ADVERTISEMENT

‘പുഴയോരത്തിൽ പൂത്തോണി എത്തീല്ല

മന്ദാരം പൂക്കും മറുതീരത്താണോ

പുന്നാകം പൂക്കും പുഴയോരത്താണോ

ആരാരും കണ്ടോ ദൂരെ എൻ പൂത്തോണി.....’

മലയാളി ഹൃദയം കൊണ്ടു കേട്ടു പരിചയിച്ച ഈ ഗാനം വീണ്ടും പാട്ടു പ്രേമികൾക്കരികിൽ എത്തിയിരിക്കുകയാണ്, നർത്തകിയും അഭിനേത്രിയും ഗായികയുമായ കൃഷ്ണപ്രഭയുടെ സ്വരഭംഗിയിലൂടെ. താരത്തിന്റെ താളം മുറിയാതെയുള്ള ആലാപനത്തിലൂടെ ആസ്വാദകർ ആവർത്തിച്ചു കേൾക്കുകയാണ് ‘പുഴയോരത്തിലെ പൂത്തോണി’യുടെ പുത്തൻ കവർ പതിപ്പ്. സിജോ ആന്റണിയുടെ ഗിറ്റാർ ഈണവും സാമുവൽ തോമസിന്റെ കീബോർഡ് താളവും കൃഷ്ണപ്രഭയുടെ നാദത്തിനൊപ്പം ഒന്നായ് അലിഞ്ഞ് ആസ്വാദകഹൃദയങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങിക്കഴിഞ്ഞു. ചുരുങ്ങിയസമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

1989ൽ ‘അഥർവം’ എന്ന ചിത്രത്തിലൂടെ മലയാളഹൃദയങ്ങളിൽ കയറിക്കൂടിയ മനോഹര ഗീതമാണിത്. ഇളയരാജയുടെ ഈണത്തിനൊപ്പം ഗാനരംഗത്തില്‍ സിൽക്ക് സ്മിത ആടിയ നൃത്തം ആരാധകഹൃദയങ്ങളെ ഒന്നാകെ തൊട്ടതാണ്. സ്മിതയുടെ ചുവടുകൾ കാണാന്‍ വേണ്ടി മാത്രം പലയാവര്‍ത്തി ആ ചിത്രം കണ്ടവരും നിരവധി. കെ.എസ്.ചിത്രയാണ് പാട്ടിന്റെ പിന്നണിയിൽ സ്വരമായത്. വരികൾ കുറിച്ചത് ഒഎൻവി കുറിപ്പ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്. 

യഥാർഥ പാട്ടിന്റെ തനിമ ചോരാതെയുള്ള കൃഷ്ണപ്രഭയുടെ ആലാപനവും ആസ്വാദകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മികച്ച ദൃശ്യാനുഭവം കൂടി കോർത്തിണക്കിയാണ് താരം കവർ പതിപ്പ് ഒരുക്കിയത്. നാടൻ പെണ്ണിന്റെ ചേലോടെയാണ് കൃഷ്ണപ്രഭ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. കാറ്റിൽ അലസമായി ആടിയുലയുന്ന മുളന്തണ്ടുകളും നാട്ടഴക് തെളിയുന്ന പച്ചപ്പും പാട്ടിന്റെ ദൃശ്യമികവ് ഒരു മടങ്ങു കൂടി വർധിപ്പിക്കുന്നു. രാജ് ശങ്കറും സേലു റഹ്മാൻ ഖാനും ചേർന്നാണ് പാട്ടിനു വേണ്ടി മിഴിവാർന്ന ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com