്രശംസയെ വലിയ അനുഗ്രഹവും ഭാഗ്യവുമായാണ് സൗരവ് കാണുന്നത്.
മുഹമ്മദ് റഫി ഫൗണ്ടേഷനിലൂടെ വളർന്നുവന്ന ഗായകനാണ് സൗരവ് കിഷൻ. ചേവരമ്പലം കൃഷ്ണ നിവാസിൽ സുനിൽകുമാറിന്റെയും മിനിക റാണിയുടെയും മകനായ സൗരവ് മൂന്നു വയസ്സു മുതൽ സംഗീതം പഠിക്കുന്നുണ്ട്. ഇപ്പോൾ ചൈനയിലെ സിൻജിയാങ് സർവകലാശാലയിൽ എംബിബിഎസ് വിദ്യാർഥിയാണ്.