ADVERTISEMENT

വിഖ്യാത സംഗീതജ്ഞൻ സലീൽ ചൗധരിയുടെ പാട്ടുകൾ കോർത്തൊരുക്കി മെഡ്‌ലിയുമായി യുവഗായിക ശ്വേത മോഹനും അച്ഛൻ കൃഷ്ണ മോഹനും. അമ്മ സുജാതയ്ക്കൊപ്പം നിരവധി പാട്ടുകൾ പാടുകയും വിഡിയോകൾ ഒരുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അച്ഛനൊപ്പമുള്ള ശ്വേതയുടെ ഈ സംഗീത സംരംഭം ഇപ്പോൾ ആരാധകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. കൃഷ്ണമോഹന്റെ പാട്ട് കേട്ട് പാട്ടുപ്രേമികൾ ശരിക്കും അമ്പരന്നു. മകൾക്കൊപ്പം ഏറെ ആസ്വദിച്ചും താളം മുറിയാതെയുമാണ് അദ്ദേഹത്തിന്റെ പാട്ട്. ഭർത്താവിന്റെയും മകളുടെയും പാട്ട് ആസ്വദിച്ചുകൊണ്ടു തന്നെ വിഡിയോ ചിത്രീകരിച്ചതാകട്ടെ സുജാതയും. 

 

സലീൽ ചൗധരിയുടെ ഈണത്തിൽ പിറവി കൊണ്ട മൂന്ന് ഹിന്ദി ഗാനങ്ങളാണ് കൃഷ്ണമോഹനും ശ്വേതയും ചേർന്നാലപിച്ചത്. കൃഷ്ണമോഹന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ഏതാനും ദിവസങ്ങൾക്കു മുന്‍പ് പുറത്തിറക്കിയ വിഡിയോ, ഇന്ന് സലീൽ ചൗധരിയുടെ ജന്മവാർഷികത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. 

 

1971ൽ സലീൽ ചൗധരി ഒരുക്കിയ ‘കഹിൻ ദൂർ’ എന്ന ഗാനം കൃഷ്ണ മോഹൻ ആലപിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഒപ്പം ശ്വേതയുടെ സ്വരഭംഗി കൂടി ചേരുന്നു. ‘ആനന്ദ് എന്ന ചിത്രത്തിലെ ഈ പാട്ടിനു വരികളൊരുക്കിയത്  യോഗേഷ് ആണ്. മുകേഷ് ആയിരുന്നു പിന്നണിയിൽ സ്വരമായത്. ‘മധുമതി’ എന്ന ചിത്രത്തിലെ ‘ദിൽ തടപ്പ്’ എന്ന ഗാനമാണ് രണ്ടാമതായി ശ്വേതയും അച്ഛനും ചേർന്നാലപിച്ചത്. സലീൽ ചൗധരിയുടെ ഈണത്തിനൊപ്പം പാടിയത് മുകേഷും ലതാ മങ്കേഷ്കറും ആണ്. ശൈലേന്ദ്രയുടേതായിരുന്നു വരികൾ. 1976ൽ പുറത്തിറങ്ങിയ ‘ജേനേമൻ ജാനേമൻ’ എന്ന പാട്ടു പാടിയാണ് ഇരുവരും മെഡ്‌ലി അവസാനിപ്പിക്കുന്നത്. കെ.ജെ.യേശുദാസും ആശ ഭോസ്‌ലെയും ചേർന്നാലപിച്ച ഗാനമാണിത്. 

 

വിഡിയോ ഇതിനോടകം പ്രേക്ഷകർക്കിടയിൽ ചർച്ചയായി. കൃഷ്ണമോഹന് ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനാണ് സലീൽ ചൗധരി. ലോക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ മകൾ ശ്വേതയ്ക്കൊപ്പം ഹിന്ദി ഗാനങ്ങളുടെ കവർ പതിപ്പ് ഒരുക്കണമെന്നു പദ്ധതിയിട്ടിരിക്കുകയായിരുന്നു കൃഷ്ണ മോഹൻ. അങ്ങനെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒപ്പം ചേർത്ത് അദ്ദേഹം ആ ആഗ്രഹം സഫലമാക്കി. 

 

ജെർസൺ ആന്റണിയാണ് മ്യൂസിക് അറേഞ്ച്മെന്റ്സ്. സോനു മിൽട്ടണ്‍ പ്രോഗ്രാമിങ്ങും ഷാജി ജൂസ ജേക്കബ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. സുബിൻ ജെർസൺ ആണ് മെഡ്‌ലിയ്ക്കു വേണ്ടി പുല്ലാങ്കുഴലിൽ ഈണമൊരുക്കിയത്. ദൃശ്യഭംഗികൊണ്ടും ശ്രദ്ധിക്കപ്പെട്ട വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത് ആലാപ് രാജു ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com