‘വാജിദിന്റെ സ്വത്തിൽ അവകാശം എനിക്കും മക്കൾക്കും മാത്രം’; കോടതിയെ സമീപിച്ച് ഭാര്യ കമൽറുഖ്
Mail This Article
അന്തരിച്ച സംഗീതസംവിധായകൻ വാജിദ് ഖാന്റെ കുടുംബത്തിനെതിരെ ഭാര്യ കമൽറുഖ് ഖാൻ ഹൈക്കോടതിക്കു മുന്നിൽ. വാജിദിന്റെ പേരിലുള്ള സ്വത്തിൽ തനിക്കും മക്കൾക്കും മാത്രമാണ് അവകാശമെന്നും എന്നാൽ അക്കാര്യം അംഗീകരിക്കാൻ കുടുംബം തയ്യാറാകുന്നില്ല എന്നും കമല്‍റുഖ് ആരോപിച്ചു. 2012ൽ തന്റെയും മക്കളുടെയും പേരിൽ വാജിദ് സ്വത്തുക്കൾ എഴുതിവച്ചിരുന്നു എന്നും കമൽറുഖ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിലാണ് വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് വാജിദ് ഖാൻ അന്തരിച്ചത്.
സ്വത്ത് അവകാശത്തെക്കുറിച്ചുള്ള കമൽറുഖിന്റെ പരാതിയെത്തുടർന്ന് വാജിദ് ഖാന്റെ പേരിലുള്ള വസ്തുവകകള്‍ എന്തൊക്കെയാണെന്നു വെളിപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സാജിദിനോടും അമ്മ റസീനയോടും ബോംബെ ഹൈക്കോടതി നിർദ്ദേശിച്ചു. വാജിദിന്റെ പേരിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുന്നതിനു വേണ്ടി ഇടപെടൽ നടത്തിയതിന് കമൽറുഖ് കോടതിയോടു നന്ദി അറിയിക്കുകയും ചെയ്തു. ഇക്കാര്യം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വാജിദിന്റെ സ്വത്തിലുള്ള തന്റെ മക്കളുടെ അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ വിജയത്തിന്റെ തൊട്ടടുത്തു വരെ എത്തിയതിന്റെ ആശ്വാസവും കമൽറുഖ് ഖാൻ പ്രകടിപ്പിച്ചു.
ദീർഘ കാലത്തെ പ്രണയത്തിനു ശേഷം 2003ൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വാജിദ് ഖാനും കമൽറുഖും വിവാഹിതരായത്. രണ്ടുപേർക്കും താന്താങ്ങളുടെ വിശ്വാസം തുടരാനുള്ള അവകാശം ഉണ്ടായിരുന്നിട്ടും വിവാഹശേഷം വാജിദിന്റെ വീട്ടുകാർ തന്നെ മതപരിവർത്തനത്തിനു നിർബന്ധിച്ചു എന്നും തന്റെ ചെറുത്തു നിൽപ്പുകൾ വിവാഹജീവിതത്തെ ബാധിച്ചു എന്നും കമൽറുഖ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വാജിദ് മരിച്ചിട്ടും അദ്ദഹത്തിന്റെ കുടുംബം തന്നോടുള്ള ക്രൂരത അവസാനിപ്പിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി. കമൽറുഖിന്റെ തുറന്നു പറച്ചിലിനു പിന്നാല പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. വാജിദ് ഖാനും കമൽറുഖിനും പതിനാറും ഒൻപതും വയസ്സുള്ള രണ്ടു മക്കളാണ് ഉള്ളത്.