ADVERTISEMENT

കൺമണിയ്ക്കരികിലിരുന്ന് താരാട്ടു പാടി സംഗീത സംവിധായകൻ കൈലാസ് മേനോൻ. മകന്റെ ‍നെറുകയിൽ തലോടി കുഞ്ഞു കൈകളിൽ വിരൽ ചേർത്ത് പാട്ടുപാടിയുറക്കുന്നതിന്റെ വിഡിയോ കൈലാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അച്ഛന്റെ വാത്സല്യക്കരുതലിൽ മയങ്ങുന്ന കുഞ്ഞിന്റെ ക്യൂട്ട് രംഗമാണ് വിഡിയോയിൽ. 

‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരവും മികച്ചതുമായ വർഷമായിരുന്നു 2020. ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അളവറ്റ നിമിഷങ്ങൾ സമ്മാനിച്ച 2020ന് ഒരുപാടൊരുപാട് നന്ദി. എല്ലാവർക്കും ഏറെ സ്നേഹത്തോടെ പുതുവർഷാശംസകൾ നേരുന്നു’, വിഡിയോ പങ്കുവച്ച് കൈലാസ് മേനോൻ കുറിച്ചു. അച്ഛന്റെയും മകന്റെയും ഒരു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

1992ല്‍ ‘ആയുഷ്കാലം’ എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചൻ ഈണം കൊടുത്ത് കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ചേർന്നു പാടിയ ‘മൗനം സ്വരമായ്’ എന്നു തുടങ്ങുന്ന പാട്ടാണ് കൈലാസ് മകനരികിലിരുന്നു പാടുന്നത്. കുഞ്ഞ് പിറന്ന് ഏതാനും മണിക്കൂറുകൾക്കകം എടുത്ത വിഡിയോ ആണിതെന്നും ഗർഭാവസ്ഥയിലായിരുന്നപ്പോൾ കുഞ്ഞിനെ ഏറ്റവുമധികം കേൾപ്പിച്ചത് ഈ പാട്ടാണെന്നും കൈലാസ് മേനോൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. 

2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും ആൺകുഞ്ഞ് ‌പിറന്നത്. മകന് സമന്യു രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്. കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം. ഭാര്യ വലിയ ശിവഭക്തയായതിനാലാണ് കുഞ്ഞിനു വേണ്ടി സമന്യു രുദ്ര എന്ന പേര് തിരഞ്ഞെടുത്തതെന്നും കൈലാസ് വ്യക്തമാക്കി. 

മകനെ ചേർത്തു പിടിച്ചുള്ള ക്യൂട്ട് ചിത്രങ്ങൾ കൈലാസ് മേനോൻ ഇതിനു മുൻപും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുടുംചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015–ൽ ആണ് കൈലാസ് മേനോനും അവതാരകയും അഭിഭാഷകയായ അന്നപൂർണ ലേഖ പിള്ളയും വിവാഹിതരായത്. അന്നപൂർണയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com