വിമർശനങ്ങളോടു പൊരുതാൻ കെൽപ്പില്ലായിരുന്നു, മനസ്സിനെ തിരിച്ചു പിടിക്കാൻ കൗൺസിലിങ്: ബേബി ഡോൾ ഗായിക പറയുന്നു
Mail This Article
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ കാലത്തെ തിക്താനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് ഗായിക കനിക കപൂര്‍. ശാരീരിക അസ്വസ്ഥതകളെക്കാളുപരിയായി മാനസിക സംഘർഷങ്ങൾ നേരിടേണ്ടി വന്ന നാളുകളായിരുന്നു അതെന്ന് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കനിക വ്യക്തമാക്കി. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങളും അനാവശ്യ വിലയിരുത്തലുകളും നേരിടേണ്ടി വന്നു എന്നും ഓരോ ദിവസവും ഫോണിൽ വരുന്ന സന്ദേശങ്ങൾ മാനസികമായി ഏറെ അസ്വസ്ഥപ്പെടുത്തി എന്നും ഗായിക പറഞ്ഞു. ആ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും രക്ഷപെടാൻ ഏകദേശം ഒരു വർഷത്തോളം സമയമെടുത്തു എന്നും കനിക വെളിപ്പെടുത്തി.
‘കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ കാലം എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖവും അസ്വസ്ഥതയും നിറഞ്ഞ ഒന്നായിരുന്നു. എന്റെ ഫോണിൽ പല സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടു. അതൊന്നും ഒട്ടും സുഖകരമായവ ആയിരുന്നില്ല. അവയെല്ലാം എന്നെ വല്ലാതെ ബാധിച്ചു. എന്റെ ജീവിതവും കരിയറും അവസാനിച്ചു എന്നു പോലും നിരവധി പേർ വിധിയെഴുതി. എനിക്കെതിരെ ഉയർന്ന വിമർശനങ്ങളോടു പൊരുതാൻ കെൽപ്പില്ലാത്തു കൊണ്ട് സമൂഹമാധ്യമ അക്കൗണ്ടുകളുടെ ഉപയോഗം പോലും ഞാൻ കുറച്ചു കാലത്തേയ്ക്ക് ഒഴിവാക്കി. പഴയതു പോലെയുള്ള മാനസികാവസ്ഥയിലേയ്ക്കു തിരിച്ചെത്തുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. അതിനു വേണ്ടി കൗൺസിലിങ് സഹായം പോലും തേടേണ്ടി വന്നു. മാനസികാരോഗ്യം വീണ്ടെടുക്കാൻ എനിക്ക് ഒരു വർഷം വേണ്ടി വന്നു. പക്ഷേ ഇപ്പോൾ എനിക്കറിയാം ജീവിതം മുന്നോട്ടു പോവുക തന്നെ ചെയ്യും’, കനിക കപൂർ പറഞ്ഞു.
കോവിഡ് ചികിത്സയിൽ കഴിയവേ തനിക്കും മക്കൾക്കുമെതിരെ ഭീഷണികൾ ഉയർന്നു എന്നും മാനുഷിക പരിഗണനപോലും നൽകാതെയാണ് പലരും സംസാരിച്ചതെന്നും കനിക നേരത്തെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 20നാണ് കനിക കപൂറിന് കോവിഡ് സ്ഥിരീകരിച്ചത്. വിദേശ യാത്രയ്ക്കു ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ഗായിക രോഗവിവരം മറച്ചുവച്ച് ഉന്നതരുമായി പൊതു പരിപാടികളിൽ പങ്കെടുത്തു. ഇതിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നു. വൈറസ് ബാധയുണ്ടെന്നു വ്യക്തമായിട്ടും കരുതലെടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഗായികയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലധികം ചികിത്സയിലായിരുന്നു കനിക. ആറാം ഘട്ട പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.