‘ആ പാട്ട് വേണ്ടെന്നു വച്ചതാണ്, അതൊരു നിയോഗം’; വേണുഗോപാലിന്റെ രണ്ടാംവരവിനു കളമൊരുക്കിയ വികെപി
Mail This Article
പാട്ടൊന്നും വേണ്ടെന്ന് തീരുമാനിച്ച് ഒരു സിനിമ പൂർത്തിയാക്കുക... എന്നാൽ എഡിറ്റിങ്ങിനു ശേഷം അതിലൊരു പാട്ട് വേണമെന്നു തോന്നി ഒരു പാട്ടു ചെയ്യുക ... ആ പാട്ട് വർഷങ്ങൾക്കു ശേഷവും സംഗീതപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി മാറുക. ഒരു പക്ഷെ പാതി വഴിയിൽ നിന്നു പോകുമായിരുന്ന ഒരു ഗായകന്റെ കരിയറിനെ തിരിച്ച് ട്രാക്കിലാക്കുക... ‘പുനരധിവാസം’ എന്ന ചിത്രത്തിലെ ‘കനകമുന്തിരികൾ’ എന്ന പാട്ടിന് അങ്ങനെ വലിയൊരു നിയോഗമുണ്ടായിരുന്നിരിക്കണം. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ പാതി വരെയും ഹിറ്റ് ഗാനങ്ങളുടെ ഭാഗമായിരുന്ന ജി. വേണുഗോപാൽ എന്ന ഗായകനെ വീണ്ടും മലയാള സിനിമയിൽ തിരികെ എത്തിച്ചത് ഈ ഒരൊറ്റ ഗാനമായിരുന്നു.
വേണുഗോപാലിന്റെ ആർദ്രമായ ശബ്ദത്തിൽ ആ ഗാനം കേൾക്കുമ്പോൾ ഉള്ളിലെവിടെയോ കൊത്തിവലിക്കുന്ന ഒരു അനുഭവം... വിരഹവും നൊമ്പരവും പ്രതീക്ഷയും സുഖമുള്ള ഒരു നോവ് പോലെ ഈ ഗാനം പകർന്നു നൽകും. വേനൽ കൊള്ളും നെറുകിൽ മെല്ലെ നീ തൊട്ടു എന്ന വരികൾ പോലെ ജി വേണുഗോപാൽ എന്ന ഗായകന്റെ സംഗീതജീവിതത്തിൽ വികെ പ്രകാശും ഗിരീഷ് പുത്തഞ്ചേരിയും തൊടുകയായിരുന്നു. അതൊരു നിയോഗമായിരുന്നു. അല്ലെങ്കിൽ പാട്ട് തന്നെ വേണ്ടെന്ന് വച്ച ചിത്രത്തിൽ ഇങ്ങനെ ഒരു പാട്ട് ഉൾപ്പെടുത്താൻ സംവിധായകൻ വികെ പ്രകാശിന് തോന്നുമായിരുന്നോ? !
ജി. വേണുഗോപാലിന്റെ കരിയർ തന്നെ മാറ്റി മറിച്ച ആ പാട്ട് പിറന്ന കാലത്തെക്കുറിച്ചു മനോരമ ഓൺലൈനിന് അനുവദിച്ച പ്രേത്യേക അഭിമുഖത്തിൽ സംവിധായകൻ വികെപി മനസ് തുറന്നു. "ലൂയി ബാങ്ക്‌സും ശിവമണിയുമായിരുന്നു പുനരധിവാസത്തിന്റെ മ്യൂസിക് ചെയ്തത്. ആ സിനിമയിൽ ആദ്യം പാട്ട് ഉണ്ടായിരുന്നില്ല. പാട്ടില്ലാതെ ഫിലിം എഡിറ്റ് ചെയ്തതിനു ശേഷം ലൂയി ബാങ്ക്സും ശിവമണിയും ചേർന്ന് കുറച്ചു മ്യൂസിക് ചെയ്തു. ആ സമയത്താണ് എനിക്കു തോന്നിയത് പാട്ടാകാം എന്ന്. ഞാൻ ഗിരീഷിനെ (ഗിരീഷ് പുത്തഞ്ചേരി) വിളിച്ചു വരുത്തി. സിനിമ മൊത്തം ഇരുത്തി കാണിച്ചു. എന്നിട്ടാണ് ആ വരികൾ എഴുതുന്നത്.
വേണു പാടിയാൽ നന്നായിരിക്കും എന്നു തോന്നി ഇക്കാര്യം ഗിരീഷിനോടും ചർച്ച ചെയ്തു. വേണുവിനെ തീർച്ചയായും വിളിക്കണമെന്ന് ഗിരീഷ് പറഞ്ഞു. അങ്ങനെയാണ് വേണു പുരധിവാസം സിനിമയുടെ ഭാഗമാകുന്നത്. ഒരു പാട്ടിന് വേണ്ടി വന്ന വേണു ആ സിനിമയിലെ എല്ലാ പാട്ടുകളുടെയും ഭാഗമായി. അത് അദ്ദേഹത്തിന് വലിയ വഴിത്തിരിവായി, " വികെപി ഓർത്തെടുത്തു.