ADVERTISEMENT

ബാംഗ്താൻ സൊന്യോന്ദാൻ അഥവാ bullet proof boy scouts എന്നാണ് ബിടിഎസിന്റെ പൂർണരൂപം. ബാൻഡിന്റെ ഏറ്റവും പുതിയ മ്യൂസിക് ആൽബം ‘life goes on’ പുതിയ റെക്കോഡ് സൃഷ്ടിച്ചു മുന്നേറുകയാണ്. ട്രെൻഡിങ് പട്ടികയിൽ ഇടംപിടിക്കാത്ത ബിടിഎസിന്റെ ഒരു മ്യൂസിക് വിഡിയോയും ഇല്ല എന്നു തന്നെ പറയാം. എന്നാൽ എണ്ണിയാലൊടുങ്ങാത്തത്ര ആരാധകരെ കൈക്കുമ്പിളിലാക്കിയ ഈ ലോകപ്രശസ്ത ബാൻഡിനു പിന്നിൽ വലിയൊരു കഥയുണ്ട്. ദാരിദ്യത്തിന്റെയുെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സൗഹൃദത്തിന്റെയും വിജയത്തിന്റെ കഥ. 

 

2010ൽ Big hits entertainments എന്ന കമ്പനിയാണ് ബിടിഎസ് ബാന്റ് രൂപീകരിച്ചത്. ഓഡിഷൻ വഴിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. തെരുവിൽ നൃത്തം ചെയ്തവര്‍, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർഥികൾ എന്നിവരില്‍ നിന്നുമൊക്കെയാണ് ഇവരെ കണ്ടെത്തിയത്. കിം നം ചുൻ ആണ് തലവൻ. ഇദ്ദേഹം ആർ എം എന്ന് അറിയപ്പെടുന്നു. കിം സൊക് ചിൻ, മിൻ യുൻ കി, ചങ് ഹൊ സൊക്, ബാക് ചി മിൻ, കിം തെ ഹ്യോങ്, ചോൻ ചങ് കൂക്ക് എന്നിവരാണ് ബാന്റിലെ മറ്റ് അംഗങ്ങള്‍. ഇതല്ലാം കൊറിയൻ പേരുകളാണ്. 

 

2013ലാണ് ഏഴംഗ സംഘം ആദ്യമായി കാണികൾക്കു മുന്നിലെത്തുന്നത്. ‘2 kool 4 skool’ എന്ന ആൽബത്തിലെ ‘No more dream’ എന്ന പാട്ടുമായായിരുന്നു അരങ്ങേറ്റം. എന്നാൽ ഈ ആൺപടയുടെ തുടക്കം അത്ര സുഗമമായിരുന്നില്ല. കാരണം, കമ്പനി സാമ്പത്തിക തലത്തിൽ വളർച്ച പ്രാപിച്ചിരുന്നില്ല. ഈ ഏഴ് പയ്യൻമാർ തങ്ങളുടെ കൈവശമുള്ള ചെറിയ തുക പങ്കിട്ടെടുത്താണ് സെറ്റും അഭിനേതാക്കളെയുമൊക്കെ സംഘടിപ്പിച്ചിരുന്നത്. പലപ്പോഴായി പല തഴയപ്പെടലുകളും തരംതാഴ്ത്തുകളും നേരിടേണ്ടി വന്നു സംഘത്തിന്. മേക്ക് അപ്പ് ഇടുന്നില്ല എന്നു പോലും വിമർശനങ്ങളുയര്‍ന്നു. അവതരിപ്പിച്ച പല പരിപാടികളും വെട്ടിച്ചുരുക്കി സംപ്രേഷണം ചെയ്തു. ചിലത് സംപ്രേഷണം ചെയ്യുകപോലുമുണ്ടായില്ല. അനുകരണം മാത്രമെന്ന് പറഞ്ഞും അധിക്ഷേപങ്ങളുയർന്നു.

 

പ്രതിസന്ധികളോടു പോരാടി മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ച ബാൻഡിനെ തടയാൻ Break Wings എന്ന പ്രത്യേക പ്രൊജക്ട് പോലും തുടങ്ങുകയുണ്ടായി. എന്നാൽ വീണ്ടും പോരടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയായിരുന്നു ബിടിഎസ് ലോകത്തിനു മറുപടി നൽകിയത്. കഴിഞ്ഞ 5 വർഷക്കാലംകൊണ്ട് ലോകം ബിടിഎസിന്റെ ആരാധകരായി മാറുകയായിരുന്നു. മുഖം തിരിച്ചവരൊക്കെ പിന്നീട് ആകാംക്ഷയോടെ ബാൻഡിനു നേരെ തന്നെ നോക്കിയിരുന്നു. പാട്ടും നൃത്തവും ചിട്ടപ്പെടുത്തുന്നതും ആൽബം സംവിധാനം ചെയ്യുന്നതുമെല്ലാം ഇവർ തന്നെയാണ്.

 

2018ൽ മൂന്നാമത്തെ മുഴുനീള സീരീസ് ആയ ‘love yourself tears’ യുഎസിലെ ഏറ്റവും പ്രചാരമേറിയ മ്യൂസിക്കൽ സീരീസായി മാറി. പിന്നീട് Love yourself answer, Map of the soul എന്നിങ്ങനെ തുടർന്നു വിജയപ്പാട്ടുകൾ. ലോകം മുഴുവൻ ആരാധർ അനുദിനം വളർന്നുകൊണ്ടിരുന്നു. കൊറിയൻ, ജാപ്പനീസ് ഭാഷകളിലാണ് ആൽബങ്ങൾ ഒരുക്കിയത്. ലോകം കോവിഡ് മഹാമാരിയിൽ വലയാൻ തുടങ്ങിയപ്പോൾ പുറത്തിറക്കിയ ‘Dynamite’ സർവകാല റെക്കോഡുകളെയും ഭേദിച്ചു. 24 മണിക്കൂർകൊണ്ട് 100 മില്യൺ കാഴ്ചക്കാർ. ഓഗസ്റ്റിലായിരുന്നു ആൽബത്തിന്റെ റിലീസ്. കോവിഡ് വ്യാപനത്തോടെ സ്തംഭിച്ചു നിന്ന സംഗീത മേഖലയെയും കലാകാരന്മാരെയും ഉത്തേജിപ്പിക്കാനും സഹായിക്കാനുമായാണ് ബിടിഎസ് ‘Dynamite’ പുറത്തിറക്കിയത്. 

 

ഏഷ്യൻ രാജ്യങ്ങൾക്കു പുറമേ അമേരിക്കയും യുറോപ്പും ബിടിഎസിനെ സ്വീകരിച്ചതാണ് ലോകവ്യാപക വളർച്ചയ്ക്കു കാരണമായത്. സോഷ്യൽ മീഡിയയുടെ വളര്‍ച്ചയാണ് സമ്പൂർണ വിജയം നേടിക്കൊടുത്തതെന്ന് ബിടിഎസ് ടീം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കാരണം സോഷ്യൽ മീഡിയ ഇത്രമാത്രം സജീവമല്ലാത്ത കാലത്ത് അതിന്റെ സാധ്യതകളെ പരമാവധി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. മാറ്റങ്ങളെ തിരിച്ചറിഞ്ഞ് എല്ലാ പ്ലാറ്റ്ഫോമുകളിലും സാന്നിധ്യം അറിയിച്ചു.

 

ബിടിഎസ് അംഗങ്ങൾ കരിയറിന്റെ തുടക്കത്തില്‍ ദക്ഷിണ കൊറിയയിലെ തിങ്ങി നിറഞ്ഞ ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. ഏഴ് പേരും ഒരുമിച്ച്. ഇപ്പോൾ തലസ്ഥാനമായ സിയോളിൽ ഇവർക്കായി ആഢംബര അപ്പാർട്ട്മെന്റാണ് ഉള്ളത്. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നർ താമസിക്കുന്നയിടത്ത്. അക്ഷരാര്‍ഥത്തിൽ കുടിലിൽ നിന്നും കൊട്ടാരത്തിലേയ്ക്ക്. തുടക്കത്തിലുണ്ടായിരുന്ന ആത്മബന്ധം ഈ 7 പേർക്കിടയില്‍ ഇപ്പോഴും അത്രമേൽ ഹൃദ്യമായി നിലനിൽക്കുന്നു. ഇന്നും ഇവർ താമസിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതുമെല്ലാം ഒരുമിച്ചു തന്നെ. ബിടിഎസ് ബാന്റിന്റെ ആരാധകര്‍ ആര്‍മി എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലും ബിടിഎസ് ആർമിയില്‍ നിരവധി അംഗങ്ങളുണ്ട്. കൗമാരക്കാരും പെൺകുട്ടികളുമാണ് ആരാധകരിലേറെയും. 

 

ഇപ്പോൾ ഗ്രാമി നോമിനേഷൻ കൂടി ലഭിച്ചതോടെ ബിടിഎസിന്റെ വിജയത്തിനു വേണ്ടി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ആരാധകവൃന്ദം. സംഘത്തിന്റെ ഡൈനാമൈറ്റിനാണ് 63ാമത് ഗ്രാമി വാർഡ് നോമിനേഷ്‍ ലഭിച്ചത്. ഇനിയും റെക്കോഡുകൾ ഭേദിച്ച് മുന്നേറാൻ ഈ ഏഴ് പയ്യന്മാർ വരും. അതിനായി ലോകം കാത്തിരിക്കും. അവർക്കൊപ്പം ചുവടുവയ്ക്കും. 

 

English Summary: Hardships and Musical journey of BTS band

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com