‘ചെറുപ്പക്കാരനായിരിക്കുന്നതിന്റെ രഹസ്യമിതാണോ?’; വെളിപ്പെടുത്തി ജി.വേണുഗോപാൽ
Mail This Article
തിരുവനന്തപുരം ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തിൽ വളരെ കൂളായി വ്യായാമം ചെയ്യുന്ന ഗായകൻ ജി വേണുഗോപാലിന്റെ ഹ്രസ്വ വിഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ ഈ വ്യായാമ ദൃശ്യങ്ങൾ പുതുമയുള്ളതാണെങ്കിലും വർഷങ്ങളായി വേണുഗോപാൽ തുടരുന്ന ശീലങ്ങളിൽ ഒന്നാണിത്. വളരെ എനർജിയോടെ ഓരോ വ്യായാമ മുറയും അഭ്യസിക്കുന്ന വേണുഗോപാലിന്റെ ദൃശ്യങ്ങൾ പലരും അദ്ഭുതത്തോടെയാണു നോക്കുന്നത്. പാട്ടിൽ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും മുൻനിരയിൽ നിൽക്കുന്ന അദ്ദേഹത്തെക്കുറിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ഈ വ്യായാമത്തെക്കുറിച്ച് ജി.വേണുഗോപാൽ മനോരമ ഓൺലൈനിനോടു പറഞ്ഞതിങ്ങനെ.
‘വളരെ ചെറുപ്രായത്തിൽ തന്നെ പാടുമ്പോൾ എനിക്കു ഒച്ചയടപ്പും ശബ്ദത്തിൽ ചില അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. പാടാൻ ചില പ്രയാസങ്ങൾ നേരിട്ടു. ആ സമയത്ത് എന്റെ അച്ഛൻ ഒരു യോഗ സെന്ററിൽ കൊണ്ടു ചെന്നാക്കുകയും ഒരു വർഷത്തോളം ഞാൻ അവിടെ യോഗ അഭ്യസിക്കുകയും ചെയ്തു. എന്റെ ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കൊക്കെ വളരെയധികം ആശ്വാസവും കിട്ടി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ ഞാൻ ജോലിയിൽ പ്രവേശിച്ചു. ഒപ്പം സംഗീതവും ഒരുമിച്ചു കൊണ്ടുപോയി. ഇതിനിടയിൽ യോഗ അഭ്യസിക്കുന്നതു നിർത്തിയിരുന്നു. ജോലിയിലെ സമ്മർദ്ദങ്ങൾ എന്നെ വല്ലാതെ അലട്ടി. ജോലിയും സംഗീതവും ഒരുമിച്ചു കൊണ്ടുപോകാൻ വളരെ പ്രയാസപ്പെട്ടു. അങ്ങനെ വീണ്ടും പഴയ ആ പ്രശ്നങ്ങൾ നേരിട്ടു തുടങ്ങി.
തുടർന്ന് വർഷങ്ങൾക്കു മുൻപു നിറുത്തിയ യോഗ പരിശീലനം ഞാൻ പുനഃരാരംഭിച്ചു. എന്റെ ശരീരഭാരം കുറഞ്ഞു. ബുദ്ധിമുട്ടുകൾ അകലാൻ തുടങ്ങി. ലോക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോൾ വീണ്ടും യോഗയും വ്യായാമമുറകളും തെറ്റി. എങ്കിലും ഞാൻ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പോയി വ്യായാമം തുടർന്നു. അവിടെ വിവേക് എന്നയാളാണ് എന്റെ പരിശീലകൻ. അദ്ദേഹം കൃത്യമായ രീതിയിൽ പരിശീലനം നൽകുകയും നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. ഇടയ്ക്കൊക്കെ യോഗയും മറ്റു വ്യായാമങ്ങളും മുടങ്ങുമ്പോൾ ഭാരം വർധിച്ചുവെന്നും ഡയറ്റിൽ ശ്രദ്ധിക്കണമെന്നും വിവേക് വിളിച്ച് ഓർമിപ്പിക്കും. ചില തിരക്കുകൾ വരുമ്പോൾ ഇടയ്ക്കൊക്കെ യോഗ മുടങ്ങാറുണ്ട്. കഴിഞ്ഞ ദിവസം വ്യായാമം ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.– ജി. വേണുഗോപാൽ പറഞ്ഞു.
ഗായകന്റെ വ്യായാമ വിഡിയോകൾ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. ഇപ്പോഴും ചെറുപ്പക്കാരനായിരിക്കുന്നതിന്റെ രഹസ്യം ഈ വ്യായാമം ആയിരുന്നു അല്ലേ’ എന്നാണ് പലരുടെയും ചോദ്യം.