'ആ പാട്ട് റിലീസായതിനു ശേഷം പോസ്റ്റ്മാനിൽ നിന്ന് കേട്ട ചീത്തവിളിക്ക് കണക്കില്ല'; ചിത്രത്തിലെ പാട്ടും ഷിബു ചക്രവർത്തിയും
Mail This Article
ഓര്‍മ്മകളുടെ റീല്‍ തിരിയുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ചിത്രത്തിന് 33 വര്‍ഷത്തെ പഴക്കമുണ്ട്. അന്ന് മദ്രാസിലെ പാംഗ്രൂവ് ഹോട്ടലില്‍ മടിയില്‍ തലയിണയും വച്ച് ഷിബു ചക്രവർത്തി മനോഹരമായ ഒരു ഈണത്തിന് കാതോർക്കുകയാണ്. പ്രിയദര്‍ശന്റെ 'ചിത്ര' ത്തിലേക്കു പാട്ടെഴുതണം. കണ്ണൂര്‍ രാജനെന്ന സംഗീത സംവിധായകന്‍ നാടോടി ശൈലിയിൽ പാട്ടിന് ഈണമിട്ടു വച്ചിട്ടുണ്ട്. പാട്ടിന് പൊട്ടു കുത്താനൊരു വാക്കു വേണം. അധികം വൈകാതെ തന്നെ മനസ്സിന്റെ താളിലേക്ക് പൊന്‍തിളക്കമുള്ള ആ വാക്ക് പൊഴിഞ്ഞു 'മാണിക്യ ചെമ്പഴുക്ക'. നാടോടി സാഹിത്യത്തിലുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് പുതുമ തോന്നുന്ന ആ വാക്കിനൊപ്പം മനസ്സ് ഒഴുകിത്തുടങ്ങി.
'ദൂരെ കിഴക്ക് ദിക്കിന്‍ മാണിക്യ ചെമ്പഴുക്ക..
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍
നല്ല തളിര്‍ വെറ്റില നുള്ളി വെള്ളം തളിച്ചുവെച്ചേ
തെക്കന്‍ പുകല നന്നായ് ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ...'
27കാരനാണെങ്കിലും അന്ന് വെറ്റില മുറുക്കുന്ന ശീലമുണ്ടായിരുന്നതിനാല്‍ തെക്കന്‍ പുകയിലയും വടക്കന്‍ പുകയിലയുമൊക്കെ നല്ല പരിചയമാണ് ഷിബു ചക്രവര്‍ത്തിക്ക്. വെറ്റിലയില്‍ പ്രണയം തേച്ച് പാട്ട് പ്രേമസല്ലാപങ്ങൾ തുടങ്ങി. മംഗല്യപ്പുഴയെന്നൊരു സ്വപ്‌നഗ്രാമത്തില്‍ വിഷ്ണുവിന്റെയും കല്യാണിക്കുട്ടിയുടെയും പ്രണയനാടകം പൊടിപൊടിക്കുകയാണ്. ആ യുവമിഥുനങ്ങളുടെ കിന്നാരങ്ങൾ ചോദ്യോത്തരങ്ങളായി മുന്നിലെ കടലാസിലേക്ക് വാര്‍ന്നു വീണു.
'ഇനി നീ എന്നെന്റെ അരികില്‍ വരും
കിളിപാടും ഒരു രാവില്‍ ഞാനരികില്‍ വരും
പറയൂ നീ മൃദുമേനി എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ ചുണ്ടത്ത് മുത്തം തരും'
ചരണം പൂര്‍ത്തിയാക്കാന്‍ ഒരു വരികൂടി ബാക്കിയുള്ളപ്പോള്‍ മുറിയിലേക്കു ദാ വരുന്നു പ്രിയദര്‍ശന്‍. എഴുതിയതത്രയും വായിച്ച് പ്രിയദര്‍ശന്‍ ഒരു കൊനുഷ്ട് ചോദ്യമെറിഞ്ഞു. 'ഇനി താന്‍ എന്തെഴുതും?' ആഹാ! ഒരു പെണ്ണിനെ കെട്ടിപ്പിടിച്ച് ചെന്തളിര്‍ ചുണ്ടത്ത് മുത്തം കൊടുക്കുമല്ലേ? കാണട്ടെ ഇനി താന്‍ എന്തെഴുതും?' കൈയാംഗ്യവുമായി പ്രിയന്റെ ചോദ്യം. ''പെട്ടു പോയി.. പണി കിട്ടി എന്നു മനസ്സിലായത് അപ്പോഴാണ്''. പാട്ടെഴുത്തിന്റെ പഴയ കാല മോർത്ത് ഷിബു ചക്രവര്‍ത്തി പൊട്ടിച്ചിരിച്ചു.
ഒരടി പോലും പിന്നോട്ട് വയ്ക്കാനാവാത്ത അവസ്ഥ. മുന്നോട്ടുള്ള ചുവട് സൂക്ഷിച്ച് വച്ചില്ലെങ്കില്‍ എല്ലാം കയ്യില്‍ നിന്നും പോവും. ഇനി വികാരം കൊണ്ടിട്ട് കാര്യമില്ല ബുദ്ധി മാത്രമേ രക്ഷിക്കൂ എന്ന് മനസ് മന്ത്രിച്ചു.
''കാണട്ടെ കാണട്ടെ ഇനിയുമെന്തെഴുതും'' പ്രിയദര്‍ശന്‍ പ്രകോപനം തുടർന്നു. രണ്ടും കല്‍പിച്ച് ഒരു വരികൂടിയെഴുതി പ്രിയന് നീട്ടി.
'ഒരു കൃഷ്ണതുളസിപ്പൂ നുള്ളിമുടിത്തുമ്പില്‍ ചാര്‍ത്തിതരും.'
പ്രണയത്തിനും ഒരു പടി മുകളിലേക്കു പോയ ആ വരികണ്ട് മുഖം തെളിഞ്ഞ് പ്രിയൻ ഗംഭീരമെന്ന് കയ്യടിച്ചു. എന്തോ ഒരു ഭാഗ്യത്തിന് അപ്പോൾ അങ്ങനെ ഒരു വരി കിട്ടി, പാട്ട് ഹിറ്റാവുമെന്ന് റെക്കോർഡിങ് സമയത്ത് തന്നെ എല്ലാവരും പറഞ്ഞിരുന്നു. പാട്ട് പുറത്തു വന്നശേഷം പോസ്റ്റ്മാനൊക്കെ ചീത്തവിളിയായിരുന്നു. കെട്ടുകണക്കിന് കത്തുകളാണ് വന്നു കൊണ്ടിരുന്നത്. ഇന്നത്തെപ്പോലെയുള്ള ആശയ വിനിമയ മാര്‍ഗങ്ങളൊന്നുമില്ലല്ലോ. ഞാന്‍ മിക്കപ്പോഴും വീട്ടിലുണ്ടാവില്ല. പ്രേമലേഖനമൊക്കെ ഇഷ്ടം പോലെ വന്നിരുന്നു. പറഞ്ഞിട്ടെന്താ എന്റെ നാലു സഹോദരിമാരും ചേര്‍ന്ന് വീട്ടില്‍ ഒരു സെന്‍സര്‍ ബോര്‍ഡുണ്ടാക്കി. കത്തൊക്കെ ഗംഭീരമായി എഡിറ്റ് ചെയ്താണ് കിട്ടിയത്. പലതും മുക്കിയിട്ടുമുണ്ട്" ഷിബു ഓർത്തോർത്ത് ചിരിച്ചു.
എന്തായാലും കാലത്തിന്റെ കുതിപ്പിനൊപ്പം മുന്നോട്ട് തന്നെ കുതിക്കുകയാണ് ഈ ഗാനം. പാട്ടിന്റെ അണിയറക്കാരൊക്കെ മധ്യവയസ്സിലെത്തിമ്പോഴും എന്നും പതിനാറാണ് ഈ പാട്ടിന് .സ്‌ക്രീനില്‍ കുസൃതിയും കുറുമ്പുമായി മോഹന്‍ലാലും രഞ്ജിനിയും ആടിത്തിമിര്‍ക്കുമ്പോള്‍ അണിയറയില്‍ എം.ജി ശ്രീകുമാറും സുജാത മോഹനും പാടിത്തിമിര്‍ക്കുക തന്നെയായിരുന്നു. മോഹന്‍ലാലിന്റെ ചിരിയും മാനറിസങ്ങളും കൂടി എംജി ശ്രീകുമാര്‍ പാട്ടില്‍ കൊണ്ടുവന്നത് പുതുമയായി. ലാലിനു വേണ്ടി പാടിയ പാട്ടുകളില്‍ ഏറെയിഷ്ടം ഈ മാണിക്യചെമ്പഴുക്കയോടാണെന്ന് എം.ജി. ശ്രീകുമാറും പറഞ്ഞിട്ടുണ്ട്.
സിനിമയിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് ഹിറ്റായെങ്കിലും ആസ്വാദകർക്ക് പ്രിയം കൂടുതൽ മാണിക്യചെമ്പഴുക്കയോടാണ്. ഇന്നും ഈ പാട്ടിനോടുള്ള ഇഷ്ടം ആരാധകർ പങ്കുവയ്ക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അക്കൂട്ടത്തിൽ പുതു തലമുറക്കാരുമുണ്ട്. ദൂരെ കിഴക്കുദിക്കിന്‍ എന്ന വാക്ക് ദൂരെ കിഴക്കുദിക്കും എന്നമട്ടിലാണ് പാടി പതിഞ്ഞത്. പഴുത്ത അടയ്ക്കയാണ് മാണിക്യ ചെമ്പഴുക്ക. ഉദിച്ചു വരുന്ന സൂര്യനെ പഴുത്ത അടയ്ക്കയായാണ് സങ്കല്‍പിച്ചിരിക്കുന്നത്. കഥാ സന്ദര്‍ഭവുമായി വലിയ ബന്ധമില്ല പാട്ടിന്. എന്നാല്‍ മെലഡിയില്‍ നാടോടി സ്പര്‍ശം നല്‍കുന്ന ഷിബു ചക്രവര്‍ത്തി മാജിക് ഈ പാട്ടിന് ഒരു പുതിയ ഭാവം നല്‍കി. കണ്ണൂര്‍ രാജന്റെ ഈണത്തിലെ നാടോടിത്തനിമ വരികളിലും നിറഞ്ഞപ്പോള്‍ പാട്ടിനും ഉണര്‍വായി.
1988ലാണ് മലയാളസിനിമ ചരിത്രത്തിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൊന്നായ 'ചിത്രം' റിലീസാവുന്നത്. ക്രിസ്മസ് റിലീസായി ഇറങ്ങിയ പ്രിയദർശൻ മോഹൻലാൽ ടീമിന്റെ ഈ ചിത്രം പല തീയറ്ററുകളിലും 365 ദിവസത്തോളം ഓടി. എറണാംകുളം ലിറ്റില്‍ ഷേണായീസില്‍ 400 ദിവസം ഓടി ചിത്രം ചരിത്രം കുറിക്കുകയും ചെയ്തു. പ്രേക്ഷകരെ വീണ്ടും വീണ്ടും തീയറ്ററിലോടിക്കുന്ന രസക്കൂട്ടുകളുമായാണ് പ്രിയദർശൻ ചിത്രമൊരുക്കിയത്. അതിശയോക്തി നിറഞ്ഞ ആ കഥയ്ക്കു പൊലിമ കൂട്ടുന്നതരത്തിലായിരുന്നു പാട്ട് ചിത്രീകരണവും. ഈ സിനിമയില്‍ ഷിബു ചക്രവര്‍ത്തി എഴുതിയ പാടം പൂത്ത കാലം, ഈറന്‍ മേഘം, കാടുമീ നാടുമെല്ലാം എന്നീ ഗാനങ്ങള്‍ക്കു പുറമെ, സ്വാമിനാഥ, നഗുമോ എന്നീ കീര്‍ത്തനങ്ങളും ഹിറ്റായിരുന്നു. ശ്രീനിവാസന്റെ കഥയ്ക്ക് പ്രിയദര്‍ശനാണ് തിരക്കഥ ഒരുക്കിയത്.