ADVERTISEMENT

കോവിഡ്  മഹാമാരി വിതച്ച ദുരിതങ്ങളിൽ നിന്നും ഇനിയും ലോകം കരകയറീട്ടില്ല. ഒരുവശത്ത് ലക്ഷക്കണക്കിന് ജനങ്ങളുടെ  ജീവനും ജീവസന്ധാരണമാർഗ്ഗങ്ങങ്ങളും  നഷ്ടപ്പെടുമ്പോൾ മറുവശത്ത് മാനസീകമായ ആകുലതകളും പ്രതിസന്ധികളും സർവ്വ ജന വിഭാഗങ്ങളിലും ഏറിവരികയാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ, യുവാക്കൾ എന്നിവരിലുണ്ടാകുന്ന മാനസീക സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള പരിശ്രമങ്ങളും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് പല മേഖലകളിലും രൂപപ്പെട്ടു വരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. 

 

കോവിഡ് ഭീഷണിയുടെ ആദ്യഘട്ടങ്ങളിൽ പ്രതിസന്ധികൾക്കും മാനസീക സംഘർഷങ്ങൾക്കും അയവു വരുത്തുന്നതിൽ ഓൺലൈൻ സംഗീത പരിപാടികൾ നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. ഭാഷകൾക്കും അതിർത്തികൾക്കപ്പുറവും വ്യത്യസ്ത സംഗീത രൂപങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നത് മാനവരാശിയുടെ അതിജീവനത്തിന്റെ അടയാളങ്ങളായി മാറി. 

 

ഈ പശ്ചാത്തലത്തിലാണ് ഏപ്രിൽ 17 ന്  'പാടാമൊന്നായി' എന്ന ഓൺലൈൻ സംഗീത പരിപാടിയുമായി ഒരു സംഘം ആളുകൾ മുന്നോട്ട് വരുന്നത്. സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റ് (എസ്.സി.എം.) എന്ന പ്രസ്ഥാനത്തിലൂടെ പല കാലഘട്ടങ്ങളിൽ പ്രവർത്തിച്ചവരുടെയും വിദ്യാർത്ഥികളുടെയും ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിൽ. സംഗീതജ്ഞരായ സന്തോഷ് ജോർജ് ജോസഫ്, ബാബു കോടംവേലിൽ എന്നിവരുടെ മുൻകൈയിൽ രൂപപ്പെട്ട ഈ സംഗീത കൂട്ടായ്മയിൽ 1980 കൾ മുതൽ രചിക്കപ്പെട്ട പാട്ടുകളാണ്  'പാടാമൊന്നായി' എന്ന പേരിൽ ഓൺലൈനിൽ അവതരിക്കപ്പെടുന്നത്. ക്രൈസ്തവ  പശ്ചാത്തലത്തിൽ രൂപപ്പെട്ടതാണ് അധികഗാനങ്ങളും എങ്കിലും ഭാഷയിലും ആലാപന രീതിയിലും മതേതരവും സാർവ്വത്രികവുമായ ഉള്ളടക്കം പാലിക്കുന്നതാണ് 'പാടാമൊന്നായി' എന്ന ഗാനശാഖയുടെ പ്രത്യേകത. 

 

ലോകമെമ്പാടും സർവ്വ മനുഷ്യരും അന്യോന്യം കരുതലും സ്നേഹവും ആഗ്രഹിക്കുന്ന വേളയിൽ അതിൽ തങ്ങളാലാകുന്ന ഇടമൊരുക്കുകയാണ് ഈ സംഗീത വിരുന്നിലൂടെയെന്നാണ് മുഖ്യ സംഘാടകരായ ഡോ. സോണിയ ജോർജ്, നെജു ജോർജ് എന്നിവർ പറയുന്നത്. അതിനാൽ തന്നെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ ഗാനാവതരണങ്ങൾ ഈ സംഗീതനിശയിൽ ഉണ്ടാകും. ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങൾ, തൊഴിലാളി പ്രസ്ഥാനങ്ങൾ, സ്ത്രീ പ്രസ്ഥാനങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങി പതിനഞ്ചോളം ഗായക സംഘങ്ങളാണ് ഈ മാസം പതിനേഴാം തിയതി വൈകിട്ട് ഏഴു മുതൽ ആരംഭിക്കുന്ന ഓൺലൈൻ സംഗീത വിരുന്നിൽ പങ്കെടുക്കുക. സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഈ പരിപാടിയിലേക്ക് 7827657306 എന്ന ഐഡിയും 12345 എന്ന പാസ്‌കോഡ് ഉപയോഗിച്ചും ആർക്കും പങ്കെടുക്കാവുന്നതാണ്. പ്രശസ്ത സാമൂഹിക പ്രവർത്തക മേധാ പട്കർ, പ്രശസ്ത സംഗീതജ്ഞ സുമംഗല ദാമോദരൻ,  സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതി, ബിഷപ്പ് തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്, സി.ജെ കുട്ടപ്പൻ തുടങ്ങി നിരവധി പ്രമുഖരും 'പാടാമോന്നായ്' സംഗീത സായാഹ്നത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com