ഒപ്പമുണ്ടായിരുന്ന മൂന്നു പേർ തൽക്ഷണം മരിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന കാറപകടത്തെക്കുറിച്ചോർത്ത് കെ.ജി മാർക്കോസ്
Mail This Article
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത വാഹനാപകടത്തിന്റെ ഓർമച്ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ കെ.ജി.മാർക്കോസ്. 1986ൽ വിദേശത്തു സംഗീതപരിപാടി അവതരിപ്പിക്കാൻ പോകവെ ആയിരുന്നു ഗായകനും സംഘാഗങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ‘എന്‍റെ ജീവിതമാകെ മാറ്റി മറിച്ച 1986 ലെ ഗള്‍ഫ് കാര്‍ അപകടത്തിന് ഇന്ന് 35 വയസ്’ എന്നു കുറിച്ചു കൊണ്ടാണ് അന്നത്തെ ചിത്രങ്ങള്‍ കെ.ജി.മാർക്കോസ് പങ്കുവച്ചത്.
1986ൽ അബുദാബിയിൽ പരിപാടിയ്ക്കായി പോകവെയാണ് അപ്രതീക്ഷിതമായി ആ അപകടം സംഭവിച്ചത്. കാറിൽ മാർക്കോസ് ഉൾപ്പെടെ അഞ്ചു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ മാർക്കോസും അദ്ദേഹത്തിന്റെ സഹഗായികയും ഒഴികെ ബാക്കി മൂന്നു പേരും തൽക്ഷണം മരണപ്പെട്ടു. അപകടത്തിൽ മാർക്കോസിനു ഗുരുതരമായി പരുക്കേറ്റു. രക്ഷപെടാൻ സാധ്യത കുറവാണെന്നു ഡോക്ടർമാർ പോലും വിധിയെഴുതി. എന്നാൽ പ്രവചനങ്ങളെ തോൽപ്പിച്ച് മാർക്കോസ് ജീവിതത്തിലേയ്ക്കു മടങ്ങി വരികയായിരുന്നു. അക്ഷരാർഥത്തിൽ രണ്ടാം ജന്മം.
അപകടത്തെത്തുടർന്ന് അബുദാബിയിലെ ആശുപത്രിയിലാണ് കെ.ജി.മാർക്കോസ് മൂന്നു മാസത്തോളം ചികിത്സയിൽക്കഴിഞ്ഞത്. അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ആ ആശുപത്രിയിലെ ശുശ്രൂഷ ലഭിച്ചില്ലായിരുന്നെങ്കിൽ താൻ മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നു എന്ന് മാർക്കോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തിൽ പൂർണമായും തകർന്ന കാറിൽ നിന്നും രണ്ടു ജീവനുകൾ രക്ഷപെട്ടത് എല്ലാവർക്കും അദ്ഭുതമായി തോന്നിയിരുന്നു അക്കാലത്ത്.
ഗായകൻ കെ.ജെ.യേശുദാസും അദ്ദേഹത്തിന്റെ ട്രൂപ്പ് അംഗങ്ങളുമെല്ലാം മാർക്കോസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഗായകന്റെ കുടുംബാംഗങ്ങൾ അപകടസഥലം സന്ദർശിച്ചതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സാരമായി പരുക്കേറ്റതോടെ മാർക്കോസിനു കരിയറിൽ വലിയൊരു ഇടവേളയെടുക്കേണ്ടി വന്നു. പിന്നീട് അദ്ദേഹം പതിയെ സംഗീതരംഗത്ത് വീണ്ടും സജീവമായിത്തുടങ്ങി. നടുക്കുന്ന ഓർമകളെക്കുറിച്ച് കെ.ജി.മാർക്കോസ് പലപ്പോഴായി അഭിമുഖങ്ങളിലുള്‍പ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്. ദൈവാനുഗ്രഹവും ഭാഗ്യവും കൊണ്ടു മാത്രമാണ് അന്ന് അപകടത്തില്‍ നിന്നും രക്ഷപെടാനായതെന്ന് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നു.