ADVERTISEMENT

നാമനിർദ്ദേശപ്പട്ടിക പുറത്തായ അന്നു മുതൽ ലോകം കണ്ണിമവെട്ടാതെ നോക്കിയിരുന്നത് ഒരു ഏഴംഗസംഘത്തെയായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് കോടിക്കണക്കിന് ആരാധകരെ വാരിക്കൂട്ടി സംഗീതലോകത്ത് ചുവടുറപ്പിച്ച ദക്ഷിണകൊറിയൻ ബോബ് ബാൻഡ് ബിടിഎസ്. സംഘത്തിന് ഗ്രാമി നാമനിർദ്ദേശം ലഭിച്ചതു വലിയ വാർത്തയായിരുന്നു. എന്നാൽ അവസാനം ഗ്രാമിയില്‍ തൊടാനാകാതെ ഈ ബോയ് ബാൻഡിന് നിരാശരായി മടങ്ങേണ്ടി വന്നു. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കാണ് ബിടിഎസിനു നാമനിർദ്ദേശം ലഭിച്ചത്. സംഘം കഴിഞ്ഞ വർഷം പുറത്തിറക്കിയ ‘ഡൈനമൈറ്റ്’ ആണ് പുരസ്കാരനേട്ടത്തിനായി പരിഗണിക്കപ്പെട്ടത്. യൂട്യൂബിലെ സർവകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ട് ചുരുങ്ങിയ സമയത്തിനകമാണ് സംഘത്തിനു ഗ്രാമി ലഭിക്കുമെന്ന് പലരും പ്രവചിക്കുക പോലുമുണ്ടായി. പൂർണ്ണമായും ഇംഗ്ലിഷിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഹിറ്റ് 'ഡൈനമൈറ്റ്' സെപ്റ്റംബറിൽ ബിൽബോർഡ് ഹോട്ട് 100 സിംഗിൾസ് ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ അവർ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ‘ലൈഫ് ഗോസ് ഓൺ’ എന്ന സിംഗിൾ ബാൻഡ് പിന്നീട് ഉപേക്ഷിച്ചു. ബി എന്ന ആൽബത്തിലേതായിരുന്നു ഈ സിംഗിൾ.

ആഗോള പോപ്പ് സെൻസേഷൻ ഗ്രൂപ്പിന് ഇനിയൊരു ഗ്രാമിയാണു വേണ്ടതെങ്കിൽ അവർ അതും നേടുമെന്നായിരുന്നു ആരാധകവൃന്ദത്തിലെ പൊതുസംസാരം. ബാൻഡിലെ ഊർജ്ജസ്വലനും സുന്ദരനുമായ ഷുഗ ആശിച്ചതൊന്നും നേടാതെ പോയിട്ടില്ല എന്നായിരുന്നു ആരാധകരുടെ ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനം. എന്നാൽ ഷുഗയും മറ്റ് ആറു പേരും 63ാമത് ഗ്രാമിയിൽ മുത്തമിടാനാകാതെ മടങ്ങി. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിൽ ലേഡി ഗാഗയ്ക്കും അരിയാനാ ഗ്രാന്‍ഡെയ്ക്കുമാണ് പുരസ്കാരനേട്ടം. ഇരുവരും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് ഗ്രാമി നേടിയത്.

ഗ്രാമി നേട്ടത്തിനായി തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബാൻഡ് ലീഡറായ ആർ എം വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ ആൽബമായ ബിയുടെ ലോഞ്ചിനിടെയാണ് അദ്ദേഹം സ്വപ്ന സമാനമായ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. ഗ്രാമിയെക്കുറിച്ചു ടെൻഷൻ ഇല്ലെന്നു പറഞ്ഞാൽ അത് നുണയായിപ്പോകുമെന്നും ഈ 26 കാരൻ പറഞ്ഞു. സംഘത്തിലെ ഷുഗയുടെ ആഗ്രഹം പോലെ തന്നെ അദ്ദേഹം കൊറിയൻ സംഗീത അവാർഡ് ഷോയിലെ മഹത്തായ അവാർഡായ ദേസാങ് അവാർഡ് നേടുകയും ബിൽബോർഡ് ചാർട്ടുകളിൽ പ്രവേശിക്കുകയും ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. 

2013ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ബിടിഎസ് എന്ന് വിളിപ്പേരുള്ള 'ബാങ്താൻ സൊന്യോൻദാൻ' എന്ന ബാൻഡ് ആകർഷണീയമായ സംഗീതത്തോടൊപ്പം യുവജനങ്ങളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള വരികളുമായി സാമൂഹിക പ്രചാരണങ്ങളും നടത്തി മുന്നേറുകയാണ്. ബാൻഡ് ഇതിനോടകം തന്നെ ബിൽബോർഡ് മ്യൂസിക് അവാർഡ്, അമേരിക്കൻ മ്യൂസിക് അവാർഡ്, എംടിവി യൂറോപ്പ് മ്യൂസിക് അവാർഡ് ഇനീ ബഹുമതികൾ നേടിയിട്ടുണ്ട്. ആർ‌എം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജംഗൂക്ക് എന്നിവരാണ്‌ ബി‌ടി‌എസ് അംഗങ്ങൾ. 

ബിടിഎസിലെ അംഗങ്ങളെല്ലാം തന്നെ ബാൻഡിലെ എല്ലാ ജോലികളിലും പങ്കാളികളാണ്. ജിമിൻ ആണ് ആൽബത്തിന്റെ പ്രോജക്ട് മാനേജർ. ലീഡ് സിംഗിളിനായി മ്യൂസിക് വിഡിയോ സംവിധാനം ചെയ്തത് ജംഗൂക്കും വിഷ്വൽ ഡയറക്ടറുടെ ചുമതല വി-ക്കും ആയിരുന്നു. അടുത്തിടെ ബിടിഎസ് വെർച്വൽ കോൺസെർട്ടിനു 191 രാജ്യങ്ങളിൽ നിന്ന് 990,000ൽ അധികം കാഴ്ചക്കാരുണ്ടായിരുന്നു. 45 മില്യൺ ഡോളറിന്റെ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് അന്നു നടന്നത്. കോവിഡ് വ്യാപനം മൂലം ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 40 ഓളം കോൺസെർട്ടുകൾ ബാൻഡിന് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com