ADVERTISEMENT

പതിറ്റാണ്ടുകളുടെ പാട്ടുപാരമ്പര്യമുണ്ട് പി.സുശീലയ്ക്ക്. പാടിത്തെളിഞ്ഞ് കലാരംഗത്ത് നിലയുറപ്പിച്ച ഗായിക ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തിൽ സംഗീതജീവിതം ഉപേക്ഷിക്കാൻ പോലും തീരുമാനിച്ചിരുന്നു ഒരു കാലത്ത്. രണ്ടുവയസ്സുള്ള മകന്റെ അകാലമരണമാണ് ഗായികയെ തളർത്തിയത്. ആ ആഘാതത്തിൽ നിന്നും കരകയറാനാകാതെ സുശീല വിങ്ങി വിതുമ്പിക്കഴിഞ്ഞ നാളുകളായിരുന്നു പിന്നീട്. വിധി കാണിച്ച ക്രൂരത അംഗീകരിക്കാനാകാതെ സുശീലയുടെ അമ്മ മനസ്സ് സംഗീതജീവിതം പാടേ ഉപേക്ഷിക്കാൻ തീരുമാനിച്ചു. 

 

ഇനിയൊരിക്കലും സിനിമയില്‍ പാടില്ല എന്നുറപ്പിച്ചിരുന്നപ്പോഴാണ് തിരിച്ചുവരവിന്റെ പാതയിലേയ്ക്കു ക്ഷണിക്കാൻ ദേവരാജൻ മാസ്റ്ററും കുഞ്ചാക്കോയും കൂടി സുശീലയുടെ വീട്ടിലെത്തിയത്. സിനിമയിലേയ്ക്കു മടങ്ങിവരണമെന്നും സുശീല പാടിയില്ലെങ്കിൽ തങ്ങൾ ഇനി സിനിമയെടുക്കില്ലെന്നും ഇരുവരും കട്ടായം പറഞ്ഞു. ദേവരാജൻ മാസ്റ്ററിന്റെയും കുഞ്ചാക്കോയുടെയും അതുവരെയുള്ള എല്ലാ സിനിമകളിലും പാടിയിരുന്നത് സുശീല ആയിരുന്നു. ഇരുവരുടെയും സ്നേഹപൂര്‍വമുള്ള നിർബന്ധത്തിനു മുന്നിൽ വഴങ്ങിയ ഗായിക പിന്നെയും പിന്നണിഗാനരംഗത്തെത്തി. നിർബന്ധപൂർവം എത്തിയതാണെങ്കിലും ആ തീരുമാനം വളരെ മികച്ചതായി തോന്നി എന്ന് പിൽക്കാലത്ത് സുശീല തന്നെ പറഞ്ഞിട്ടുമുണ്ട്. 

 

സംഗീതം എന്ന മൂന്നക്ഷരത്തെയാണ് സുശീല ഏറ്റവുമധികം സ്നേഹിച്ചത്. സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴും സംഗീതത്തിനായിരുന്നു പ്രഥമസ്ഥാനം. ശാസ്ത്രീയ സംഗീതവും ചലച്ചിത്ര ഗാനങ്ങളും ഒരുമിച്ചു കൊണ്ടു പോകാൻ പ്രയാസമായതിനാൽ ഇടക്കു വച്ച് ശാസ്ത്രീയ സംഗീത പഠനം ഉപേക്ഷിക്കുക പോലുമുണ്ടായി. അത്രമേൽ സംഗീതത്തിൽ വേരൂന്നിയ പി.സുശീല മകന്റെ വിയോഗത്തോടെ പാട്ടുപേക്ഷിക്കാനെടുത്ത തീരുമാനത്തിൽ നിന്നും പിന്മാറിയില്ലായിരുന്നെങ്കിൽ ആ സ്വരഭംഗിയെ രാജ്യത്തിനു നഷ്ടമായേനെ. സുശീലയുടെ പാട്ടുകൾ ആവർത്തിച്ചു കേൾക്കുമ്പോൾ ഗായികയുടെ രണ്ടാംവരവിനു കളമൊരുക്കിയ ദേവരാജൻമാസ്റ്ററിനെയും കുഞ്ചാക്കോയെയും കൂടി സ്മരിച്ചേ തീരൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com