ADVERTISEMENT

ലോകസംഗീതതാരങ്ങളെ പ്രഖ്യാപിച്ച് 63ാമത് ഗ്രാമി. പ്രതീക്ഷകൾക്കും പ്രവചനങ്ങള്‍ക്കും അതീതമായി പല താരങ്ങളും അവസാനഘട്ടത്തിൽ ഗ്രാമി നേടാനാകാതെ മടങ്ങി. അപ്രതീക്ഷിതമായി പലരും ഗ്രാമി നേട്ടത്തിൽ തിളങ്ങുകയും ചെയ്തു. ലോസ് ആഞ്ചൽസിൽ വച്ചാണ് ഗ്രാമി പുരസ്കാരപ്രഖ്യാപനം നടന്നത്. പ്രഖ്യാപനം ജനുവരിയിൽ നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ച് നാമനിർദ്ദേശപ്പട്ടികയിൽ ഭൂരിഭാഗവും വനിതാതാരങ്ങൾ ഇടം പിടിച്ചത് വലിയ വാർത്തയായിരുന്നു. ആരാധകവൃന്ദത്തെ ഒന്നാകെ അമ്പരപ്പിച്ചാണ് പല താരങ്ങളും പുരസ്കാരനേട്ടം കൊയ്തത്.  

ബെസ്റ്റ് പോപ് സോളോ പെർഫോമൻസ് വിഭാഗത്തിൽ ഹാരി സ്റ്റൈൽസ് പുരസ്കാരം നേടി. ‘വാട്ടർമെലൻ ഷുഗർ’ എന്ന ആൽബത്തിനാണ് ഹാരിയുടെ പുരസ്കാരനേട്ടം. മേഗൻ ദീ സ്റ്റാലിയൻ ആണ് ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു മരിച്ച അമേരിക്കൻ സംഗീതജ്ഞൻ ജോൺ പ്രിൻ അവസാനമായൊരുക്കിയ ആൽബവും ഗ്രാമി നേടി. മരണാനന്തര ബഹുമതിയായാണ് ജോണിനെ പുരസ്കാരം തേടിയെത്തിയത്. പതിനെട്ടാം വയസ്സിൽ 5 ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കി കഴിഞ്ഞ വർഷത്തെ ഗ്രാമി വേദിയില്‍ തിളങ്ങിയ ബില്ലി ഐലിഷ് ഇത്തവണയും നേട്ടം കൊയ്തു. ഗായികയുടെ ‘നോ ടൈം ടു ഡൈ’ എന്ന ആൽബത്തിനാണ് പുരസ്കാരം. 

മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിൽ ലേഡി ഗാഗയ്ക്കും അരിയാനാ ഗ്രാന്‍ഡെയ്ക്കും പുരസ്കാരനേട്ടം. ഇരുവരും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് ഗ്രാമി നേടിയത്. പോപ് കൺട്രി ആൽബം വിഭാഗത്തിൽ മിറാൻഡ ലാംബേർട്ടിന്റെ വൈൽഡ് കാർഡ് പുരസ്കാരം സ്വന്തമാക്കി. ‘ദ് ന്യൂ അബ്നോർമൽ’ മികച്ച റോക്ക് ആൽബമായി തിരഞ്ഞെടുക്കപ്പെട്ടു. ട്രെഡീഷനൽ പോപ് വോക്കൽ ആൽബം വിഭാഗത്തിൽ ജെയിംസ് ടെയ്‌ലറിന്റെ അമേരിക്കന്‍ സ്റ്റാൻഡേർഡ് പുരസ്കാരം സ്വന്തമാക്കി. ചിൽഡ്രൻസ് മ്യൂസിക് ആൽബം വിഭാഗത്തിൽ ജൊവാനി ലീഡ്സ് ഗ്രാമി നേടി. ‘ഓൾ ദ് ലേഡീസി’നാണ് പുരസ്കാരം. ഗ്ലോബൽ മ്യൂസിക് ആൽബമായി ബർണ ബോയ്‌യുടെ ‘ട്വൈസ് ആസ് ടോൾ’ തിരഞ്ഞെടുക്കപ്പെട്ടു. ഗില്ലിയൻ വെൽച്ചിന്റെയും ഡേവിഡ് റോളിങ്ങിന്റെയും ‘ഓൾ ദ് ഗുഡ് ടൈംസാ’ണ് മികച്ച ഫോക്ക് ആൽബം. സാറാ ജാറോസിന്റെ ‘വേൾഡ് ഓൺ ദ് ഗ്രൗണ്ട്’ മികച്ച അമേരിക്കാന ആൽബമായും ഗ്രാമിയിൽ തിളങ്ങി. 9 വിഭാഗങ്ങളിലേയ്ക്കു നാമനിർദ്ദേശം ലഭിച്ചിരുന്നെങ്കിലും ഒടുവിൽ പോപ് താരം ബിയോൺസിക്കു നിരാശയായിരുന്നു ഫലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com