ADVERTISEMENT

സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആക്‌ഷൻ ത്രില്ലർ ‘രാധെ’യിൽ പാട്ടൊരുക്കിയതിന്റെ അനുഭവം പങ്കിട്ട് സംഗീതസംവിധായകൻ സാജിദ് ഖാൻ. സഹോദരനും സംഗീതസംവിധാനത്തിലെ സാജിദിന്റെ പങ്കാളിയുമായിരുന്ന വാജിദിന്റെ അകാല വിയോഗത്തിനു ശേഷം സാജിദ് ആദ്യമായി സംഗീതം ഒരുക്കുന്ന ചിത്രമാണ് ‘രാധെ’. ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്ക് ഈണം കൊടുക്കുന്ന പ്രൊജക്ടും ഇതു തന്നെ. ചിത്രത്തിൽ സാജിദ് ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. സഹോദരന്‍ ഒപ്പമില്ലാതെയുള്ള ആദ്യ പ്രൊജക്ടിനെക്കുറിച്ച് വികാരാധീനനായാണ് സാജിദ് പ്രതികരിച്ചത്. 

 

‘വാജിദിനെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് എനിക്കു വിവരിക്കാൻ കഴിയുന്നില്ല. അവൻ ഒപ്പമില്ലാതെ ഞാൻ ആദ്യമായി ഒറ്റയ്ക്കു സംഗീതം ചെയ്തു. വാജിദിന്റെ അസാന്നിധ്യം ഓരോ നിമിഷവും എന്നെ വേദനിപ്പിക്കുന്നു. രാധെയ്ക്കു വേണ്ടി സംഗീതം ഒരുക്കുക എന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. കാരണം, പാട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്ന ഓരോ ദിവസവും എനിക്കു ചുറ്റുമുള്ളവർ വാജിദിനെക്കുറിച്ചാണ് സംസാരിച്ചിരുന്നത്. ആ നിമിഷങ്ങളൊക്കെ എന്നെ വീണ്ടും വേദനിപ്പിച്ചു. എനിക്കു കരച്ചിൽ അടക്കാനേ കഴിഞ്ഞില്ല. അവനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കു ചെവികൊടുക്കാതെ ഞാൻ മനഃപ്പൂർവം ഒഴിഞ്ഞു മാറുകയായിരുന്നു. പാട്ടൊരുക്കുന്ന നേരത്ത് അവൻ എന്റെ ഒപ്പം തന്നെയുള്ളതായി തോന്നി. അതായിരുന്നു എന്റെ ധൈര്യം’. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സാജിദ് പറഞ്ഞു. 

 

‘രാധെ’ സിനിമയുടെ വർക്ക് ഏറ്റെടുക്കാന്‍ എല്ലാവിധ ആത്മവിശ്വാസവും നൽകി കൂടെ നിന്നത് സൽമാൻ ഖാൻ ആണെന്ന് സാജിദ് പറഞ്ഞു. ബോളിവുഡിലെ ഇരട്ട സംഗീതസംവിധായകരായ സാജിദും വാജിദും സൽമാൻ ഖാനു വേണ്ടിയായിരുന്നു ഭൂരിഭാഗം ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. സൽമാനുമായുള്ള പരിചയമാണ് ഇരുവരെയും സിനിമയിലെത്തിച്ചതും ഇരുവർക്കും വ്യക്തമായ മേൽവിലാസം ഉണ്ടാക്കിക്കൊടുത്തതും. സാജിദ്–വാജിദ് സഹോദരന്മാരും സൽമാനും തമ്മിൽ വളരെ അടുത്ത സൗഹൃദവും നിലനിന്നിരുന്നു. സൽമാൻ ഖാൻ തനിക്ക് ജ്യേഷ്ഠനെപ്പോലെയാണെന്ന് വാജിദ് പൊതു വേദികളിലും അഭിമുഖങ്ങളിലും പല തവണ ആവർത്തിച്ചിട്ടുണ്ട്. 

 

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ കഴിയവേ കഴിഞ്ഞ വർഷം ജൂണിലാണ് വാജിദ് ഖാൻ വിടവാങ്ങിയത്. 2019ല്‍ വാജിദിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിരുന്നു. ആരോഗ്യവാനായി ജീവിതത്തിലേയ്ക്കു മടങ്ങി വരുന്നതിനിടയിലാണ് കഴിഞ്ഞ വർഷം രോഗം മൂർചിഛിച്ചത്. തുടർന്ന് 42ാം വയസ്സിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com