ഹിറ്റാണ് ഈ ‘ചളി സോങ്’
Mail This Article
ലോക്ഡൗണിൽ വീട്ടിലിരുന്ന് ബോറടിച്ച് ലൈഫ് മൊത്തം ഡാർക്കടിച്ചാൽ എന്ത് ചെയ്യും? – ഒരു പെട്ടി എടുക്കുക, അതിലൊരു ഓട്ട ഇടുക. എന്നിട്ടാ പെട്ടിഓട്ടോ ഓടിച്ച് കാശ് ഉണ്ടാക്കുക!!
‘എന്റെ പൊന്നളിയ എന്തൊരു ചളിയാണ്’ എന്നാണോ മനസ്സിൽ വിചാരിച്ചത്. എന്നാൽ അളിയൻ ഈ ചളിയെല്ലാം വച്ച് ഒരടിപൊളി റാപ് സോങ്ങ് ഉണ്ടാക്കിയിട്ടുണ്ട്. യൂട്യൂബിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘ചളി സോങ്’ എന്ന പുത്തൻ മ്യൂസിക് ആൽബത്തിന്റെ കഥയാണിത്. സംഗീത സംവിധായകനും സൗണ്ട് പ്രോഗ്രാമറുമായ അജയ് ജോസഫാണ് തന്റെ പുത്തൻ ചളിസോങ്ങുമായെത്തി ട്രെൻഡ് ആകുന്നത്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് കൂട്ടുകാരോടൊപ്പം ചളിപറഞ്ഞ് ഒടുക്കം ആ ചളികളെല്ലാം കൂട്ടിവച്ച് ഒരു പാട്ടാക്കി മാറ്റി അജയ്. വീട്ടിലെ സന്ധ്യാ പ്രാർഥനാ സമയത്ത് പ്രാർഥന ഒഴികെ ലോകത്തുള്ള മറ്റ് കാര്യങ്ങളൊക്കെ മനസ്സിലേക്ക് വരുമെന്നും അങ്ങനെയൊരു സന്ധ്യ പ്രാർഥനയ്ക്കിടെയാണ് പാട്ടിന്റെ ആദ്യ വരികൾ മനസ്സിലേക്ക് വന്നതും എന്ന് അജയ് പറയുന്നു. സഹോദരി അഞ്ജലി ജോസഫും അനിയൻ വിജയ് ജോസഫും ചേർന്നുള്ള പാലക്കുന്നേൽ ബ്രദേഴ്സാണ് പാട്ടിന്റെ ചളിവരികൾ എഴുതിയത്. കൂട്ടുകാരനായ ആനിമേറ്റർ അരുൺ ഒരടിപൊളി ഗ്രാഫിക്സും ഒരുക്കിയതോടെ ചളി സോങ് ട്രെൻഡായി. മെയിൻ വോക്കൽസ് സംഗീതസംവിധായകനായ അജയ് തന്നെ പാടിയപ്പോൾ കോളജ് സുഹൃത്തുക്കളായ അനൂജും അജിത്തും സെബാസ്റ്റ്യനും കോറസ് പാടി. മിഥുൻ മനോജാണ് മിക്സ് ചെയ്തത്.
‘‘കോവിഡ് വന്നതോടെ സ്റ്റുഡിയോ വീട്ടിലേക്ക് മാറ്റി. അവിടെ സുഹൃത്തുക്കളോടൊപ്പം പൊടിപിടിച്ചിരിക്കുന്നതിനിടെയാണ് ഒരു ആൽബം സോങ്ങ് ചെയ്താലോ എന്ന ഐഡിയ വരുന്നത്. ‘എന്റെളിയാ നീ കൊലമാസ, ഒരു വമ്പൻ സംഭവമാ’ എന്ന വരിയാണ് ആദ്യം ഉണ്ടായത്. ഒരു പണിയും ഇല്ലാതെ വീട്ടിലിരിക്കുന്ന ഒരാൾ വമ്പൻ സംഭവം ആകണമെങ്കിൽ എന്ത് ചെയ്യണം എന്ന ആലോചനയായി. അപ്പോഴാണ് പണ്ട് കേട്ട് പഴകിയ ചളികൾ ഓർമ വന്നത്. പിന്നെ പാട്ടിലാകെ ചളിയുടെ പൂരമായി. ചളിസോങ്ങെന്ന് പേരും കൊടുത്തു’ – അജയ് ജോസഫ് പറഞ്ഞു.
എന്തായാലും കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്ത് അടിച്ചുപൊളിക്കാൻ യൂടൂബിൽ ഒരു പാട്ടുകൂടിയെത്തി. കണ്ണൂർ എടുർ സ്വദേശിയാണ് അജയ് ജോസഫ്. പൂഴിക്കടകൻ എന്ന സിനിമയ്ക്കം സംഗീതം ഒരുക്കിയ അജസ് ഇപ്പോൾ ഒരു കന്നഡ സനിമയ്ക്ക് പാട്ടൊരുക്കുന്ന തിരക്കിലാണ്. ലൂസിഫർ സിനിമയിലടക്കം ബാക്ഗ്രണ്ട് മ്യൂസിക് ഒരുക്കിയ ടീമിൽ അംഗവുമായിരുന്നു അജയ് ജോസഫ്. ചളിസോങ്ങ് കണ്ടവരെല്ലാം അജയിനോട് പറയുന്നു– എന്റളിയ നീയൊരു വൻ സംഭവമാ!!!