ശ്രാവൺ റാത്തോഡിന്റെ സംസ്കാരം നടത്തി
Mail This Article
കോവിഡ് ബാധിച്ചു മരിച്ച സംഗീതസംവിധായകൻ ശ്രാവൺ റാത്തോഡി (66)ന്റെ സംസ്കാരം നടത്തി. ഭാര്യ വിമലയും മകൻ സഞ്ജീവ് റാത്തോഡും കോവിഡ് ചികിത്സയിലാണ്. മറ്റൊരു മകനായ ദർശൻ ആണ് പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.
നദീം–ശ്രാവൺ സംഗീതസംവിധായക കൂട്ടുകെട്ടിൽ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒട്ടേറെ ഹിറ്റ് ഗാനങ്ങളുണ്ടായി. ‘ആഷിക്വി’ എന്ന ചിത്രത്തിലെ ഗാനങ്ങൾ വൻ ഹിറ്റ് ആയിരുന്നു. സാജൻ, സടക്, പർദേസ്, രാജ ഹിന്ദുസ്ഥാനി തുടങ്ങിയ സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. 2005ലാണ് ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞത്.
ശ്രാവണിന്റെ അപ്രതീക്ഷിത വിയോഗം സംഗീതരംഗത്തെ തളർത്തി. സലിം മെർച്ചന്റ്, ശ്രേയ ഘോഷാൽ, അദ്നാൻ സമി തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമക്കുറിപ്പ് പങ്കിട്ടു. സംഗീതസംവിധായകൻ എന്നതിലുമപ്പുറം മികച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം എന്നും ഈ വേർപാട് സംഗീതരംഗത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമായി അവശേഷിക്കുമെന്നും പ്രമുഖർ കുറിച്ചു.