അവൻ അകന്നെങ്കിലും അവൾ ഞെട്ടറ്റുവീണില്ല; പുതുകാലത്തെ പെണ്ണിന്റെ പാട്ടായി 'സമാ മിന'
Mail This Article
അവളുടെ ജീവനും ജീവന്റെ സംഗീതവും അവനായിരുന്നു.... നീലാംഗനപ്പൂപോലെ അവള് ഉള്ളില്‍ നിറച്ചതും അവന്റെ സുഗന്ധമായിരുന്നു... പാതി അവസാനിപ്പിച്ച പാട്ടുപോലെ ഒരിക്കല്‍ അവന് നടന്നകന്നപ്പോഴും അവള് ഞെട്ടറ്റുവീണല്ല... അപ്പോഴും ഓര്‍ത്തെടുക്കാനും ഓര്‍മകള്‍ മായ്ക്കാനും അവളിഷ്ടപ്പെടുന്നില്ല. പ്രണയം പകര്‍ന്ന വേദനയില്‍ വാടിതളരാത്ത പുതുകാലത്തെ പെണ്ണിന്റെ പാട്ട്... വനിതാദിനത്തില്‍ വേറിട്ട സംഗീതവുമായി 'സമാ മിന' (എന്റെ പ്രണയം) ശ്രദ്ധേയമാകുന്നു.
ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് അനിലാണ് സംഗീതം. ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ രചിച്ചത് രാജീവ് ഗോവിന്ദനാണ്. മഞ്ജരിയാണ് ആലാപനം. പ്രണയത്തിന്റെ ആര്ദ്രവികാരങ്ങളില് ഉള്‍വലിയാതെ പ്രതികരിക്കുന്ന പെണ്ണിന്റെ കഥകൂടിയാണ് ഈ ഗാനത്തിലൂടെ ആവിഷ്ക്കരിക്കുന്നത്. ഗാനത്തിന്റെ ആശയവും രാജീവ് ഗോവിന്ദന്റേതു തന്നെയാണ്. ഡോ. എസ്. മഹേഷാണ് സംവിധാനം. ഫൈസല്‍ അലി ക്യാമറയും അരുണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ശ്രദ്ധ അംമ്പു, ശ്യാം മോഹൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.