അന്ന് ഒരുമിച്ചു ചിയേഴ്സ് പറഞ്ഞു, ഇന്ന് നിറവയറോടെ കൺമണിക്കായി കാത്തിരുപ്പ്; അമ്മയാകാന്‍ ഒരുപോലെ ഒരുങ്ങി കൂട്ടുകാരികൾ
Mail This Article
ഗായകരും സുഹൃത്തുക്കളുമായ ശ്രേയ ഘോഷാലും നീതി മോഹനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ശ്രേയ ഘോഷാലിന്റെ ജന്മദിനമായ ഇന്നലെ ആശംസകൾ നേർന്ന് നീതി മോഹൻ ആണ് ചിത്രം പോസ്റ്റ് ചെയ്തത്. കറുപ്പഴകിൽ തിളങ്ങിയാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷത്തെ ആഘോഷവേളയിലെടുത്ത ചിത്രമാണത്. ഇപ്പോൾ ഇരുവരും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിനൊപ്പം നീതി മോഹൻ കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്.
‘കഴിഞ്ഞ വർഷം ഈ ദിനത്തിൽ നമ്മൾ രണ്ടുപേരും കപ്പൂച്ചിനോ കയ്യിൽ പിടിച്ച് ചിയേഴ്സ് പറഞ്ഞു. ഈ വർഷം നമ്മൾ അമ്മമാരാകാൻ ഒരുങ്ങുകയും നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം സന്തോഷിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നു. നമ്മുടെ ഒരുപോലുള്ള ഈ അവസ്ഥ തികച്ചും യാദൃശ്ചികമാണ്. ജീവിതം ഇപ്പോൾ എത്ര സുന്ദരമാണ്. ശ്രേയ, നീ എന്നും എനിക്കൊരു പ്രചോദനമാണ്. ഈ ഗർഭകാലത്ത് വളരെ ആരോഗ്യത്തോടെയിരിക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. മികച്ച അമ്മയാകാൻ നിനക്കു സാധിക്കട്ടെ എന്നാശംസിക്കുന്നു’, നീതി മോഹൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
നീതിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. അമ്മയാകാനൊരുങ്ങുന്ന പ്രിയഗായികമാർക്ക് ആരാധകർ ആശംസകൾ നേർന്നു. കഴിഞ്ഞയാഴ്ചയാണ് ആദ്യകൺമണിയെ കാത്തിരിക്കുകയാണെന്ന വാർത്ത ശ്രേയ ഘോഷാലും ഭർത്താവ് ശൈലാദിത്യയും ആരാധകരെ അറിയിച്ചത്. നിറവയറിൽ കൈ ചേർത്തു നിൽക്കുന്നതിന്റെ ചിത്രവും ഗായിക പങ്കുവച്ചു. വീട്ടുകാരുടെ കരുതലിനെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചും ഗായിക മനസ്സ് തുറന്നു.
ഗർഭിണിയാണെന്ന വിവരം കഴിഞ്ഞ മാസമാണ് ഗായിക നീതി മോഹന്‍ വെളിപ്പെടുത്തിയത്. നടൻ നിഹാർ പാണ്ഡ്യ ആണ് നീതിയുടെ ഭർത്താവ്. 2019 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. നിറവയറുമായി വർക്കൗട്ട് ചെയ്യുന്നതിന്റെയും ചുവടുവയ്ക്കുന്നതിന്റെയും വിഡിയോകൾ നീതി പങ്കുവച്ചിരുന്നു. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോകൾക്ക് പ്രോത്സാഹനങ്ങൾക്കൊപ്പം വിമർശനങ്ങളും ഉയരുന്നിരുന്നു. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ഗായിക ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ശ്രേയ ഘോഷാലിനൊപ്പമുള്ള ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.