ADVERTISEMENT

മഹാകവി ഒ.എൻ.വി.കുറുപ്പിന്റെ കൊച്ചുമകളും പിന്നണി ഗായികയുമായ അപർണ രാജീവ് പുറത്തിറക്കിയ പുതിയ കവർ ഗാനം ശ്രദ്ധേയമാകുന്നു. ‘കാതിൽ തേൻമഴയായ്’ എന്ന എക്കാലത്തെയും ഹിറ്റിനാണ് അപർണയുടെ കവർ. ജയരാജിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ ‘തുമ്പോളി കടപ്പുറം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സലീൽ ചൗധരിയുടെ ഈണത്തിൽ കെ.ജെ.യേശുദാസ് ആണ് ഗാനം ആലപിച്ചത്. പാട്ടിനു വേണ്ടി പെൺസ്വരമായത് കെ.എസ്.ചിത്ര. ഒ.എൻ.വി.കുറുപ്പിന്റേതാണു വരികൾ.   

‘കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ

മധുരമായ് പാടും മണിശംഖുകളായ്

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ...’

രണ്ടര പതിറ്റാണ്ടിലേറെയായി മലയാളി പലയാവർത്തിയായി മൂളി നടക്കുന്ന ഹിറ്റാണ് ‘കാതില്‍ തേന്‍മഴയായ്’. കണ്ടും കേട്ടും മതിവരാത്ത മനോഹര ഗീതങ്ങളിൽ ഒന്ന്. പാട്ടിന് ഇതിനോടകം നിരവധി കവർ പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. അപർണ രാജീവിന്റെ ഗാനവും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. യഥാർഥ പാട്ടിന്റെ തനിമ ചോരാതെ പുനരാവിഷ്കരിക്കാനുള്ള അപർണയുടെ ശ്രമം വിജയിച്ചു എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകരിൽ എത്തിയത്. ജോബിൻ കായനാട് ആണ് ഗാനരംഗങ്ങളുടെ സംവിധാനവും ചിത്രീകരണവും നിർവഹിച്ചത്. മെൻഡോസ് ആന്റണി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തു. 

ദൃശ്യാവിഷ്കാരത്തിലും ആലാപനത്തിലും മികവു പുലർത്തുന്ന ഗാനത്തിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. അപർണയുടെ ആലാപനം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണമായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അനന്തരാമൻ അനിൽ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷനും പ്രോഗ്രാമിങ്ങും നിർവഹിച്ചത്. മിക്സിങ്ങും മാസ്റ്ററിങ്ങും അനിൽ അർജുനൻ ആണ്. ഇതിനു മുൻപും അപർണ ഒരുക്കിയ ഗാനങ്ങൾക്കു വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com