സാരിയും മുല്ലപ്പൂവും കൂളിങ് ഗ്ലാസും, അഡാർ ലുക്കിൽ പാട്ട് പാടി രമ്യ നമ്പീശൻ; ഒപ്പം രാജേഷ് വൈദ്യയും; വിഡിയോ
Mail This Article
പ്രശസ്ത വീണാ വാദകൻ രാജേഷ് വൈദ്യയും നടിയും ഗായികയുമായ രമ്യ നമ്പീശനും ചേർന്നൊരുക്കിയ സംഗീത വിഡിയോ പ്രേക്ഷകപ്രശംസ നേടുന്നു. രാജേഷ് വൈദ്യയുടെ വീണാനാദത്തിനൊപ്പമാണ് രമ്യ നമ്പീശന്റെ ഗാനാലാപനം. ‘കാതലിക്കും പെണ്ണിൻ കൈകൾ’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചത്.
സാരി ഞൊറിഞ്ഞുടുത്ത് മുല്ലപ്പൂ ചൂടി കൂളിങ് ഗ്ലാസും ധരിച്ചാണ് രമ്യ നമ്പീശൻ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പാട്ടിൽ ഇടയ്ക്കു താരം ചുവടുവയ്ക്കുന്നുമുണ്ട്. രമ്യയുടെ ലുക്ക് ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. രാജേഷ് വൈദ്യയുടെ വീണയിലെ വേഗവിരൽ മാന്ത്രികത ആസ്വാദകരെ വിസ്മയിപ്പിച്ചു. ഇതിനോടകം ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇരുവരുടേതും അഡാർ കോംബോ ആണെന്നാണ് ആസ്വാദകപക്ഷം.
‘കാതലൻ’ എന്ന ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഒരുക്കിയ പാട്ടാണ് ‘കാതലിക്കും പെണ്ണിൻ കൈകൾ’. വൈരമുത്തു വരികൾ കുറിച്ച ഗാനം എസ്.പി.ബാലസുബ്രഹ്മണ്യവും ഉദിത് നാരായണനും പല്ലവിയും ചേർന്നാണ് ആലപിച്ചത്. പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്.