ADVERTISEMENT

ഗർഭകാല വിശേഷങ്ങളുമായി വീണ്ടും ഗായിക ശ്രേയ ഘോഷാൽ. കുടുംബാംഗങ്ങളെല്ലാം എപ്പോഴും തന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഒപ്പമുണ്ടെന്നും വീട്ടിൽ ഒരു കുഞ്ഞതിഥിയെത്തുന്നതിന്റെ സന്തോഷത്തിൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ശ്രേയ പറഞ്ഞു. കുഞ്ഞിനു പേര് കണ്ടെത്താൻ ശ്രമിക്കുകയാണെന്നു പറഞ്ഞ ഗായിക ആരാധകർക്കും അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കാം എന്നും കൂട്ടിച്ചേർത്തു. ഗർഭകാലത്ത് ഒരുപാട് ഒഴിവു സമയം കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇപ്പോഴും ജോലിത്തിരക്കുകൾ ഉണ്ടെന്നും ശ്രേയ ഘോഷാൽ വെളിപ്പെടുത്തി. 

‘‍ഗർഭകാലത്ത് ഒരുപാട് ഒഴിവു സമയം കിട്ടുമെന്നായിരുന്നു ഞാൻ വിചാരിച്ചത്. പക്ഷേ ഇപ്പോഴും ഞാൻ എന്റെ ജോലികളുമായി ബന്ധപ്പെട്ടുള്ള തിരക്കിൽ ആണ്. ഓരോ ദിവസവും എത്ര വേഗമാണ് കടന്നു പോകുന്നതെന്ന് എനിക്കു വിശ്വസിക്കാൻ പോലും കഴിയുന്നില്ല. പക്ഷേ ഈ തിരക്കുകള്‍ ഞാൻ ഒരുപാട് ആസ്വദിക്കുന്നു. വീട്ടിൽ എല്ലാവരും കുഞ്ഞുവാവയുടെ വരവിനു വേണ്ടി കാത്തിരിക്കുകയാണ്. ഈ സമയത്തെല്ലാം അവർ എന്റെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നു. 

എന്റെ മാതാപിതാക്കൾ എന്നെ ഒരുപാട് ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നു. മുത്തശ്ശനും മുത്തശ്ശിയും ആകുന്ന നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അവർ. ഗർഭകാലത്തെ എന്റെ ആഹാരപ്രിയത്തെയും വാശികളെയുമെല്ലാം അവർ സ്നേഹപൂർവം കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെ ഭർതൃമാതാപിതാക്കളും എന്നെ ശ്രദ്ധയോടെ പരിപാലിക്കുന്നു. എന്റെ സഹോദരനും എന്റെ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്. 

വീട്ടിലെ എല്ലാവരും സന്തോഷത്തിലാണ്. എന്റെ വളർത്തു നായയായ ഷെർലോക്കും അവനു ചുറ്റും നടക്കുന്ന കാര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. വീട്ടിൽ ഒരു കുഞ്ഞതിഥി എത്താൻ പോകുന്നു എന്ന് അവനും മനസ്സിലാക്കിയിട്ടുണ്ടാകണം. അതിന്റേതായ ആകാംക്ഷ അവനിലും കാണാൻ സാധിക്കുന്നുണ്ട്.’, ശ്രേയ ഘോഷാൽ പറഞ്ഞു. 

ഭർത്താവ് ശൈലാദിത്യയെക്കുറിച്ച് ശ്രേയ ഘോഷാൽ കഴിഞ്ഞ ദിവസം മനസ്സ് തുറന്നിരുന്നു. തന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ച് എപ്പോഴും അദ്ദേഹം ഒപ്പമുണ്ടെന്നും വാശികൾക്കും കൊഞ്ചലുകൾക്കും കൂട്ടുനിൽക്കുന്നുവെന്നും ശ്രേയ വെളിപ്പെടുത്തി. ഒരാഴ്ച മുൻപാണ് ആദ്യകണ്‍മണിയെ കാത്തിരിക്കുകയാണെന്ന വാർത്ത ശ്രേയ ഘോഷാലും ഭർത്താവും ആരാധകരെ അറിയിച്ചത്. 2015ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com