മുപ്പതാണ്ടിന്റെ ചെറുപ്പവുമായി ആറ്റുകാലമ്മയുടെ ഇൗ ഗാനം
Mail This Article
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും ഒരു പൊങ്കാല ഉത്സവകാലം കൂടി. പത്തു രാപകലുകൾ നീളുന്ന ഉത്സവങ്ങൾക്കു ഫെബ്രുവരി 19 ന് തുടക്കമാവുകയാണ്. ഈ ദിവസങ്ങളിൽ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു പാട്ടുണ്ട്.
‘‘തെയ് തെയ് തെയ് തെയ് തെയ് പൊങ്കാല...’’
ഈ പാട്ടുകേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. മുപ്പതാണ്ടായിട്ടും ചെറുപ്പമാണ് ഈ വരികൾക്ക്. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ മാത്രമല്ല എല്ലാ കേരളീയ ക്ഷേത്ര ഉത്സവങ്ങളിലും ഈ പാട്ടു കേൾക്കാം. പൊങ്കാല അടുപ്പുകളിൽ അഗ്നി പകരുമ്പോഴും നിവേദ്യം നടത്തുമ്പോഴും മൈക്ക് ഓപറേറ്റർമാർ ഈ ഗാനം കരുതി വയ്ക്കാറുണ്ട്.
പ്രശസ്ത ഗാനരചയിതാവ് തങ്കൻ തിരുവട്ടാർ രചിച്ച വരികളാണിത്. പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ഈണത്തിനു ശബ്ദം നൽകിയത് പ്രശസ്ത ഗായിക മിൻമിനി. തിരുവനന്തപുരം സൗപർണിക പുറത്തിറക്കിയ ‘ആറ്റുകാലമ്മ’ എന്ന ആൽബത്തിലുൾപ്പെട്ടതാണിത്. ‘സ്ത്രീകളുടെ ശബരിമല’യെന്നു പ്രസിദ്ധി നേടിയ ആറ്റുകാൽ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പിറക്കുന്ന ആദ്യ ഭക്തിഗാന ആൽബമാണിത്. കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കു സമീപത്തെ മേലാങ്കോട് ശിവക്ഷേത്രത്തിൽ നിന്നാണിതിന്റെ താളം കണ്ടെത്തിയതെന്ന് തങ്കൻ തിരുവട്ടാർ പറയുന്നു.
നാഞ്ചിനാട് ക്ഷേത്രങ്ങളിൽ നിലവിലുള്ള ഒരു തമിഴ് ആചാരമാണ് ഉരുവം വയ്പ്: കളിമണ്ണിൽ രൂപങ്ങളുണ്ടാക്കി ചായം പൂശി ആഘോഷത്തോടെ സമർപ്പിക്കുന്ന ചടങ്ങാണിത്.മുരശ് എന്ന വാദ്യമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊങ്കാല നിവേദ്യം തിളയ്ക്കുമ്പോൾ ഉയരുന്ന കുമിളയുടെ ശബ്ദത്തിന് ഈ താളമാണെന്ന് തങ്കൻ തിരുവട്ടാർ പറയുന്നു.
‘‘കുമിളയിട്ടു പൊങ്കാല
തിള തിളച്ചെന്ന... ’’
വരി ഈ പാട്ടിലുണ്ട്.പൊങ്കാലയുടെ ചടങ്ങുകൾ വിശദമാക്കുന്ന ഈ ഗാനം ഈ വർഷമായിരിക്കും കൂടുതൽ പ്രസക്തം . ഭക്തജനങ്ങൾ വീടുകളിൽ പൊങ്കാലയർപ്പിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
വരികളിൽ നിറയുന്നത് കവിതയും ഭക്തിയും
ഭക്തിയും സൗന്ദര്യവും നിറയുന്ന 8 പാട്ടുകളാണ് ആറ്റുകാലമ്മയെന്ന ആൽബത്തിലുള്ളത്. ആലാപനം ഉണ്ണിമേനോനും മിൻമിനിയും. ക്ഷേത്രത്തെയും പരിസരത്തെയും വർണിക്കുന്നു.
‘‘ആറ്റുകാലിലമ്മേ ,അമ്മേ,
ആറ്റുനോറ്റു വന്നൂ
നിൻപദാരവിന്ദംതേടി
ഭക്ത ഷഡ്പദങ്ങൾ...’’ എന്നു തുടങ്ങുന്ന വരികളോടെയാണ് ആദ്യ ഗാനത്തിന്റെ തുടക്കം
‘‘സുഷമയെഴും ഉഷമലരുകൾ വിടരും
വിഭാതകിരണം തഴുകും
ആറ്റുകാല ധിവാസി നി തൻ
തിരുനടയിലൊരായിരവർണം...’’ - എന്ന സാഹിത്യഭംഗിയും ആധ്യാത്മികയും നിറയുന്ന വരികളുടെ തുടർച്ചയായി ആ പ്രദേശത്തിന്റെ പ്രകൃതി ഭംഗിയാണ് ഭക്തമനസ്സുകളിൽ നിറയുന്നത്.
‘‘കിള്ളിയാറിൻ കുളിരല ഞൊറിയും
മാരുതൻ ഇതുവഴി അലയും
ഭഗവതി നടയിലെ കേര കരാഞ്ജലി
മെല്ലെയുലർത്തി ഉണർത്തും
ഭഗവതി നാമാവലികൾ...’’ -
വസന്തം, കാനഡ,കല്യാണി, ശ്രീരാഗം എന്നീ രാഗങ്ങൾ കോർത്തിണക്കി രാഗമാലികയിൽ രചിച്ച ശ്ലോകമാണ്.
‘‘കാവ്യഭാവതരംഗിണി,
കാവ്യരൂപ വിലാസിനീ
കാലകാല സവിത്രിണീ
ആറ്റുകാലഭിരാമിണീ...’’ എന്നു തുടങ്ങുന്ന 16 വരികൾ.
ഇതിനു പിന്നിൽ ഒരു വിപത്തിൽ നിന്നു രക്ഷപ്പെട്ട സ്മരണകൂടിയുണ്ടെന്ന് തങ്കൻ തിരുവട്ടാർ പറയുന്നു. ഈ വരികൾ ആലോചിച്ചാണ് ഉറങ്ങാൻ കിടന്നത്. ഒരു മണ്ണെണ്ണ വിളക്കു കത്തിച്ചു തലയണയ്ക്കരികിൽ വച്ചിരുന്നു. അതു മറിഞ്ഞു വീണാൽ തീപിടിക്കുമെന്നോർത്ത് പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ സ്വന്തം അമ്മ ശാരദ തലയ്ക്കൽ നിൽക്കുന്നു. കൈയിൽ കത്തിച്ചു പിടിച്ച മണ്ണെണ്ണ വിളക്ക്. സമയത്തിന് എത്തിയതുകൊണ്ട് വഴിമാറിപ്പോയ ഒരപകടത്തെപ്പറ്റി സംഭ്രമത്തോടെ അവർ വിവരിച്ചു. ആ വിളക്കിന്റെ പ്രഭയിൽ കണ്ട അമ്മയുടെ മുഖത്തിനു സാമ്യം ദേവിയുടേതായിരുന്നു. എഴുന്നേറ്റിരുന്നപ്പോൾ ബാക്കി വരികൾ കൂടി ഒഴുകിയെത്തി.
‘‘ശിഷ്ടരക്ഷക പാലിനീ
അറ്റുകാലഭിരാമിണീ
രത്ന കുണ്ഡല ധാരിണീ
വജ്രകുണ്ഡല ഭൂഷിണീ
വേണു നാദ വിനോദിനീ
ആറ്റുകാലഭിരാമിണീ
ശാരദേന്ദു സുവർത്തിനീ
സുശാലിനീ ഓംകാരിണീ
സർവമംഗള കാരണീ
ആറ്റുകാലഭിരാമിനീ...’’
ആൽബം പിറന്ന വഴി
‘‘ഗാനരചനയ്ക്കായി നിർമാതാക്കൾ സമീപിച്ചപ്പോൾ ഒരു മാസത്തെ സാവകാശം ചോദിച്ചു. ക്ഷേത്രത്തിലെത്തി ത്രികാല പൂജ തൊഴുതു. ചരിത്രവും ഐതിഹ്യങ്ങളും അറിഞ്ഞു. ആ പ്രദേശത്തുകൂടെ നടന്നു.അങ്ങനെയാണ് സുഷമയെഴും ഉഷമലരുകൾ നിറയുമെന്ന വരികൾ എഴുതിത്തുടങ്ങിയത്.പിന്നെ ഞാനറിയാതെ വാക്കുകളും വർണകളും തിരമുറിയാതെ മനസ്സിലെത്തി. തിരുവനന്തപുരത്ത് സൗകര്യങ്ങൾ കുറവായതിനാൽ കൊച്ചിയിലുള്ള ഉണ്ണി മേനോന്റെ സ്റ്റുഡിയോയിലാണ് റെക്കോർഡ് ചെയ്തത്. 1988ൽ ആണ് ഗാനരചന തുടങ്ങിയത്. 1989ൽ ആറ്റുകാൽ ക്ഷേത്രത്തിലെ കമ്പ വിളക്കിനു സമീപം വച്ച് ഗുരുവും പ്രശസ്ത താന്ത്രികനുമായ ഗോകർണം പോറ്റി പ്രകാശനം ചെയ്തു.’’ – തങ്കൻ തിരുവട്ടാർ ഓർമിച്ചു.
മിൻമിനിയെന്ന ഗായിക
അന്ന് ആലപ്പുഴയിൽ നിന്നു പാവാടക്കാരിയായ ഒരു പെൺകുട്ടി അച്ഛനോടൊപ്പം സ്റ്റുഡിയോയിലെത്തി. ആ കുട്ടിയാണ് ഇതിൽ സ്ത്രീ ശബ്ദം പകർന്നത്. അതിമനോഹരമായ ആലാപനശേഷിയുള്ള മിനി ആന്റണിയെന്ന ആ കുട്ടിയാണ് പിൽക്കാലത്ത് ‘മിൻമിനി’യെന്നു പ്രസിദ്ധയായത്. കാസറ്റിൽ മിനിയെന്നാണ് ഉപയോഗിച്ചിരിക്കുന്നത്
തങ്കൻ തിരുവട്ടാർ
നാഞ്ചിനാട് എന്ന പേരിലറിയപ്പെടുന്ന കന്യാകുമാരി ജില്ലയിലെ പ്രമുഖ താലൂക്കുകളിലൊന്നാണ് തിരുവട്ടാർ. ആയിരത്താണ്ടുകളുടെ പഴക്കമുള്ള തിരുവട്ടാർ ആദികേശ ക്ഷേത്രം ഇവിടെയാണ്. അനന്തശായിയായ ആദികേശവപ്പെരുമാളാണിവിടത്തെ പ്രതിഷ്ഠ. ഈ നാട്ടുകാരനാണ് തങ്കൻ തിരുവട്ടാർ. കുമാരൻ നായർ എന്നാണ് യഥാർഥ പേര്. അതു തങ്കൻ തിരുവട്ടാർ എന്നാക്കിയത്. മലയാള ചലച്ചിത്ര തറവാടിലെ കാരണവസ്ഥാനം അലങ്കരിച്ചിരുന്ന തിക്കുറിശി സുകുമാരൻ നായരാണ്.
പിൽക്കാലത്ത് ആകാശവാണി ആർട്ടിസ്റ്റായി പ്രസിദ്ധനായ തങ്കൻ തിരുവട്ടാർ നൂറുകണക്കിന് ഗാനങ്ങൾ ആകാശവാണിക്കായി രചിച്ചു. ഗുരുവായൂരപ്പ ഭക്തിഗാന ആൽബമായ പാഞ്ചജന്യത്തിലെ ‘ബ്രഹ്മ മുഹൂർത്തത്തിലുണർന്നു’ ഉൾപ്പെടെയുള്ള അഞ്ചു പാട്ടുകൾ, ചോറ്റാനിക്കര സുപ്രഭാതം തുടങ്ങിയ ഒട്ടേറെ ആൽബങ്ങൾക്കു ഗാനരചന നിർവഹിച്ചു. യേശുദാസ്, കെ.എസ്.ചിത്ര, ജി.വേണുഗോപാൽ തുടങ്ങിയവരൊക്കെ ആലപിച്ചു.
ജാസി ഗിഫ്റ്റ് ആദ്യമായി ഈണമിട്ട ‘സഫല’മെന്ന ചലച്ചിത്രത്തിലെ ‘തു വെള്ളതൂകുന്നുഷസ്സിൽ’ എന്ന വരികളും രചിച്ചു. തിരുവട്ടാർ ആദികേശവപ്പെരുമാളിന്റെ ഭക്തനായതിനാൽ ആറ്റുകാൽ ഭക്തി ഗാനത്തിലും തന്റെ ഉപാസനാ മൂർത്തിയെ സ്മരിച്ചിട്ടുണ്ട്.
‘ആദികേശവ സോദരി
മംഗള ഹർഷണ മഹിമ ശ്രീ,
ആറ്റുകാലധിവാസിനി
ഭഗവതി സന്മതി സുഖദശ്രീ..’ എന്ന വരികളിൽ. ആറ്റുകാൽ ഭഗവതി പദ്മനാഭ സഹോദരിയാണെന്നും വിശ്വാസമുണ്ട്.
ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു വലിയ അപകടത്തെ അതിജീവിച്ച അദ്ദേഹം രചനകളുമായി വീണ്ടും സജീവമാണ്. സംഗീതജ്‍ഞ ഡോ. ഓമനക്കുട്ടി നടത്തുന്ന ഒരു ഗവേഷണത്തിൽ സഹായിച്ചുവരുന്നു. പെരുന്താന്നി എൻഎസ്എസ് സ്കൂൾ മുൻ അധ്യാപിക സുഭദ്ര തങ്കച്ചിയാണു ഭാര്യ.