‘നിങ്ങളിനിയും ഡാന്‍സ് കളിക്ക്; ചൊറിയുന്നവരുടെ നെഞ്ചത്ത് കയറി കളിക്ക്’; ജാനകിയ്ക്കും നവീനും കട്ട സപ്പോർട്ട്
Mail This Article
തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് നൃത്തം കൊണ്ട് ജീവിതം മാറി മറിഞ്ഞ വിദ്യാർഥികളാണ് ജാനകിയും നവീനും. വിഡിയോ വൈറലായതോടെ പ്രമുഖരുൾപ്പടെയുള്ളവരുടെ പ്രശംസയും ഇരുവരെയും തേടിയെത്തി. ഇപ്പോഴിതാ ഡാൻസിനെക്കുറിച്ചുള്ള ചർച്ചകൾ മറ്റൊരു തലത്തിലേയ്ക്കു മാറിയിരിക്കുകയാണ്.
വിഡിയോ കണ്ട് സൗഹൃദം, നൃത്തം, കോളജ് ജീവിതം തുടങ്ങിയവയൊക്കെ ചർച്ചയാക്കേണ്ടതിനു പകരം മതത്തെ മുൻനിർത്തി ചർച്ച നയിക്കുകയാണ് ഒരു വിഭാഗം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നവീനിന്റേയും ജാനകിയുടേയും പേരിനോടു ചേർന്നുള്ള റസാഖ്, ഓം കുമാർ എന്നീ പേരുകൾ ചേർത്തു പിടിച്ച് മതത്തിന്റെ നിറം നൽകിയാണ് ഈ വിദ്യാർഥികളെ അവഹേളിക്കാൻ ചിലർ ശ്രമിച്ചത്.
ചർച്ച ചൂടുപിടിച്ചതോടെ ജാനകിയ്ക്കും നവീനും പിന്തുണ പ്രഖ്യാപിച്ച് താരങ്ങളും നേതാക്കളും ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇരുവരുടെയും ഗംഭീരചുവടുകളുടെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രമുഖർ പിന്തുണ അറിയിച്ചത്. ജാനകിയുടെയും നവീന്റെയും ചിത്രങ്ങള്‍ വാട്സാപ് സ്റ്റാറ്റസുകളായി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇരുവരെയും പിന്തുണച്ച് പലരും സമൂഹമാധ്യമങ്ങളിൽ ദീർഘമായ കുറിപ്പും പങ്കുവച്ചു. സംഗതി ഏറ്റെടുത്ത ട്രോളന്മാരും വിഷയം ഗംഭീരമായി കൈകാര്യം ചെയ്തു. നിങ്ങളിനിയും ഡാന്‍സ് കളിക്ക്, ചൊറിയുന്നവരുടെ നെഞ്ചത്ത് കയറി കളിക്ക് എന്നാണ് പിന്തുണച്ചെന്നുവര്‍ ഒന്നടങ്കം പറയുന്നത്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഗൗരവം കാത്തുസൂക്ഷിക്കേണ്ടവരാണെന്നും വിവിധ രോഗത്താൽ കഷ്ടപ്പെടുന്നവർ ആശ്രയിക്കുന്ന മെഡിക്കൽ കോളജുകൾ ആടാനും പാടാനും ഉള്ള സ്ഥലമല്ല എന്ന തരത്തിലുള്ള ആക്ഷേപവും ഉയർന്നിരുന്നു. ഇതിന് ഡോക്ടർമാർ അടക്കമുള്ളവർ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.