കോവിഡ്: സംഗീതസംവിധായകൻ ശ്രാവൺ റാത്തോഡ് അന്തരിച്ചു
Mail This Article
നദീം–ശ്രാവണ്‍ സംഗീതസംവിധായക ജോടിയിലെ ശ്രാവൺ റാത്തോഡ് (66) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. വൈറസ് ശ്വാസകോശത്തെ ബാധിച്ചതോടെ ചികിത്സകളോടു പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
ശ്രാവൺ റാത്തോഡിന്റെ മകന്‍ സഞ്ജീവ് ആണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ശ്രാവൺ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്നും മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണം എന്നും സഞ്ജീവ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും നദീം–ശ്രാവൺ കൂട്ടുകെട്ടിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പുറത്തുവന്നു. ‘ആഷിക്വി എന്ന ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റ് ആയിരുന്നു. സാജൻ, സഡക്, പർദേസ്, രാജാ ഹിന്ദുസ്ഥാനി തുടങ്ങിയ സിനിമകൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. 2005ലാണ് കൂട്ടുകെട്ട് പിരിഞ്ഞത്.
ശ്രാവണിന്റെ അപ്രതീക്ഷിത വിയോഗം സംഗീതരംഗത്തെ തളർത്തി. സലിം മെർച്ചന്റ്, ശ്രേയ ഘോഷാൽ, അദ്നാൻ സമി തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമക്കുറിപ്പ് പങ്കിട്ടു. സംഗീതസംവിധായകൻ എന്നതിലുമപ്പുറം മികച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം എന്നും ഈ വേർപാട് സംഗീതരംഗത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമായി അവശേഷിക്കുമെന്നും പ്രമുഖർ കുറിച്ചു.