പാട്ടും കറക്കവുമെല്ലാം ക്യാമറയിലാ! 'കൺമണി അൻപോട് കാതലൻ' പാടി അഹാന കൃഷ്ണ
Mail This Article
പാട്ടും പാടി കറങ്ങി നടന്ന് യുവതാരം അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. നിത്യഹരിതഗാനമായ ‘കൺമണി അൻപോട് കാതലൻ’ ആണ് അഹാന പാടുന്നത്. പ്രകൃതിസുന്ദരദൃശ്യങ്ങളാണ് പാട്ടിന്റെ പശ്ചാത്തലം. ‘മനോഹരമായ സ്ഥലത്തു വച്ചുള്ള കൺമണി അൻപോട് കാതലൻ’ എന്നാണ് വിഡിയോ പങ്കുവച്ച് താരം കുറിച്ചത്.
രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 1991ൽ പുറത്തിറങ്ങിയ ‘ഗുണ’ എന്ന കമൽഹാസൻ ചിത്രത്തിലെ ഗാനമാണിത്. ഇളയരാജ ഈണമൊരുക്കിയ പാട്ട് കമല്‍ഹാസനും എസ്.ജാനകിയും ചേർന്നാണ് ആലപിച്ചത്.
ഛായാഗ്രാഹകൻ നിമിഷ് രവി ആണ് അഹാനയുടെ പാട്ട് വിഡിയോ ചിത്രീകരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അഹാന നായികയായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആണ് നിമിഷ് രവി. പാട്ടും ഡാൻസുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാന കൃഷ്ണ. സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ഡാൻസ് വിഡിയോകൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.
കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ടാഴ്ചയിലധികം ക്വാറന്റീനിൽ കഴിഞ്ഞ അഹാന തുടർപരിശോധാഫലം നെഗറ്റീവ് ആയതിനെത്തുടർന്ന് അടുത്തിടെയാണു വീട്ടിൽ തിരിച്ചെത്തിയത്. രോഗം ബാധിച്ച ദിവസങ്ങളിലെ അനുഭവങ്ങൾ പങ്കുവച്ചു താരം പുറത്തിറക്കിയ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘അടി’യാണ് അഹാനയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ഏതാനും നാളുകൾ മുൻപാണ് പൂർത്തിയായത്.