ഭക്തി നിർഭരമായി ‘മഹാദേവ’; പ്രേക്ഷക മനം തൊട്ട് കാർത്തിക വൈദ്യനാഥന്റെ ആലാപനം
Mail This Article
ശിവരാത്രിയോടനുബന്ധിച്ച് ഗായിക കാർത്തിക വൈദ്യനാഥൻ പുറത്തിറക്കിയ ‘മഹാദേവ’ സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. കാർത്തിക തന്നെയാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മികച്ച ആസ്വാദനാനുഭവം സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിയത്. കാർത്തികയുടെ ഭർത്താവ് സതീഷ് രഘുനാഥ് ആണ് മ്യൂസിക് അറേഞ്ച്മെന്റ്സ് ചെയ്തിരിക്കുന്നത്. ഡോ.ശ്രീജിത്ത് ആണ് കൊറിയൊഗ്രഫി നിർവഹിച്ചത്. പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി യുവകലാകാരന്മാരും എത്തുന്നു. അൽക്ക വാരിയർ, ഷെമ്‌ലി അഗസ്റ്റിൻ, മനീഷ് മണി, ആൻ മരിയ, സനോജ് വിൻസെന്റ്, അഖിൽ, സുമേഷ്, ഷാനു എന്നിവരാണ് പാട്ടിനൊപ്പം ചുവടുവച്ചത്.
പാട്ട് ഇതിനോടകം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സിനോജ് പി അയ്യപ്പനും അമോഷ് പുതിയാറ്റിലും ചേർന്നാണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. ദുന്തു രഞ്ജീവ് രാധയാണ് കലാസംവിധാനം. കാർത്തിക വൈദ്യനാഥന്റെ ഭക്തിനിർഭരമായ ആലാപനം ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം.
കർണാട്ടിക് സംഗീതജ്ഞയാണ് കാർത്തിക വൈദ്യനാഥൻ. കർണാടകസംഗീതത്തിലെ ഏറ്റവും മികച്ച കൃതികളുടെ കവർ പതിപ്പുകൾ ചെയ്തുകൊണ്ടാണ് കാർത്തിക ശ്രദ്ധേയയാകുന്നത്. ഗായിക ഈയടുത്ത കാലത്ത് പുറത്തിറക്കിയ ‘രാമ നാമ’ ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ഇപ്പോൾ പുറത്തിറക്കിയ വിഡിയോയും സംഗീതാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. കാർത്തികയുടെ സഹോദരി കീർത്തനയും കർണാടക സംഗീതജ്ഞയാണ്.