നാട്ടഴകും മഴയും പിന്നെ പ്രണയവും; ഹിറ്റായി സിത്താരയുടെ ‘ചിമ്മാരി’
Mail This Article
പ്രണയദിനത്തോടനുബന്ധിച്ച് മനോഹര ഗാനവുമായി ഗായിക സിത്താര കൃഷ്ണകുമാർ. ‘ചിമ്മാരി’ എന്ന സംഗീത ആൽബത്തിലെ ഗാനം മനോരമ മ്യൂസിക് ആണ് ആസ്വാദകർക്കരികിൽ എത്തിച്ചത്. സിത്താരയ്ക്കൊപ്പം രാഗേഷ് കെ.എം ആണ് ആലാപനത്തിൽ പങ്കു ചേർന്നത്. ബിജോഷ് എസ് ഡി ചിട്ടപ്പെടുത്തിയ പാട്ടിനു വേണ്ടി വരികൾ കുറിച്ചത് സനിൽ ചെറിയാണ്ടി ആണ്. അതിമനോഹരപ്രണയക്കാഴ്ചയൊരുക്കിയാണ് പാട്ട് പുറത്തിറക്കിയത്.
നാട്ടഴക് വരച്ചിട്ടാണ് പാട്ടിന്റെ തുടക്കം. പ്രണയം പൂക്കുന്ന ബസ് സ്റ്റോപ്പും കണ്ണുകൾ കൊണ്ടു കഥ പറയുന്ന യുവഹൃദയങ്ങളും പ്രണയത്തിനു കൂട്ടായെത്തുന്ന മഴക്കാഴ്ചകളും പാട്ടിന്റെ വശ്യത വർധിപ്പിക്കുന്നു. എല്ലാം ഒരു സ്വപ്നമായി തഴുകി തലോടി പോകുമ്പോഴും പക്ഷേ പ്രണയത്തിന്റെ തീവ്രത തെല്ലു കുറയുന്നില്ല.
പ്രണയ ദിനത്തിനു മധുരം പകര്‍ന്നെത്തിയ പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പ്രണയക്കാഴ്ചകളെ ആസ്വാദകർ നെഞ്ചേറ്റിക്കഴിഞ്ഞു. ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്ന ഗാനം ആവർത്തിച്ചു കേൾക്കാൻ തോന്നുന്നു എന്നാണ് ആസ്വാദകപക്ഷം.