ദേവരാജൻ മാസ്റ്റർ - ദേവഗാനങ്ങളുടെ ഓർമയിൽ
Mail This Article
ഓർത്തു സൂക്ഷിക്കേണ്ടതായ ദിവസങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും. ഇന്നത്തെ ദിവസവും അത്തരത്തിൽ പ്രധാനമാണ്. ദേവരാജൻ മാസ്റ്ററുടെ ജന്മദിനം. ജീവിച്ചിരുന്നെങ്കിൽ മാസ്റ്ററിപ്പോൾ തൊണ്ണൂറ്റാറാം വയസിലേക്കു കടക്കുമായിരുന്നു. സത്യത്തിൽ ഇങ്ങനെ ചിന്തിക്കുന്നതുപോലും പാപം! അത്രയും ദീർഘായുസ്സോടെ ഓരോ മലയാളിയുടെയും ഓർമയിൽ അദ്ദേഹം ഈണം നൽകിയ ഗാനങ്ങൾ വാഴുന്നുണ്ട്. ഏതു ജീവിത സന്ദർഭത്തിനും പാകമാകും അവയുടെ ഭാവന. ഏതു വികാരത്തെയും തരളമാക്കും അവയുടെ ലാളന.
ദേവരാജൻ മാസ്റ്ററുമായി ഒരു ഹൃദയബന്ധം സ്ഥാപിച്ചെടുക്കാൻ സംഗീതസംവിധായകൻ എം. ജയചന്ദ്രനു ഗുരുനാഥനായ നെയ്യാറ്റിൻകര മോഹനചന്ദ്രൻ നിമിത്തമായി. അദ്ദേഹം എഴുതിയ ‘രാഗപരിചയം’ പ്രകാശിപ്പിക്കുവാൻ കേരള സർവകലാശാലയുടെ സംഗീത വിഭാഗത്തിൽ മാസ്റ്റർ വന്നെത്തി. സാക്ഷരതാ മിഷൻ എഡിറ്റർ എന്ന നിലയിൽ ഞാൻ കൊണ്ടുവന്നു എന്നും വേണമെങ്കിൽ മേനി പറയാം. ഹമീർ കല്യാണിയെയും കേദാറിനെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള സോദാഹരണപ്രഭാഷണം നാൽപതു മിനിറ്റിലേറെ നീണ്ടു. ഒടുവിൽ മൈക്കിലൂടെ ഒരു ചോദ്യവും, 'വാസുദേവനെവിടെ ?' വാതിലിനു സമീപത്തായി ഒതുങ്ങിക്കൂടി നിൽക്കുന്ന എന്നെ അദ്ദേഹം കണ്ടെടുത്തു. ഞാൻ കൈകൾ തൊഴുതുപിടിച്ചു. ഒരു വലിയ മോഹം സാധിച്ചുതന്ന കൃതാർഥതയിൽ.
'രാഗപരിചയം' പരമ്പര എഴുതിത്തുടങ്ങിയപ്പോഴേ മോഹനചന്ദ്രൻ സാർ പറഞ്ഞു പ്രകാശനം ചെയ്യാൻ ദേവരാജൻ മാസ്റ്ററെ വിളിക്കാം. എനിക്കു സംശയമുണ്ടായി, വരുമോ? കണിശക്കാരനാണ് ! കരമനയിലെ വീട്ടിൽ കയറിച്ചെന്നപ്പോൾ അദ്ദേഹം നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. സിംഹേന്ദ്രമധ്യമ രാഗത്തെപ്പറ്റിയുള്ള സംവാദം തുടങ്ങിയപ്പോഴേ മനസ്സിലായി അവർക്കിടയിലെ ഇഴയടുപ്പവും പരസ്പരബഹുമാനവും. അവരുടെ വർത്തമാനത്തിൽ കഴുത്തറ്റം മുങ്ങിക്കിടന്ന എന്നെയും മോഹനചന്ദ്രൻ സാർ സംഭാഷണത്തിൽ പങ്കാളിയാക്കി. കന്നടയിൽ ജഗന്നാഥദാസർ എഴുതിയ ഒരു സിംഹേന്ദ്രമധ്യമപദം ഉദ്ധരിച്ചുകൊണ്ട് ഞാൻ അക്കുറിയും അല്പത്തരം പ്രദർശിപ്പിച്ചു. അപ്പോൾ മാസ്റ്റർ എനിക്കു നേരേ ഒരു കൂർത്തനോട്ടം തൊടുത്തു- 'താൻ സംഗീതക്കാരനാണോ?' പേടികാരണം മിണ്ടിയില്ല. മറുപടി മോഹനചന്ദ്രൻ സാർ കൊടുത്തു. അതിത്തിരി കൂടിപ്പോയതുകൊണ്ടാകാം മാസ്റ്ററുടെ മുഖമൊന്നു തെളിഞ്ഞു.
മോഹനചന്ദ്രൻ സാറിനൊപ്പം രണ്ടുമൂന്നു തവണ വന്നുപോയിക്കഴിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്ററുമായുള്ള പരിചയബന്ധം ദൃഢപ്പെട്ടു. എന്നിട്ടും എപ്പോൾ കയറിച്ചെന്നാലും തുടക്കം ഇങ്ങനെയാകും, 'എന്താ വന്നകാര്യം?' തരംപോലെ എന്തെങ്കിലും പറയും. അതിന്മേൽ വിചാരണകൾ ഉണ്ടാകാറില്ല. ഒരിക്കലും മടക്കി വിട്ടിട്ടുമില്ല. പതിയേ പതിയേ എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ അനുഭവിച്ചു തുടങ്ങി. എങ്കിലും അതിരുകളെ സ്വയം നിശ്ചയിച്ചു വച്ചു. എന്നും മനോഭാവങ്ങൾ നോക്കിമാത്രം ചോദ്യങ്ങളിട്ടതിനാൽ ആഗ്രഹിച്ചതിലും അധികം ഉത്തരങ്ങൾ ലഭിച്ചു. മാസ്റ്റർ ഈണമിട്ട പല പ്രമുഖ പാട്ടുകളുടെയും പിറവിരഹസ്യങ്ങൾ ചോർത്താൻ സാധിച്ചു. എല്ലാം ഓർമയിൽ തടഞ്ഞുനിൽക്കുന്നില്ല എന്നു വന്നപ്പോൾ എഴുതിയെടുക്കാൻ തുനിഞ്ഞു. പക്ഷേ അദ്ദേഹം എതിർത്തു, 'നീ എന്റെ ജീവിതകഥ എഴുതാൻ പോകുവാണോ? വേണ്ട. അതു പുറകേ വന്നോളും, ബുദ്ധിമുട്ടണ്ട!' അതിൽപിന്നെ മാസ്റ്ററുമായുള്ള സംഭാഷണങ്ങൾ പരമാവധി വ്യക്‌തിപരമാകാൻ ഞാനും ജാഗ്രതവച്ചു.
ഒരുച്ചനേരം മറ്റെങ്ങോ പോകുന്നവഴി ദേവരാജൻ മാസ്റ്ററുടെ വീട്ടിലും ഒന്നു കയറി. അദ്ദേഹം കഞ്ഞി കുടിക്കുന്നു. ഞാൻ വെറുതേ കൂടെയിരുന്നു. 'ഇതീന്ന് കൊറച്ചങ്ങോട്ട് എടുക്ക്. വെളമ്പിത്തരാൻ ഇവിടാരുമില്ല.' അദ്ദേഹം കഞ്ഞിപ്പാത്രം മുന്നിലേക്കു തള്ളിവച്ചു. സംസാരത്തിലെ പതിവില്ലാത്ത മാർദവം എന്നെ സന്തോഷിപ്പിച്ചു. ഈ അവസരം മുതലാക്കുകതന്നെ. മനസ്സിൽ ഉറപ്പിച്ചു. തഞ്ചത്തിൽ വേണം, അല്ലെങ്കിൽ തട്ടുകേടുകിട്ടും. 'പെഴത്തര'മാകും. ഇങ്ങനെ ചിന്തിച്ചുകൊണ്ട് മാസ്റ്റർ തീരേ താല്പര്യപ്പെടാത്ത ഒരു വിഷയം എടുത്തിട്ടു. 'ഈ ഹിറ്റുകൾ ഉണ്ടാകുന്നതെങ്ങനെയാ മാഷേ?' അദ്ദേഹം പ്രതികരിച്ചില്ല. കഞ്ഞികുടി തുടർന്നു. ഒരു സംഭാഷണം തുടങ്ങാൻവേണ്ടി നടത്തിയ കരുനീക്കം മാസ്റ്ററിനു മനസിലായിക്കാണും. 'ഇനി മിണ്ടണ്ട' എന്നു ഞാനും തീരുമാനിച്ചു. മാസ്റ്റർ മുഖം കഴുകി കസേരയിൽ വന്നിരുന്നപ്പോൾ വിഷയം തിരിച്ചുവിടാൻ ഞാൻ വേറെന്തോ ചോദിച്ചു. എന്നിട്ടും അദ്ദേഹം അങ്ങോട്ടു വന്നു. 'പത്രക്കാരുടെ ഒരു പ്രയോഗമാ ഹിറ്റ്. എനിക്കത് കേൾക്കുന്നതേ വെറുപ്പാണ്. സംഗീതവുമായി ഇതിനു യാതൊരു ബന്ധവുമില്ല. സംഗീതത്തിൽ എവിടെയാണ് നല്ലതും ചീത്തയും. എല്ലാവരുടെയും കാര്യം എനിക്കറിഞ്ഞുകൂടാ. ഞാൻ ഉണ്ടാക്കുന്ന എല്ലാ പാട്ടുകളും എനിക്ക് നല്ലതാണ്. ചീത്തയാക്കാൻ ഞാൻ സമ്മതിക്കാറില്ല. പിന്നെ, ഒത്തിരി ആളുകൾ കേൾക്കുന്ന പാട്ടാണ് വിശേഷപ്പെട്ടതെന്ന് വിചാരിക്കുന്നവരുണ്ട്. ചെല പോഴന്മാർ. അതൊട്ടും ശരിയല്ല. ആളുകൾ കേൾക്കാതെ പോയാൽ അതെങ്ങനെ പാട്ടിന്റെ കുറ്റമാകും? ലിറിക്സ് എഴുതിയ കവിയുടെ കുറ്റമാകും? ഈണം കൊടുത്തയാളുടെ കുറ്റമാകും?' ഇങ്ങനെ ഒരു നീതിബോധം പൊതുവേ അവതരിപ്പിച്ചശേഷം അതു പരി ശോധിക്കാൻ എന്നോണം എനിക്കു പ്രിയമുള്ള ചില പാട്ടുകൾ പറയാൻ മാസ്റ്റർ ആവശ്യപ്പെട്ടു. 'പ്രവാചകന്മാരേ, കാറ്റടിച്ചു, നീലാംബരമേ, വെൺചന്ദ്രലേഖ, മാലിനി നദിയിൽ, തങ്കത്തളികയിൽ, ഇന്നെനിക്കു പൊട്ടുകുത്താൻ, നാദബ്രഹ്മത്തിൽ, മഴമുകിൽ ചിത്രവേല, നീയെവിടെ നിൻ നിഴലെവിടെ, പുലരികൾ സന്ധ്യകൾ' എന്നിങ്ങനെ മനസ്സിൽ പെട്ടെന്നു തെളിഞ്ഞ ചില ജനപ്രിയഗാനങ്ങൾ ഞാൻ പറഞ്ഞുകഴിഞ്ഞതേ ഒതുക്കിപ്പിടിച്ച ചിരിയോടെ അദ്ദേഹം ചോദിച്ചു-
ഈ പാട്ട് നീ കേട്ടിട്ടുണ്ടോ?
'മലയടിവാരങ്ങളേ
മലരണിക്കാടുകളേ
മറക്കുമോ നിങ്ങൾ
പാവമൊരീ മലവേടപ്പെണ്ണിനെ"
ഒരു വെളിവും കിട്ടാതെ കുഴഞ്ഞു വലഞ്ഞപ്പോൾ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ വരികൾ പാടിക്കേൾപ്പിച്ചു. പ്രായത്തിനു പരിക്കേൽപ്പിക്കാൻ കഴിയാത്ത സ്വരമാധുര്യം. സാക്ഷാൽ മദുരൈ മണി അയ്യരുടെ ചലച്ചിത്രബാണി. 'കെ.പി.എ.സി യുടെ ഒരു പഴയ നാടകമുണ്ട്, സഹസ്രയോഗം. അതിലെ പാട്ടാണ്.'
മാസ്റ്റർ സ്വയം ആസ്വദിച്ചതുപോലെ വരികൾ രണ്ടാമതൊന്നുകൂടി മൂളി. 'നമ്മുടെ കണിയാപുരമാ എഴുതിയത്.' കവിയുടെ പേര് കേട്ടമാത്രയിൽ പുന്നപ്ര- വയലാർ രക്തസാക്ഷി വാരാചരണത്തിൽ വാക്കുകളുടെ വെടിക്കെട്ടുകൾ തീർത്ത പ്രസംഗകൻ മനസിലൂടെ ഒന്നു മിന്നിപ്പൊലിഞ്ഞു.മാസ്റ്റർ തുടർന്നു.
'ഞാൻ ശ്രദ്ധയോടെ ചിട്ടപ്പെടുത്തിയ പാട്ടാണ്. വളരെ കുറച്ചുപേരേ കേട്ടിട്ടുള്ളൂ. എന്നു കരുതി ഇത് നല്ലതല്ലാതാകുമോ ?പത്താളുകൾ കൂടുതൽ കേട്ടാൽ പാടിയവന് പിന്നെയും അവസരം കിട്ടുമായിരിക്കും. പത്തു പുത്തൻ കൂടുതൽ കിട്ടുമായിരിക്കും. വലിയ കാറും കൊട്ടാരവുമൊക്കെ മേടിക്കാം. വെളിനാട്ടിലൊക്കെ പോയി താമസിക്കാം. ചുമ്മാ ഞെഗാളിക്കാം. അതൊക്കെ സംഗീതത്തിന് പുറത്തു നടക്കുന്ന കാര്യങ്ങളാ. കൊച്ചു ഗോവിന്ദനാശാന്റെ മകന് ഇതിൽ താല്പര്യമില്ല.' ഇങ്ങനെ പറയുമ്പോൾ മാസ്റ്ററുടെ മുഖമാകേ നിറഞ്ഞുനിന്ന പരിപൂർണചന്ദ്രനെ ഞാൻ അത്ഭുതത്തോടെ കണ്ടു.
ഈ സമയം വാതിലിൽ ആരോ വന്നു മുട്ടി. ഞാൻ ചെന്നുനോക്കി. ഒരു നാട്ടിൻപുറത്തുകാരൻ എന്നു തോന്നിപ്പിക്കുന്ന രൂപം. ഒരു നാൽപത്തഞ്ചു വയസുണ്ടാകും. മുഷിഞ്ഞ വേഷം. ചിതറിയ മുടി. വലതു കയ്യിൽ ഒരു വലിയ തുണിസഞ്ചി തൂക്കിപ്പിടിച്ചിട്ടുണ്ട്. അതിൽനിന്നും ഒരു ചെറിയ വാഴക്കുല ഒളിഞ്ഞുനോക്കുന്നു. 'ദേവരായൻ മാഷിനെ ഒന്നു കാണണം'. ഞാൻ അപരിചിതനെ ഉള്ളിലേക്കു വിളിച്ചു. മുന്നിൽ നിൽക്കുന്ന സന്ദർശകനെ മാസ്റ്റർ മൊത്തത്തിൽ ഒന്നു വീക്ഷിച്ചു.
'എവിടുന്നാ?'
അയാൾ ഒന്നും മിണ്ടിയില്ല.
'താനേതാ ?'
അയാൾ സഞ്ചിയിലെ കുല പുറത്തെടുത്തു മുന്നിൽ വച്ചു.
'ഇതെന്നാ, കാഴ്ചക്കൊല? ഞാനെന്താ രാജാവാണോ? എടുത്തു മാറ്റിക്കേ.'
മാസ്റ്റർ ദേഷ്യപ്പെട്ടു.
അയാൾ വിനയത്തോടെ ഒതുങ്ങി മാറിനിന്നു.
'മാഷേ, ഞാൻ പറവൂരുന്നാ.'
നാട്ടുകാരൻ എന്ന പരിഗണനയിലാകാം മാസ്റ്റർ അൽപം തണുത്തു. പക്ഷേ മുറുക്കം ഒട്ടും വിട്ടില്ല.
'എന്താ കാര്യം? വേഗം പറ.'
'ഒന്നു കാണാൻ വന്നതാ.'
'കണ്ടല്ലോ, ഇനി ഇതും എടുത്തോണ്ട് പൊക്കോ. ഇവിടാർക്കും വേണ്ട.'
മാസ്റ്റർ അയാളെ പറഞ്ഞുവിടാൻ തിടുക്കം കൂട്ടിയപ്പോൾ ഞാൻ വാഴക്കുലയിലേക്കു പാളി നോക്കി. നല്ല കണ്ണൻപഴം. തനിനാടനാണ്. അധികം പഴുത്തിട്ടില്ല. ഇരുന്നോളും, രണ്ടു മൂന്നു ദിവസം കഴിക്കാനുണ്ട്. ഇതെന്തിനാ തിരിച്ചു കൊടുക്കുന്നത് ? മാസ്റ്റർക്കു വേണ്ടെങ്കിൽ വേണ്ട. ആവശ്യമുള്ളവർ വേറെ ഉണ്ടല്ലോ! എന്റെ കൊതിയൂറും മനോഗതം മാസ്റ്റർ മനസിലാക്കി.
' നോക്കി ദീനം വരുത്തണ്ട. വേഗം കൊടുത്തു വിട്.'
അപ്പോഴേക്കും വന്നയാൾ ദേ, മാസ്റ്ററുടെ കാലിൽ പതിച്ചുകഴിഞ്ഞു.
മാസ്റ്റർക്കു ദേഷ്യം വർധിച്ചു. 'ഛെ,
എഴുന്നേക്ക്. അങ്ങോട്ട് മാറിക്കേ'.
ഞാൻ അയാളെ വേഗം പിടിച്ചുമാറ്റി കസേരയിൽ ഇരുത്തി. മാസ്റ്ററുടെ കണ്ണുകൾ അയാളുടെ പരിക്ഷീണത്തിലും പരിഭ്രമത്തിലും തട്ടിനീങ്ങി.
'തന്റെ പേരെന്താ?'
ശിവദാസൻ.'
'പറവൂരിൽ എവിടെയാ?'
അയാൾ ദേശപ്പേർ പറഞ്ഞു. വ്യക്തത വരുത്താൻ അടുത്തുള്ള ദേവീക്ഷേത്രവും ഉദ്ധരിച്ചു. മാസ്റ്റർ പിന്നെയും അയഞ്ഞു
'എന്തുവാ പണി ?'
'പൊറംപണിക്കെല്ലാം പോകും.'
'ഇങ്ങോട്ടായിട്ട് വന്നതാണോ?'
'ആണ്.'
'താൻ പാടുവോ?'
മാസ്റ്ററുടെ ഊഹം ശരിയായി.
' അങ്ങനെയില്ല, നാട്ടുമ്പൊറത്തൊക്കെ പാടും. മാഷടെ എല്ലാ പാട്ടും കേട്ടിട്ടുണ്ട്. എല്ലാം കാണാപ്പാഠമാ.' അയാൾ അഭിമാനം കൊണ്ടു.
ഇനി ഏതായാലും പഴക്കുല കൈവിട്ടുപോകില്ല എന്ന ഉറച്ച വിശ്വാസത്തോടെ ഞാനും വർത്തമാനത്തിൽ ചേർന്നു.
'ദേവരാജൻ മാസ്റ്ററുടെ ഏതൊക്കെ പാട്ടാ ഇഷ്ടം ?'
മാസ്റ്റർ എന്നോടു ചോദിച്ച ചോദ്യം ഞാൻ ഞാൻ ശിവദാസനിൽ പരീക്ഷിച്ചു. അയാൾ ഒന്നാലോചിച്ചു. പിന്നെ ഒറ്റശ്വാസത്തിൽ പത്തിരുപതു പാട്ടുകളുടെ ഒരു പട്ടിക നിരത്തി. ഞാൻ അമ്പരന്നുപോയി ! അവയിൽ ഒന്നോ രണ്ടോ ഒഴികെ മറ്റൊന്നും ഞാൻ കേട്ടിട്ടു പോലുമില്ല. പരീക്ഷണാത്ഥം മാസ്റ്റർ നിർദേശിച്ച ഒരു പാട്ടിന്റെ നാലുവരികൾ ശിവദാസൻ പാടിയതോടെ എന്റെ ഉള്ളിലെ ഗർവം പൊട്ടിത്തകർന്നു ചൂർണമായി. അപ്പോൾ ഒരു ഭാവവ്യത്യാസവുമില്ലാതെ കുലയിൽ വിരൽചൂണ്ടി മാസ്റ്റർ പറഞ്ഞു, 'ഒരെണ്ണം ഇങ്ങോട്ടെടുക്ക്. കഴിക്കാൻ പാടില്ലാത്തതാണ്. എന്നാലും കൊണ്ടുവന്നതല്ലേ?' ശിവദാസൻ എടുത്തുകൊടുത്ത കണ്ണൻപഴം മാസ്റ്റർ പകുതിമാത്രം കഴിച്ചു. രണ്ടു മൂന്നെണ്ണം ഞങ്ങളും കഴിച്ചു.
അങ്ങനെയങ്ങനെ കുറേ സമയം കടന്നുപോയി. ഇതിനിടെ, മാസ്റ്റർ ഈണമിട്ടതും എനിക്കു പരിചയമില്ലാത്തതുമായ ഏതാനും നാടകപ്പാട്ടുകളും ശിവദാസൻ ആവേശപൂർവം എണ്ണിപ്പറഞ്ഞു, പാടാൻ ധൈര്യമില്ലാതെ. മാസ്റ്റർ ഒരു ഭംഗിവാക്കുപോലും കൊടുത്തില്ലെങ്കിലും എനിക്കിതെല്ലാം മൊത്തത്തിൽ അൽഭുതമായി തോന്നി. ദേവരാജൻ മാസ്റ്ററെപ്പറ്റി ഞാൻ അതുവരെ കേട്ടതൊന്നുമല്ല അവിടെ കണ്ടത്! മറ്റാർക്കും കിട്ടാൻ ഇടയില്ലാത്ത അപൂർവ അനുഭവം. ഏതായാലും ഇനി വൈകണ്ട. ഇരുന്നാൽ മാസ്റ്റർക്കും ബുദ്ധിമുട്ടാകും. ഞാൻ പോകാൻ എഴുന്നേറ്റു, ശിവദാസനും.
ദേവരാജൻ മാസ്റ്റർ കണ്ണു കാണിച്ചപ്പോൾ ബാക്കിയായ കണ്ണൻകുല ഞാൻ കയ്യിലെടുത്തു പിടിച്ചു. ഞങ്ങൾ ഗയിറ്റു കടക്കുന്നത് മാസ്റ്റർ വാതിൽക്കൽ കണ്ടുനിന്നു. മുന്നോട്ടു നീങ്ങുന്നതിനിടെ മതിലിനു മുകളിലൂടെ ഞാൻ എത്തിയൊന്നു നോക്കി. പ്രതികരണമായി മാസ്റ്റർ ഒരു ഗൂഢമായ ചിരി ചിരിച്ചു. അതിനർഥം, അദ്ദേഹം നേരത്തേ സൂചിപ്പിച്ച പോഴൻമാരുടെ പട്ടികയിൽ ഒരു പുതിയ പേരുകൂടി ചേരുന്നു എന്നായിരുന്നോ?
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ പ്രൊഫസറുമാണ്.)