ADVERTISEMENT

‘അയ്യേ ലിപ്സ്റ്റിക്‌ ഇട്ടോ?’ എന്ന ചോദ്യം നേരിട്ടത് ഇത്തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കനി കുസൃതിയാണ്. എന്നാൽ  ആ ചോദ്യത്തിന് കനി മുഖമടച്ചു നൽകിയ മറുപടിയിലൂടെയാണ് റിയാന എന്ന പേര് നമ്മളിൽ ആദ്യം ഉടക്കുന്നത്. നിലപാടുകൾ കൊണ്ടു ശ്രദ്ധേയരായവരാണ് ഇരുവരും. രാജ്യം റിയാനയെ ഗൂഗിളിൽ തിരയും മുമ്പ് മലയാളി തിരഞ്ഞു. അവരുടെ നിലപാടുകൾ അറിഞ്ഞു.

ബാർബഡിയേൻ ഗായികയും ഗാനരചയിതാവുമാണ് റോബിൻ റിയാന ഫെന്റി എന്ന റിയാന. എന്നാൽ ഇന്ന് ഇന്ത്യൻ ഭരണപക്ഷ സംഘടനകളുടെ രോഷച്ചൂട് അറിയുകയാണ് ഈ ഗായിക. രണ്ടുമാസത്തിലേറെയായി രാജ്യത്ത് അരങ്ങേറുന്ന കർഷക പ്രക്ഷോഭത്തെ എന്തുകൊണ്ടു നമ്മൾ ചർച്ചയാക്കുന്നില്ല എന്ന ചോദ്യം ഉയർത്തിയായിരുന്നു റിയാനയുടെ ട്വീറ്റ്. കർഷക സമരത്തെ പിന്തുണച്ച് എത്തിയ ഈ തുറന്ന പ്രഖ്യാപനത്തോടെ സമരത്തിന് ആഗോളമുഖം കൈവന്നു. 

ഗ്രേറ്റ ട്യുൻബെർഗ്, അമേരിക്കൻ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മർഗോളിൻ, അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരി​സിന്റെ സഹോദരീപുത്രി മീനാ ഹാരിസ്, നടി മിയ ഖലീഫ തുടങ്ങിയവരും ശക്തമായ പ്രതികരണവുമായി എത്തി. എന്നാൽ, പൊടുന്നനെ സമരത്തിനു ലഭിച്ച ഈ പിന്തുണയിൽ കേന്ദ്ര സർക്കാരും അവരുടെ അനുകൂലികളും അസ്വസ്ഥരായി. വിഷയത്തിൽ പരസ്യമായി കേന്ദ്ര സർക്കാരും ബിജെപിയും പ്രതികരിച്ചപ്പോൾ, നടി കങ്കണ റനൗട്ടും മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയും പോലുള്ളവരുടെ പ്രതികരണം ഒരു പടി കൂടി കടന്നായിരുന്നു. ഇന്ത്യക്കാരുടെ കാര്യം ഇന്ത്യ നോക്കുമെന്നായിരുന്നു സച്ചിൻ തെൻഡുൽക്കറിന്റെ പ്രതികരണം.  

റിയാനയുടെ വംശം, നിറം തുടങ്ങിയവയ്ക്കെതിരെയാണ് സമരവിരുദ്ധർ ട്വിറ്ററിൽ അധിക്ഷേപം നടത്തിയത്. അടിമത്വത്തെ ന്യായീകരിച്ചു പോലും റിയാനയ്ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇവയിൽ പലതും പ്രസിദ്ധീകരണയോഗ്യം പോലുമല്ല. റിയാനയുടെ മുൻപങ്കാളി ക്രിസ് ബ്രൗണും ട്വിറ്ററിൽ ട്രെൻഡിങ്ങായി. 2009 ൽ ക്രിസ് ബ്രൗൺ റിയാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് രാജ്യാന്തര തലത്തിൽ വാർത്തയായിരുന്നു. ഇപ്പോൾ, ഈ ഗാർഹിക പീഡനങ്ങളെ ന്യായീകരിച്ചും നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ലിംഗനീതിക്കുവേണ്ടിയും വംശീയ അധിക്ഷേപങ്ങൾക്കെതിരെയും ജനാധിപത്യ ധ്വസനങ്ങൾക്കെതിരെയും പലകുറി പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഗായികയാണ് റിയാന. ഇതിനുമുൻപും റിയാനയുടെ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കറുത്ത മഡോണ എന്ന് അറിയപ്പെടാൻ ആ​ഗ്രഹിക്കുന്ന, ബോബ് മാർലിയുടെ കടുത്ത ആരാധികയായ റിയാനയുടെ നിൽപ്പും നടപ്പും വേഷവും എല്ലാം ഓരോ നിലപാട് പ്രഖ്യാപനങ്ങൾ കൂടിയാണ്. തന്റെ വേരുകളിലും നിറത്തിലും അഭിമാനം കൊള്ളുന്ന ഗായികയാണവർ. റിയാനയിടെ ആൽബങ്ങളുടെ 20 കോടി പതിപ്പുകളാണ് ലോകമെമ്പാടുമായി വിറ്റുപോയിട്ടുള്ളത്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ പതിനാലുവട്ടം ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട് അവരുടെ ഗാനങ്ങൾ. 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഫോബ്സ് മാഗസിന്റെ ‘ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടിക’യിലും ടൈം മാഗസിന്റെ ‘ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടിക’യിലും ഉൾപ്പെട്ടിട്ടുള്ള റിയാന, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകളിൽ, ജനങ്ങൾക്ക് അന്തസ്സ് നൽകാനുള്ള പോരാട്ടത്തിന്റെ ശക്തിയാണ്. ചുവന്ന ലിപ്സിറ്റിക്കും ഒരു നിലപാടെന്നു ലോകം തിരിച്ചറിഞ്ഞത് റിയാനയിലൂടെയാണ്.

കറുത്തവർഗക്കാരായ സ്ത്രീകളുടെ ചുണ്ടുകൾ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും പറ‍ഞ്ഞ റാപ്പറായ റോക്കിക്ക്, ചുവന്ന ലിപ്സിറ്റിക്ക് വിറ്റഴിക്കുന്ന ഫെന്റിബ്യൂട്ടീ എന്ന ബ്രാൻഡിലൂടെയാണ് റിഹാന മറുപടി നൽകിയത്. നിരവധി സന്നദ്ധ പ്രവർത്തനങ്ങളുടെ മുഖവും ബാർബഡോസ് സർക്കാരിന്റെ വിദ്യാഭ്യാസ, ടൂറിസം, നിക്ഷേപ പദ്ധതികളുടെ ബ്രാൻഡ് അംബാസഡറുമാണ് റിയാന.

‌അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ, സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, മ്യാൻമറിലെ പട്ടാള അട്ടിമറി തുടങ്ങി പല വിഷയങ്ങളിലും കൃത്യമായ ഇടപെടലുകളും നടത്തിയിട്ടുണ്ട് റിയാന. ദുഷ്ക്കരമായിരുന്ന ബാല്യത്തിലും സ്വന്തം കഴിവിനെ തിരിച്ചറിഞ്ഞ് മിനുസപ്പെടുത്തി, ലോകത്ത് 101 മില്യൻ ആളുകൾ സമൂഹമാധ്യമങ്ങളിൽ ഫോളോ  ചെയ്യുന്ന ഗായികയായി അവര്‍ വളര്‍ന്നു. 

റിയാനയുടെ നിലപാടുകളുടെയോ അവർ ഉന്നയിച്ച പ്രശ്നങ്ങളുടെയോ മൂല്യം പരിശോധിക്കാതെ, അവർക്കെതിരെ അധിക്ഷേപങ്ങൾ ചൊരിയുന്ന സംഘടനകളും വ്യക്തികളും ഇനിയും റിയാനയെ അറിയാനിരിക്കുന്നതേയുള്ളൂ. ജനാധിപത്യത്തിന്റെ നിലനിൽപിനുവേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്കു കരുത്തു കൂടുക തന്നെയാണ്. റിഹാനയുടെ ഗാനം പോലെ Talk That Talk and Unapologetic..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com