ആസ്വാദക ഹൃദയങ്ങളിലേക്ക് വിരിഞ്ഞിറങ്ങിയ ‘മഴവില്ല്’
Mail This Article
മലയാള ആൽബങ്ങളുടെ സുവർണകാലമായിരുന്നു തൊണ്ണൂറുകൾ. ആൽബങ്ങളെയും അതിലെ കഥാപാത്രങ്ങളുമൊക്കെ മലയാളികൾ നെഞ്ചേറ്റി നടന്ന കാലം. പിന്നീട് വഴിമാറി സഞ്ചരിച്ച മലയാളിയുടെ ആസ്വാദന ശീലത്തെ, ആ സുവർണ കാലത്തെ ഓർമിപ്പിക്കുമാറ് കടലേഴും താണ്ടി ഒരു മനോഹര സംഗീത ആൽബം എത്തിയിരിക്കുന്നു–മഴവില്ല്.
പവിഴ ദ്വീപായ ബഹ്‌റൈനിൽനിന്ന് ഒരു കൂട്ടം പ്രവാസി കലാകാരന്മാർ ചേർന്നൊരുക്കിയ ഈ സംഗീത ആൽബം നമ്മുടെ കണ്ണുകളെയും കാതുകളെയും പഴയ ആ സുവർണ ഗാനങ്ങളുടെ കാലത്തേക്കു കൂട്ടികൊണ്ടു പോകുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള സംഗീത പ്രേമികൾ ഇതിനകം തന്നെ ഈ വർണ്ണ മഴവില്ലിനെ ഏറ്റെടുത്തു കഴിഞ്ഞു.
ആർകെ മ്യൂസിക്കിന്റെ ബാനറിൽ രജി കെ വീട് നിർമ്മിച്ച് കോൺവെക്സ് മീഡിയ ബഹ്റൈൻ അണിയിച്ചൊരുക്കിയ ‘മഴവില്ലി’ലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രവാസ ലോകത്തെ ശ്രദ്ധേയ ഗായിക രോഷ്‌നി രജിയാണ്. രഞ്ജിഷ് മുണ്ടയ്ക്കൽ ആശയവും സംവിധാനവും ചിത്രസംയോജനവും നിർവഹിച്ച മഴവില്ലിന്റെ ഛായാഗ്രഹണം അജിത് നായരാണ്. ആ ദൃശ്യ ചാരുതയ്ക്കു മാറ്റുകൂട്ടുമാറ് ഇരട്ട സഹോദരിമാരായ ഗോപികാ ബാബു, ദേവികാ ബാബു എന്നിവർ ഗംഭീര പ്രകടനമാണ് ആൽബത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഇവരെ കൂടാതെ മനു കൃഷ്ണകുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
പ്രശസ്ത കവയിത്രി ശ്രീലക്ഷ്മിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് മനു മോഹനനാണ്. ഷിബിൻ പി. സിദ്ദിക്കിന്റെ (ഡ്രീംസ് ഡിജിറ്റൽ മീഡിയ) മനോഹരമായ പശ്ചാത്തലസംഗീതത്തിലും റിക്കാർഡിങ്ങിലും പുറത്തിറങ്ങിയ ഈ ആൽബത്തിൽ കെ.ജെ.ലോയിഡ് (ശലഭം സ്റ്റുഡിയോ അടൂർ), ശശി കുന്നിട, ഗൗതം മഹേഷ്, അനഘ ശരത് എന്നിവർ അണിയറയിലും പിന്നണിയിലും പങ്കാളികളായി.