ADVERTISEMENT

അകാലത്തിൽ വിടവാങ്ങിയ സഹോദരിയുടെ ഓർമകളിൽ വേദനയോടെ സംഗീതസംവിധായകൻ രാഹുൽ രാജ്. പ്രിയപ്പെട്ട ചേച്ചിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ കുറിച്ച ഹൃദയസ്പർശിയായ വാക്കുകൾ ആരാധകരെയും നൊമ്പരപ്പെടുത്തുകയാണ്. രാഹുലിന്റെ ഏകസഹോദരി രഹന ഓർമയായിട്ട് ഇത് അ‍ഞ്ചാം വർഷമാണ്. കാൻസർ ബാധിതയായി ചികിത്സയിൽ കഴി‍ഞ്ഞ രഹന 2016ലാണ് മരണത്തിനു കീഴടങ്ങിയത്. 

‘പ്രിയപ്പെട്ട ചേച്ചീ, നിങ്ങൾ മറഞ്ഞിട്ട് വർഷം 5 തികയുന്നു. നമ്മൾ ഒരുമിച്ചുു കണ്ട സ്വപ്നങ്ങളിൽ പലതും ഞാൻ ചെയ്തു തീർക്കാൻ കാരണം നിങ്ങളാണ്. അതിൽ പലതും അസാധ്യമാണ് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. നമ്മുടെ ലിസ്റ്റിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാന്‍ ബാക്കിയുണ്ട്. അകവും പുറവും എന്നെ ഒരുപോലെ അറിയുന്ന, മനസ്സിലാക്കിയ ഒരേ ഒരാൾ നിങ്ങളായിരുന്നു ചേച്ചീ. പക്ഷേ നിങ്ങൾ എന്നെ പാതിവഴിയിലിട്ട് എങ്ങോ പോയ് മറഞ്ഞു. എങ്കിലും എനിക്കറിയാം, ജീവിതം മുന്നോട്ടു പോയേ പറ്റൂ. ലോകത്തിലെ ഓരോ സഹോദരനും അവരുടെ സഹോദരി എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്നു മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ ഒപ്പമുള്ളപ്പോൾ നാം അവരുടെ മൂല്യം തിരിച്ചറിയാറില്ല.’– രാഹുൽ രാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. 

രഹനയെക്കുറിച്ചുള്ള ഓർമകൾ ഇതിനു മുൻപ് മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ രാഹുൽ പങ്കുവച്ചിരുന്നു. മലയാളത്തിലെ ഹിറ്റ് മേക്കറായി നിൽക്കുമ്പോൾ കരിയറിൽ നിന്നും ബ്രേക്ക് എടുത്ത് സംഗീതത്തിൽ കൂടുതൽ പഠനം നടത്താനായി രാഹുൽ വിദേശത്തേയ്ക്കു പോയിരുന്നു. പ്രശസ്തമായ ബേര്‍ക്‌ലീ കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് ഫിലിം കമ്പോസിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. അതു യഥാർഥത്തിൽ തന്നേക്കാളേറെ ആഗ്രഹിച്ചത് ചേച്ചി ആയിരുന്നു എന്നും എന്നാൽ ആ സ്വപ്നം യാഥാർഥ്യമായപ്പോൾ ചേച്ചി ഈ ഭൂമിയിൽ നിന്നു തന്നെ മറഞ്ഞു എന്നും രാഹുൽ പറയുന്നു. ആ പഠനം ചേച്ചിക്കു വേണ്ടിയുള്ള ഒരു ആഗ്രഹസഫലീകരണം കൂടിയായിരുന്നു എന്നും രാഹുൽ വെളിപ്പെടുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com