ഓരോ കേൾവിയിലും ഈ പാട്ടുകൾക്ക് രസം കൂടും, കേരളത്തിന്റെ നാട്ടുഭംഗി പോലെ
Mail This Article
ഒറ്റ വാക്കിൽ ഒതുക്കാൻ കഴിയാത്ത വിധം വിശാലമായി കിടക്കുകയാണ് കേരളത്തിന്റെ സൗന്ദര്യം. പല തലങ്ങളിലായി, പലയിടങ്ങളിലായി. വള്ളംകളിയും പുഞ്ചപ്പാടങ്ങളും കലാരൂപങ്ങളുമൊക്കെ കേരം തിങ്ങും നാടിന്റെ വശ്യത ഒന്നുകൂടി വർധിപ്പിക്കുന്നു. ആ മഹാസൗന്ദര്യത്തെ പലപ്പോഴായി പലരും വർണിക്കുകയുണ്ടായി. നാടിന്റെ ഭംഗിയെക്കുറിച്ച് വിവിധ ചലച്ചിത്രഗാനങ്ങളും എഴുതപ്പെട്ടു. അവ ഓരോന്നും കേൾക്കുമ്പോൾ മനസ്സിൽ ഉണരുന്ന ഗൃഹാതുരത്വം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇവിടെ ഗൃഹാതുരത്വം എന്നു പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. കാരണം ആ വരികളിലുള്ള പലതും ഇന്ന് ഓർമകളാണ്. യന്ത്രവത്കൃതലോകത്തിൽ പച്ചപ്പ് അന്യം നിന്നു പോയി. എങ്കിലും എവിടെയൊക്കെയോ ചില സൗന്ദര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അതിൽ മണ്ണിന്റെ മണമുള്ള ചില ഓർമകള്‍ നിഴലിക്കുന്നു. വിവിധ കാലങ്ങളിൽ വിവിധ കലാകാരൻമാർ വിവിധ തരത്തിൽ നാടിനെ വർണിച്ച് ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഒരിക്കലും നമുക്കു മാറ്റി നിർത്താൻ പറ്റാത്തവയുമുണ്ട്. ‘കേരനിരകളാടും’, ‘കുട്ടനാടൻ കായലിലെ’, ‘കേരളമാണെന്റെ നാട്’, ‘സഹ്യസാനു ശ്രുതി’, തുടങ്ങിയ അവയിൽ ചിലതാണ്. കേരളപ്പിറവി ദിനത്തിൽ ആ ഗാനങ്ങളിലേയ്ക്കൊന്നു തിരിച്ചു നടക്കാം.
‘സഹ്യസാനുശ്രുതി ചേർത്തുവച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണർത്തിടുന്നു
സ്വരസാന്ത്വനം....’
2001ൽ സംവിധായകൻ വിനയൻ ഒരുക്കിയ ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിലെ ‘സഹ്യസാനുശ്രുതി ചേർത്തു വച്ച’ എന്ന ഗാനം ഏതു മലയാളിക്കും സ്വന്തം നാടിനെക്കുറിച്ച് അഭിമാനിക്കാനുതകുന്നതാണ്. ചിത്രത്തിൽ ആകെ പന്ത്രണ്ട് ഗാനങ്ങളാണുള്ളത്. അവയെല്ലാം യൂസഫലി കേച്ചേരി–മോഹൻ സിത്താര കൂട്ടുകെട്ടിൽ പിറന്നതാണ്. അതിൽ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ.ജെ. യേശുദാസ് ആലപിച്ച ഗാനം ഇന്നും ഹിറ്റാണ്.
‘കേരനിരകളാടും ഒരു ഹരിത ചാരുതീരം...
പുഴയോരം കളമേളം കവിത പാടും തീരം...
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ...
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്...
നിറപൊലിയേകാമെൻ അരിയനേരിനായ്...
പുതുവിള നേരുന്നൊരിനിയ നാടിതാ...
പാടാം...കുട്ടനാടിന്നീണം....’
സിബി മലയില്‍ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ‘ജലോത്സവം’ എന്ന ചിത്രത്തിലെ ‘കേരനിരകളാടും’ എന്നു തുടങ്ങുന്ന ഗാനവും എടുത്തു പറയേണ്ട ഒന്നാണ്. ബി.ആർ. പ്രസാദ് രചിച്ച വരികൾക്ക് ഈണം പകർന്നത് അൽഫോൺസ് ജോസഫ്. പി.ജയചന്ദ്രൻ ആലപിച്ച ഗാനം ഇന്നും ഹിറ്റുകളിൽ മുൻനിരയിൽ തന്നെയുണ്ട്. വരികളിലും ആലാപനത്തിലും കേരളം മുഴുവനായും വർണിക്കപ്പെട്ടിരിക്കുന്നു. റിലീസ് ചെയ്ത് വർഷങ്ങള്‍ക്കിപ്പുറവും ഈ ഗാനത്തിന്റെ ആസ്വാദകരുടെ എണ്ണം കുറവല്ല.
‘കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍...
പഴംകഥ പറയെടി പുള്ളിക്കുയിലേ....’
ബ്ലെസ്സിയുടെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ ‘കാഴ്ച’ എന്ന ചിത്രത്തിലെ ‘കുട്ടനാടൻ കായിലിലെ’ എന്ന് തുടങ്ങുന്ന ഗാനവും നമ്മുടെ നാടിന്റെ ഭംഗിയെ വിവരിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച വരികൾക്ക് ഈണം പകർന്നത് മോഹൻ സിത്താര. കലാഭവൻ മണി, മധു ബാലകൃഷ്ണൻ എന്നിവരാണ് ആലപിച്ചത്.
‘കേരളമാണെന്റെ നാട്
കേരദ്രുമങ്ങൾ തൻ നാട്
കായലും കുന്നും പുഴകളുമൊന്നിച്ച്
ചാരുത ചാർത്തുന്ന നാട്....’
സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ഉൾട്ട’യിലെ ‘കേരളമാണെന്റെ നാട്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളിലും പ്രധാന ആകർഷണം കേരളം തന്നെ. കെ. കുഞ്ഞികൃഷ്ണൻ രചിച്ച വരികൾക്ക് ഈണം പകർന്നത് സുദർശൻ. വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇങ്ങനെ നീളുന്നു കേരം തിങ്ങും കേരള നാടിനെക്കുറിച്ചുള്ള ഗാനങ്ങൾ. ഈ സൗന്ദര്യത്തെ വർണിച്ചുകൊണ്ടുള്ള ഗാനങ്ങളുടെ പട്ടിക തയാറാക്കുക ശ്രമകരമാണ്. കാരണം നാടൻ പാട്ടുകളിലൂടെയും ആൽബങ്ങളിലൂടെയും ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട് നമ്മുടെ നാട്. കേരളത്തെക്കുറിച്ചും കേരളീയ സൗന്ദര്യത്തെക്കുറിച്ചും മലയാളി എപ്പോഴും വാചാലമാകാറുമുണ്ട്. ഈ നാട്ടു ഭംഗി നമുക്ക് അന്യം നിന്നു പോകാതിരിക്കട്ടെ, ഈ സൗന്ദര്യം വാക്കുകളിൽ ഒതുങ്ങാതിരിക്കട്ടെ.