നിലയ്ക്കില്ല, ഈണം..; കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് പുതിയ സംഗീതോപകരണങ്ങൾ
Mail This Article
കോവിഡ് കാലം കവർന്നെടുത്ത, കണ്ണൂർ സെൻട്രൽ ജയിലിലെ സംഗീതം തിരിച്ചെത്തും. തടവുകാർ സംഗീതം അഭ്യസിച്ചിരുന്ന ഗിറ്റാറുകളും കീ ബോർഡും തുരുമ്പെടുത്തു നശിച്ചിരുന്നു. ഇതിനു പകരമായി സോയ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നു പുതിയ ഗിറ്റാറുകളും കീ ബോർഡും ജയിലിനു സമ്മാനിച്ചു. മലയാള മനോരമ വാർത്തയെത്തുടർന്ന് ട്രസ്റ്റ് ചെയർപഴ്സനും എഐസിസി വക്താവുമായ ഡോ.ഷമ മുഹമ്മദാണ് ഇവ വാങ്ങി നൽകിയത്.
കണ്ണൂർ രാജനാണു കഴിഞ്ഞ 12 വർഷമായി തടവുകാരെ സൗജന്യമായി സംഗീതോപകരണങ്ങൾ പരിശീലിപ്പിച്ചിരുന്നത്. മുൻപ് സന്നദ്ധ സംഘടനകൾ വാങ്ങി നൽകിയതായിരുന്നു ഉപകരണങ്ങൾ. ഏഴു ഗിറ്റാറും ഒരു കീബോർഡുമാണുണ്ടായിരുന്നത്. ഇവ കേടായതോടെ പുതിയവ എങ്ങനെ വാങ്ങുമെന്നറിയാതെ വിഷമിച്ച രാജനു മനോരമ വാർത്തയാണു തുണയായത്. വാർത്ത ശ്രദ്ധയിൽപെട്ട ഡോ.ഷമ മുഹമ്മദ് രാജനെ വിളിക്കുകയും ഗിറ്റാറുകളും കീ ബോർഡും വാങ്ങി നൽകുകയുമായിരുന്നു. ഇവ ഇന്നലെ സെൻട്രൽ ജയിൽ ജോയിന്റെ സൂപ്രണ്ട് എൻ.രവീന്ദ്രന് രാജന്റെ സാന്നിധ്യത്തിൽ ഷമ കൈമാറി. ആവശ്യമായ മറ്റുപകരണങ്ങൾ ഉടൻ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും വിഷുദിനത്തിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്നു കണ്ണൂർ രാജൻ പറഞ്ഞു.