ഔദ്യോഗിക ബഹുമതികളോടെ എസ്പിബിയ്ക്കു വിട; അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വിജയ്യും
Mail This Article
ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യ യാത്ര. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫാംഹൗസിലായിരുന്നു അന്ത്യകർമങ്ങൾ. മകനും ഗായകനുമായ എസ് പി ചരൺ ചടങ്ങുകൾ നിർവഹിച്ചു.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും എസ്പിബിയുടെ ആരാധകരുമായ നിരവധി പേർ പ്രിയ ഗായകനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. പ്രമുഖരുൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു. ചലച്ചിത്ര താരം വിജയ് സംസ്കാര ചടങ്ങിൽ സംബന്ധിക്കാനെത്തി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചെത്തിയ അദ്ദേഹം ചരണിനെ കണ്ട് സംസാരിക്കുകയും എസ്പിബിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. എസ്പിബിയുടെ വലിയ ആരാധകൻ കൂടിയാണ് വിജയ്.
ഇന്നലെ ഉച്ചയ്ക്ക് 1:04നാണ് ആരാധകരെ കണ്ണീരണിയിച്ച് എസ്പിബി യാത്രയായത്. ഓഗസ്റ്റ് 5ന് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തുടർന്നുള്ള ദിവസങ്ങളിൽ വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയുമായിരുന്നു. ഈ മാസം ഏഴിന് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയ എസ് പി ബി, ആരോഗ്യം വീണ്ടെടുത്ത് മടങ്ങി വരവിന്റെ പാതയിലായിലായിരുന്നു. എന്നാൽ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച് ഇന്നലെ അദ്ദേഹം യാത്രയായി.